ടൈറ്റാനിക്കിന് പിന്നാലെ ടൈറ്റനും; ആഴക്കടലിലെ സ്ഫോടനത്തിന് പിന്നിൽ എന്ത്?

വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ ഏകദേശം 3800 മീറ്റർ (12400 അടി) താഴ്ചയിലാണ് ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങളുളളത്
ടൈറ്റാനിക്കിന് പിന്നാലെ ടൈറ്റനും; ആഴക്കടലിലെ സ്ഫോടനത്തിന് പിന്നിൽ എന്ത്?

വാഷിങ്ടൺ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ തേടി യാത്ര തിരിച്ച ടൈറ്റനും അറ്റ്ലാന്റിക്കിൽ തകർന്നടിഞ്ഞെന്ന ഞെട്ടിക്കുന്ന വാർ‌ത്തയാണ് കഴിഞ്ഞ ദിവസം യുഎസ് കോസ്റ്റ് ​ഗാർഡ് അറിയിച്ചത്. ടൈറ്റാനിക്കിനെ ലക്ഷ്യമാക്കി നീങ്ങിയ ടൈറ്റനുമായുളള ബന്ധം വിച്ഛേദിക്കപ്പെട്ടതോടെയാണ് പേടകത്തിനായി തിരച്ചിൽ ആരംഭിച്ചത്. ഉ​ഗ്രശക്തിയുളള സ്ഫോടനത്തിലൂടെയാണ് പേടകം തകർന്നതെന്നും സാഹസികത നിറഞ്ഞ ആ യാത്രയിലുണ്ടായിരുന്ന അഞ്ചു പേരും മരണമടഞ്ഞെന്നും യുഎസ് സ്ഥിരീകരിച്ചു.

ദുബായിലെ ബ്രിട്ടീഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനി ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി എൻ​ഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ടൈറ്റന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെന്ററി നാർസലേ, ഓഷൻ​ഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു മരിച്ചത്. സമുദ്രോപരിതലത്തിൽ നിന്ന് നാല് കിലോമീറ്റർ താഴെ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് പേടകം തകർന്നുവെന്ന സൂചന നൽകിയത്.

ടൈറ്റന്റെ തകർച്ചയ്ക്ക് പിന്നിൽ എന്ത്?

കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിലെ സെന്റ് ജോൺസ് തുറമുഖത്ത് നിന്ന് ജൂൺ 18ന് ആണ് ടൈറ്റൻ പേടകം സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് സഞ്ചരിച്ചത്. സമുദ്രോപരിതലത്തിൽ നിന്നിരുന്ന എംവി പോളാർ പ്രിൻസ് കപ്പലുമായി ഓരോ 15 മിനിറ്റിലും പേടകം ആശയവിനിമയം നടത്തിയിരുന്നു. ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതോടെയാണ് പേടകത്തിനായി യുഎസ്, കാനഡ, ഫ്രഞ്ച് ഏജൻസികൾ തിരച്ചിൽ ആരംഭിച്ചത്.

ടൈറ്റൻ പേടകം ആഴക്കടൽ പര്യവേക്ഷണത്തിന് യോജിച്ചതല്ലെന്നുളള ആരോപണം ഇതിനകം ഉയർന്നിട്ടുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യരില്ലാത്ത അന്തർവാഹിനികൾക്ക് മാത്രമേ എത്തിച്ചേരാൻ പറ്റുകയുളളുവെന്നും വിദ​ഗ്ധർ പറയുന്നു. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ ഏകദേശം 3800 മീറ്റർ (12400 അടി) താഴ്ചയിലാണ് ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങളുളളത്. ഇവിടെ ജലത്തിന്റെ മർദ്ദം ഒരു ചതുരശ്ര ഇഞ്ചിന് ഏകദേശം 6,000 പൗണ്ട് ആണ്. സമുദ്രത്തിന്റെ ശരാശരി അന്തരീക്ഷ മർദ്ദം 14.7 ആണ്. ഭൂമിയിൽ നാം അനുഭവിക്കുന്നത് ഒരു അന്തരീക്ഷ മർദ്ദം (എടിഎം) ആണ്. കടലിൽ ഓരോ പത്ത് മീറ്ററിലും മർദ്ദത്തിൽ വ്യത്യാസം വരും. സമുദ്രത്തിന്റെ അടിത്തട്ടിലുളള മർദ്ദം മൂലമാണ് ടൈറ്റൻ തകർന്നതെന്ന് വിദ​ഗ്ധർ‌ അഭിപ്രായപ്പെടുന്നു.

രൂപം തന്നെ അപകടകരം, ആഴക്കടലിലിറക്കാൻ കഴിയില്ല

ഓഷ്യൻ ​ഗേറ്റ് എന്ന കമ്പനിയാണ് ടൈറ്റൻ നിർമ്മിച്ചിട്ടുളളത്. ടൈറ്റന്റെ സുരക്ഷയിൽ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ച് ഓഷ്യൻ ​ഗേറ്റിന്റെ മുൻ ഓപ്പറേഷൻസ് ഡയറക്ടർ ഡേവിഡ് ലോക്റിഡ്ജ് രം​ഗത്തെത്തിയിരുന്നു. പുതിയ സംഘത്തിന് പേടകം കൈമാറുന്നതിന് മുമ്പ് കൂടുതൽ പരിശോധനകൾ നടത്തണമെന്നും ആഴക്കടലിൽ എത്തിയാൽ യാത്രക്കാർക്ക് ഉണ്ടാകുന്ന അപകടത്തെ കുറിച്ചും ലോക്റിഡ്ജ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അപകടത്തിൽ മരിച്ച, കമ്പനിയുടെ സിഇഒ സ്റ്റോക്ടൺ റഷ് ഇതിന് തയ്യാറായില്ലെന്ന് ലോക്റിഡ്ജ് ആരോപിച്ചു.

ആഴത്തിലേക്ക് പോയാൽ മർദ്ദത്തെ മറികടക്കാനുളള ശേഷി പേടകത്തിന്റെ പുറംതോടിനില്ലെന്ന് കാണിച്ച് ലോക്റിഡ്ജ് 2018 ൽ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഷ്യൻ ​ഗേറ്റിലെ തന്റെ ജോലി പോയതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. പേടകത്തിന്റ രൂപം തന്നെ അപകടകരമായിരുന്നെന്ന് ടൈറ്റാനിക്ക് സിനിമയുടെ സംവിധായകനും സമുദ്ര പേടക നിർമ്മാണ കമ്പനിയുടെ ഉടമയുമായ ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു.

അന്തരീക്ഷ മർ‌ദ്ദം വർധിക്കുന്നതിനാൽ വെളളത്തിന്റ അകത്തുളള മർ‌ദ്ദം 10,000 ടണ്ണിൽ അധികമാണ്. ടൈറ്റൻ പേടകത്തിന്റെ ഉൾവശത്തുളള 1.5 മർദ്ദത്തെ പുറത്തുളള 350 അന്തരീക്ഷ മർദ്ദം ഞെരുക്കുമ്പോൾ ഉളളിലുണ്ടാകുന്ന ചെറിയ തകരാർ പോലും സ്ഫോടനത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നു. പേടകത്തിന്റെ പുറംതോടിനെ സമുദ്രത്തിന്റ മർദ്ദം ഞെരുക്കിയതാണ് അപകടത്തിന് കാരണമായതെന്ന് ലണ്ടൻ ഇംപീരിയൽ കോളേജിലെ പ്രൊഫസർ റൊഡ്റിക്ക് സ്മിത്ത് ഇന്ത്യ ടുഡേയോട് പറഞ്ഞു. അന്വേഷണം പൂർണമായി നടത്താൻ പേടകത്തിന്റെ അവശിഷ്ടങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com