'ടൈറ്റനെ കുറിച്ചുളള മുന്നറിയിപ്പുകൾ കമ്പനി സിഇഒ ആവർത്തിച്ചു നിരസിച്ചു'; സന്ദേശം പുറത്ത്

'ടൈറ്റനെ കുറിച്ചുളള മുന്നറിയിപ്പുകൾ കമ്പനി സിഇഒ ആവർത്തിച്ചു നിരസിച്ചു'; സന്ദേശം പുറത്ത്

'ആഴത്തിലേക്ക് പോയാൽ മർദ്ദത്തെ മറികടക്കാനുളള ശേഷി പേടകത്തിന്റെ പുറംതോടിനില്ല'

വാഷിങ്ടൺ: അറ്റ്ലാന്റിക്കിൽ തകർന്ന ടൈറ്റന്റെ സുരക്ഷയെക്കുറിച്ചുളള മുന്നറിയിപ്പുകൾ അപകടത്തിൽ മരിച്ച, കമ്പനിയുടെ സിഇഒ സ്റ്റോക്ടൺ റഷ് ആവർ‌ത്തിച്ച് നിരസിച്ചതായി ബിബിസി റിപ്പോർട്ട്. ഇത് സംബന്ധിച്ച് ആഴക്കടൽ പര്യവേക്ഷണ വിദ​ഗ്ധൻ റോബ് മക്കല്ലം സ്റ്റോക്ടൺ റഷിന് അയച്ച ഇ-മെയിലുകൾ ബിബിസി പുറത്തുവിട്ടു.

2018 മാർച്ചിലാണ് റോബ് മക്കല്ലം സ്റ്റോക്ടൺ റഷിന് സന്ദേശമയച്ചത്. പേടകം സ്വതന്ത്ര്യ ഏജൻസിയുടെ പരിശോധനക്കായി ഏൽപ്പിക്കണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും പര്യവേക്ഷണം നിർത്തിവെക്കണമെന്നും റോബ് മക്കല്ലം സ്റ്റോക്ടൺ റഷിന് അയച്ച സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. കമ്പനി മേധാവികളും തൊഴിലാളികളും സ്വയം അപകടത്തിലേക്ക് പോവുകയാണ്. ടൈറ്റാനിക്കിന്റെ അടുത്തെത്താൻ കഴിയില്ലെന്നും അന്ന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ റോബ് മക്കല്ലം പറഞ്ഞിരുന്നു.

പരിശോധനയ്ക്കും പരീക്ഷണങ്ങൾക്കും വിധേയമാക്കിയതിന് ശേഷം മാത്രം ആഴക്കടൽ പര്യവേക്ഷണത്തിന് പേടകം ഉപയോ​ഗിച്ചാൽ മതിയെന്നും റോബ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓഷ്യൻ ​ഗേറ്റിന്റെ അഭിഭാഷകർ നിയമനടപടികളിലൂടെ ഭീഷണിപ്പെടുത്തിയതോടെ താൻ ഇതിൽ നിന്നും പിന്മാറിയെന്ന് റോബ് പറഞ്ഞു.

ടൂറിസ്റ്റുകൾക്ക് യാത്രയൊരുക്കുന്നതിന് മുമ്പ് ടൈറ്റനെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കമ്പനിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്പനി ഇത് ഒരിക്കലും മുഖവിലക്കെടുത്തില്ലെന്നും റോബ് മക്കല്ലം ബിബിസിയോട് പറഞ്ഞു. സമാനമായ ആരോപണവുമായി ഓഷ്യൻ ​ഗേറ്റിന്റെ മുൻ ഓപ്പറേഷൻസ് ഡയറക്ടർ ഡേവിഡ് ലോക്റിഡ്ജും രംഗത്തെത്തിയിരുന്നു. പുതിയ സംഘത്തിന് പേടകം കൈമാറുന്നതിന് മുമ്പ് കൂടുതൽ പരിശോധനകൾ നടത്തണമെന്നും ആഴക്കടലിൽ എത്തിയാൽ യാത്രക്കാർക്ക് ഉണ്ടാകുന്ന അപകടത്തെ കുറിച്ചും ലോക്റിഡ്ജ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സ്റ്റോക്ടൺ റഷ് അദ്ദേഹത്തിന്റെ മുന്നറിയിപ്പും മുഖവിലക്കെടുത്തില്ല.

ആഴത്തിലേക്ക് പോയാൽ മർദ്ദത്തെ മറികടക്കാനുളള ശേഷി പേടകത്തിന്റെ പുറംതോടിനില്ലെന്ന് കാണിച്ച് ലോക്റിഡ്ജ് 2018 ൽ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഷ്യൻ ഗേറ്റിലെ തന്റെ ജോലി പോയതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. പേടകത്തിന്റ രൂപം തന്നെ അപകടകരമായിരുന്നെന്ന് ടൈറ്റാനിക്ക് സിനിമയുടെ സംവിധായകനും സമുദ്ര പേടക നിർമ്മാണ കമ്പനിയുടെ ഉടമയുമായ ജെയിംസ് കാമറൂൺ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ വേണ്ടി ആഴക്കടലിലേക്ക് അഞ്ചു പേരുമായി യാത്ര തിരിച്ച ടൈറ്റൻ തകർന്നത്. സമുദ്രത്തിനടിയിലെ മർദ്ദമാണ് പേടകത്തിന്റെ തകർച്ചക്ക് കാരണമെന്നാണ് വിദ​ഗ്ധർ‌ അഭിപ്രായപ്പെടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com