ആലപ്പുഴയിലെ കനല്‍ കെടുത്തുമോ കെ സി എന്ന അതികായന്‍?

രാജ്യസഭാ എം പിയായ വേണുഗോപാലിനെ യുഡിഎഫ് മത്സരത്തിനിറക്കിയത് രാഷ്ട്രീയവിഷയമായി എല്‍ഡിഎഫ് മാറ്റിയിട്ടുണ്ട്. ശോഭാ സുരേന്ദ്രനെ ബിജെപി രംഗത്തിറക്കിയതോടെ ശക്തമായ മത്സരചിത്രമാണ് ആലപ്പുഴയില്‍ തെളിഞ്ഞിരിക്കുന്നത്.
ആലപ്പുഴയിലെ കനല്‍ കെടുത്തുമോ കെ സി എന്ന അതികായന്‍?

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ആലപ്പുഴ തിരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിയിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച ഏക മണ്ഡലമെന്നതാണ് ആലപ്പുഴയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. വിജയം ഇക്കുറിയും ആവർത്തിക്കാൻ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും എല്‍ഡിഎഫ് നടത്തി. എ എം ആരിഫ് സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്താനിറങ്ങിയപ്പോള്‍ യുഡിഎഫില്‍ നിന്ന് ആരെന്നതില്‍ തുടക്കത്തിൽ അവ്യക്തതയുണ്ടായിരുന്നു. എന്നാല്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ തന്നെ ആലപ്പുഴയില്‍ അവ്യക്തതയില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി. എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ തന്നെ യുഡിഎഫ് രംഗത്തിറക്കി. രാജ്യസഭാ എം പിയായ വേണുഗോപാലിനെ യുഡിഎഫ് മത്സരത്തിനിറക്കിയത് രാഷ്ട്രീയവിഷയമായി എല്‍ഡിഎഫ് മാറ്റുകയും ചെയ്തു. ശോഭാ സുരേന്ദ്രനെ ബിജെപി രംഗത്തിറക്കിയതോടെ ശക്തമായ മത്സരചിത്രമാണ് ആലപ്പുഴയില്‍ തെളിഞ്ഞിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയും ചേരുന്നതാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലം. ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം മത്സ്യബന്ധന പ്രശ്‌നങ്ങള്‍ അടക്കമുള്ള പ്രാദേശിക വിഷയങ്ങളും ഇക്കുറി ആലുപ്പുഴയില്‍ ഉയര്‍ന്നു വരുമെന്ന് തീര്‍ച്ചയാണ്.

2019 ല്‍ യുഡിഎഫിന് നഷ്ടപ്പെട്ട ഏകസീറ്റായ ആലപ്പുഴ തിരിച്ചു പിടിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് കെ സി വേണുഗോപാലിനെ തന്നെ രംഗത്തിറക്കിയിരിക്കുന്നത്. മൂന്ന് വട്ടം നിയമസഭയിലേയ്ക്കും രണ്ട് തവണ ലോക്‌സഭയിലേയ്ക്കും കെ സി വേണുഗോപാലിനെ വിജയിപ്പിച്ച ഇടമാണ് ആലപ്പുഴ. മൂന്നാം വട്ടമാണ് ആലപ്പുഴയില്‍ നിന്ന് കെ സി വേണുഗോപാല്‍ പാര്‍ലമെന്റിലേയ്ക്ക് മത്സരിക്കാനൊരുങ്ങുന്നത്. 2009ലും 2014ലും ഇവിടെ നിന്നും മത്സരിച്ച കെ സി വേണുഗോപാല്‍ 2019ല്‍ മത്സരിച്ചിരുന്നില്ല. കെ സിയില്ലാതെ ആലുപ്പുഴയിറങ്ങിയ കോണ്‍ഗ്രസിന് പക്ഷെ മണ്ഡലം നിലനിര്‍ത്താനായില്ല. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മറ്റ് 19 ലോക്സഭ മണ്ഡലങ്ങളും യുഡിഎഫിലേക്ക് ചാഞ്ഞപ്പോള്‍ താരതമ്യേന ചെറിയ ഭൂരിപക്ഷത്തിന് ആലപ്പുഴ നഷ്ടമായി. സിപിഐഎമ്മിന്റെ എം എം ആരിഫും കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനും ബിജെപിയുടെ ഡോ. കെ എസ് രാധാകൃഷ്ണനുമാണ് അന്ന് ആലപ്പുഴയില്‍ മത്സരത്തിനിറങ്ങിയത്. 10,90,112 പേര്‍ പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ ആലപ്പുഴ സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിംഗ് ശതമാനമുള്ള മണ്ഡലങ്ങളിലൊന്നായി. 10,474 വോട്ടിനായിരുന്നു എല്‍ഡിഎഫിന്റെ വിജയം.

2014ല്‍ സിപിഐഎമ്മിലെ സി ബി ചന്ദ്രബാബുവിനെ 19,407 വോട്ടുകള്‍ക്കാണ് കെ സി വേണുഗോപാല്‍ പരാജയപ്പെടുത്തിയത്. 2009ലും കെ സി ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചിരുന്നു. അന്ന് 57,635 വോട്ടായിരുന്നു കെ സി വേണുഗോപാലിന്റെ ഭൂരിപക്ഷം. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചെണ്ണത്തിലും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ രണ്ട് മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിച്ചിരുന്നു. ഹരിപ്പാട്, കരുനാഗപ്പള്ളി മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പവും അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പവുമായിരുന്നു. വിജയിച്ച അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി എല്‍ഡിഎഫ് 42228 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. എന്നാല്‍ വിജയിച്ച രണ്ട് മണ്ഡലങ്ങളില്‍ നിന്നായി 42874 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കണക്കാക്കിയാല്‍ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് 646 വോട്ടിന് പിന്നിലാണ്. കെ സി മത്സരത്തിനിറങ്ങുമ്പോള്‍ യുഡിഎഫിന്റെ പ്രതീക്ഷയും ഈ അനുകൂലസാഹചര്യമാണ്.

രണ്ടാമൂഴത്തിന് ഇറങ്ങുന്ന എ എം ആരിഫിന് തുണയാകുക കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളാവും. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫിന് വോട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴയിലെ അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജനപ്രതിനിധികളാണെന്ന മേല്‍ക്കൈ തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഹരിപ്പാടും കരുനാഗപ്പള്ളിയിലും ആരിഫിന് വോട്ടുനേടാന്‍ സാധിക്കുമെന്നും ഇടതുമുന്നണി കണക്കാക്കുന്നു. ആരിഫിനെ വന്‍ഭൂരിപക്ഷത്തിന് നിയമസഭയിലേയ്ക്ക് വിജയിപ്പിച്ച ചരിത്രമുള്ള ആരൂരില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് ഇടതുപക്ഷം കണക്കാക്കുന്നത്. സിപിഐഎമ്മിലെ വിഭാഗീയത തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെങ്കില്‍ രണ്ടാമൂഴത്തിലും ആരിഫ് ഇവിടെ നിന്ന് വിജയിക്കുമെന്നാണ് ഇടതുകേന്ദ്രങ്ങൾ കണക്കാക്കുന്നത്.

മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ബിജെപിയുടെ വോട്ടുവിഹിതം കുത്തനെ ഉയര്‍ത്തിയ ചരിത്രവുമായാണ് ബിജെപിക്ക് വേണ്ടി ഇത്തവണ ശോഭാ സുരേന്ദ്രന്‍ മത്സരരംഗത്തിറങ്ങുന്നത്. 2019ല്‍ ബിജെപിക്ക് വേണ്ടി ഇവിടെ മത്സരിച്ച കെ എസ് രാധാകൃഷ്ണന്‍ 1,87,729 വോട്ട് നേടിയിരുന്നു. മണ്ഡലത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ബിജെപി ഉണ്ടാക്കിയ മുന്നേറ്റവും ബിഡിജെഎസിന്റെ സ്വാധീനവും ശോഭാ സുരേന്ദ്രന്റെ സാന്നിധ്യവും ഇത്തവണ കരുത്താകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍, ചേര്‍ത്തല, കായംകുളം മണ്ഡലങ്ങളില്‍ മത്സരിച്ചത് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയുടെ തട്ടകത്തില്‍ ശക്തിതെളിയിക്കേണ്ടത് ബിഡിജെഎസിന് അനിവാര്യമാണ്. 2019ല്‍ ആറ്റിങ്ങലില്‍ കാഴ്ചവെച്ച പോരാട്ടം വീര്യം ആലപ്പുഴയിലും തുടരേണ്ടത് ശോഭാ സുരേന്ദ്രനും നിർണ്ണായകമാണ്. ആലപ്പുഴയില്‍ കൂടുതലായി നേടുന്ന ഓരോ വോട്ടും ശോഭാ സുരേന്ദ്രനെ സംബന്ധിച്ച് പാര്‍ട്ടിയില്‍ തനെത്ര അനിവാര്യയാണ് എന്ന് തെളിയിക്കാനുള്ള അവസരമാണ്. കനത്ത ചൂടില്‍ ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് രംഗവും ചുട്ടുപൊള്ളുകയാണ്. ജൂണ്‍ നാലിന് ജനവിധി പ്രഖ്യാപിക്കുമ്പോള്‍ ആരാകും വിജയി എന്ന് നമുക്ക് കാത്തിരുന്നു കാണാം.

ആലപ്പുഴയിലെ കനല്‍ കെടുത്തുമോ കെ സി എന്ന അതികായന്‍?
ആറ്റിങ്ങലിൽ പ്രകാശം നിലനിർത്താൻ അടൂർ പ്രകാശ്; ജോയിഫുള്ളായി ജോയ്; അഭിമാനപ്പോരിനിറങ്ങാൻ വി മുരളീധരൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com