രണ്ട് സെഞ്ചുറി, മൂന്ന് അർദ്ധ സെഞ്ചുറി; ഓറഞ്ച് കൊട്ടാരം അടിച്ചു തകർത്ത് ഇന്ത്യ 410/4

നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 208 റൺസാണ്.
രണ്ട് സെഞ്ചുറി, മൂന്ന് അർദ്ധ സെഞ്ചുറി; ഓറഞ്ച് കൊട്ടാരം അടിച്ചു തകർത്ത് ഇന്ത്യ 410/4

ബെം​ഗളൂരു: ഏകദിന ലോകകപ്പിൽ ഓറഞ്ച് കൊട്ടാരം അടിച്ചു തകർത്ത് ഇന്ത്യ. ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ നെതർലൻഡ്സിനെതിരെ ഉയർത്തിയത് 411 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടിയ രോഹിത് ശർമ്മയുടെ തീരുമാനം ബാറ്റിം​ഗ് തിരഞ്ഞെടുക്കുവാനായിരുന്നു. ആര്യൻ ദത്ത് എറിഞ്ഞ ആദ്യ പന്ത് വൈഡായി. പകരമെറിഞ്ഞ ആദ്യ പന്തിൽ രോഹിത് ഫോറടിച്ച് നയം വ്യക്തമാക്കി. പിന്നീട് ഓരോത്തരായി വന്ന് അടിച്ചു തകർത്തു.

ആദ്യ വിക്കറ്റിൽ 100 റൺസ് ഇന്ത്യൻ താരങ്ങൾ അടിച്ചെ‌ടുത്തു. 51 റൺസെടുത്ത് ശുഭ്മാൻ ​ഗിൽ ആണ് ആദ്യം പുറത്തായത്. 32 പന്തിൽ മൂന്ന് ഫോറും നാല് സിക്സും സഹിതമാണ് ​ഗില്ലിൽ 51 റൺസെടുത്തത്. പിന്നാലെ നായകൻ രോഹിത് ശർമ്മ അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. 54 പന്തിൽ 61 റൺസെടുത്താണ് രോഹിത് ഡ​ഗ് ഔട്ടിലേക്ക് മടങ്ങിയത്. എട്ട് ഫോറും രണ്ട് സിക്സും സഹിതമാണ് രോഹിതിന്റെ ഇന്നിം​ഗ്സ്.

വിരാട് കോഹ്‌ലിയുടേതായിരുന്നു അടുത്ത ഊഴം. 56 പന്തിൽ 51 റൺസ് കോഹ്‌ലി അടിച്ചെടുത്തു. അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് കോഹ്‌ലിയുടെ ഇന്നിം​ഗ്സ്. വിരാട് കോഹ്‌ലി പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 200ലെത്തിയിരുന്നു. പിന്നീട് ശ്രേയസ് അയ്യരും കെ എൽ രാഹുലും അടിച്ചു തകർത്തു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 208 റൺസാണ്.

ശ്രേയസ് അയ്യർ പുറത്താകാതെ 128 റൺസെടുത്തു. 94 പന്തിൽ 10 ഫോറും നാല് സിക്സും സഹിതമാണ് ശ്രേയസ് അയ്യരുടെ ഇന്നിംഗ്സ്. ലോകകപ്പിൽ ഇതുവരെ മൂന്ന് അർദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും അയ്യർ ഇതുവരെ സ്വന്തമാക്കി. 50-ാം ഓവറിലാണ് കെ എൽ രാഹുൽ സെഞ്ചുറി പൂർത്തിയാക്കിയത്. 64 പന്തിൽ 11 ഫോറും നാല് സിക്സും സഹിതം രാഹുൽ 102 റൺെസെടുത്ത് പുറത്തായി. അവസാന പന്തിൽ സൂര്യകുമാർ യാദവ് രണ്ട് റൺസെടുത്തതോടെ ഇന്ത്യൻ സ്കോർ 50 ഓവറിൽ നാലിന് 410ലേക്കെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com