'സച്ചിന്‍ എന്റെ ഹീറോയാണ്, അദ്ദേഹത്തിന്റെ അത്ര മികച്ചവനാവാന്‍ ഒരിക്കലും കഴിയില്ല': കോഹ്‌ലി

'താന്‍ ആരാധിക്കുന്ന താരത്തിന്റെ നേട്ടത്തിനൊപ്പം നില്‍ക്കുന്നത് ഏറ്റവും വലിയ ബഹുമതിയാണ്'
'സച്ചിന്‍ എന്റെ ഹീറോയാണ്, അദ്ദേഹത്തിന്റെ അത്ര മികച്ചവനാവാന്‍ ഒരിക്കലും കഴിയില്ല': കോഹ്‌ലി

കൊല്‍ക്കത്ത: ഏകദിന സെഞ്ച്വറി നേട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഒപ്പമെത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലി. തന്റെ 35-ാം ജന്മദിനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ 49-ാം ഏകദിന സെഞ്ച്വറി തികച്ചാണ് താരം റെക്കോര്‍ഡില്‍ സച്ചിനൊപ്പമെത്തിയത്. താന്‍ ആരാധിക്കുന്ന താരത്തിന്റെ നേട്ടത്തിനൊപ്പം നില്‍ക്കുന്നത് ഏറ്റവും വലിയ ബഹുമതിയാണെന്നും ഇത് വൈകാരിക നിമിഷമാണെന്നും പറയുകയാണ് കോഹ്‌ലി. ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് പരാജയപ്പെടുത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍.

'സച്ചിന്‍ എന്റെ ഹീറോയാണ്. അദ്ദേഹത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയെന്നത് തന്നെയാണ് വലിയ ബഹുമതി. ബാറ്റിങ്ങില്‍ അദ്ദേഹം പൂര്‍ണ്ണനാണ്. എന്നാല്‍ ഞാന്‍ ഒരിക്കലും സച്ചിന്റെ അത്ര മികച്ചവനാവില്ല. അത് എന്ത് ചെയ്താലും ആകില്ല', കോഹ്‌ലി പറഞ്ഞു. 'ഇതൊരു വലിയ മത്സരമായിരുന്നു. നന്നായി കളിക്കാന്‍ പ്രചോദനം ഉണ്ടായിരുന്നു. ഈ നേട്ടം എന്റെ ജന്മദിനത്തില്‍ സംഭവിച്ചതുകൊണ്ടാണ് ആളുകള്‍ ഇത്ര സവിശേഷമായി കാണുന്നത്', താരം പറഞ്ഞു. ദൈവം തന്നെ അനുഗ്രഹിച്ചതില്‍ സന്തോഷമുണ്ടെന്നും ക്രിക്കറ്റില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ താന്‍ സന്തുഷ്ടനാണെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

തന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ കോഹ്‌ലിക്ക് ആശംസകള്‍ അറിയിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറും രംഗത്തെത്തിയിരുന്നു. 'വിരാട് നന്നായി കളിച്ചു. 49-ല്‍ നിന്ന് 50-ലേക്കെത്താന്‍ എനിക്ക് 365 ദിവസങ്ങള്‍ വേണ്ടിവന്നു. എന്നാല്‍ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 49-ല്‍ നിന്ന് 50-ലേക്കെത്തി നിങ്ങള്‍ എന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍', എന്നായിരുന്നു സച്ചിന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരെ 119 പന്തിലാണ് കോഹ്ലി തന്റെ സെഞ്ച്വറി തികച്ചത്. മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് ഇന്ത്യ തകര്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായ എട്ടാം വിജയത്തോടെ ഇന്ത്യ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 83 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 327 റണ്‍സ് അടിച്ചെടുത്തത്. കോഹ്ലിയുടെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ ഹിമാലയന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയും ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായി. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com