'മാക്‌സ്‌വെല്‍ ഈസ് നോട്ട് വെല്‍'; ഗോള്‍ഫ് കാര്‍ട്ടില്‍ നിന്ന് വീണ് പരിക്ക്

താരത്തിന് ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരം നഷ്ടമായേക്കും
'മാക്‌സ്‌വെല്‍ ഈസ് നോട്ട് വെല്‍'; ഗോള്‍ഫ് കാര്‍ട്ടില്‍ നിന്ന് വീണ് പരിക്ക്

അഹമ്മദാബാദ്: ലോകകപ്പിലെ ഓസീസ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പരിക്കേറ്റതായി ടീം മാനേജ്‌മെന്റ് അറിയിച്ചു. ഗോള്‍ഫ് കാര്‍ട്ടിന്റെ പിന്നില്‍ കയറുന്നതിനിടെ കാല്‍തെറ്റി വീണായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ മാക്‌സ്‌വെല്‍ ഇംഗ്ലണ്ടിനെതിരായ ഓസീസിന്റെ അടുത്ത മത്സരത്തില്‍ കളിക്കാന്‍ സാധ്യതയില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.

തിങ്കളാഴ്ചയായിരുന്നു സംഭവം. ഓസ്‌ട്രേലിയയ്ക്ക് വിശ്രമദിനമായതിനാല്‍ ഗോള്‍ഫ് കളിക്കുന്നതിനായി പോയതായിരുന്നു മാക്‌സ്‌വെല്‍. ക്ലബ്ഹൗസില്‍ നിന്ന് ടീം ബസിലേക്ക് തിരികെ പോകുന്നതിനായി ഗോള്‍ഫ് കാര്‍ട്ട് എന്ന ചെറുവാഹനത്തില്‍ കയറുന്നതിനിടെ മറിഞ്ഞുവീണ താരത്തിന്റെ തല നിലത്തിടിക്കുകയുമായിരുന്നു. അതുകൊണ്ടുതന്ന കണ്‍കഷന്‍ പ്രോട്ടോകോള്‍ അനുസരിച്ച് താരത്തിന് ഇംഗ്ലണ്ടുമായുള്ള അടുത്ത മത്സരം നഷ്ടമാകുമെന്ന് ഓസീസ് ഹെഡ് കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് അറിയിച്ചു. ആറ് മുതല്‍ എട്ട് ദിവസം വരെ മാക്‌സ്‌വെല്ലിന് വിശ്രമം അനുവദിക്കുമെന്നും കോച്ച് പറഞ്ഞു.

മാക്‌സ്‌വെല്ലിന്റെ അഭാവത്തില്‍ മാര്‍കസ് സ്റ്റോയിനിസിനോ കാമറൂണ്‍ ഗ്രീനിനോ ഓസീസിന്റെ പ്ലേയിങ് ഇലവനില്‍ ഇടം നല്‍കിയേക്കും. 2023 ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് മാക്‌സ്‌വെല്‍. നെതര്‍ലന്‍ഡ്‌സിനെതിരെ മാക്‌സ്‌വെല്‍ അതിവേഗ സെഞ്ച്വറി നേടി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. മത്സരത്തില്‍ വെറും 40 പന്തില്‍ സെഞ്ച്വറി തികച്ച താരത്തിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ ഓസീസ് 309 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com