വീണ്ടും ഇംഗ്ലീഷ് ദുരന്തം; 100 റണ്‍സ് വിജയവുമായി ഇന്ത്യ സെമിക്കരികില്‍

100 റൺസിനാണ് ആതിഥേയർ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്
വീണ്ടും ഇംഗ്ലീഷ് ദുരന്തം; 100 റണ്‍സ് വിജയവുമായി ഇന്ത്യ സെമിക്കരികില്‍

ലഖ്‌നൗ: ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരെ തകർത്ത് ഇന്ത്യ സെമിക്കരികില്‍. 100 റൺസിനാണ് ആതിഥേയർ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. ടൂർണമെന്റിൽ ഇന്ത്യയുടെ തുടർച്ചയായ ആറാം വിജയമാണിത്. ഇന്ത്യ ഉയർത്തിയ 230 റൺസെന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലീഷ് പട 34.5 ഓവറിൽ 129 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. കുൽദീപ് യാദവ് രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

അഞ്ചാം ഓവറിലാണ് ഇം​ഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തുന്നത്. ഡേവിഡ് മലാനെ (16) ബൗള്‍ഡാക്കിയും തൊട്ടടുത്ത പന്തില്‍ ജോ റൂട്ടിനെ (0) വിക്കറ്റിന് മുന്നില്‍ കുരുക്കിയും ബുമ്ര തിളങ്ങി. എട്ടാം ഓവറിന്റെ അവസാന പന്തിലാണ് അടുത്ത വിക്കറ്റ് വീണത് . ബെന്‍ സ്‌റ്റോക്‌സിനെ (0) മുഹമ്മദ് ഷമി ബൗള്‍ഡാക്കി. തന്റെ അടുത്ത ഓവറില്‍ ജോണി ബെയര്‍സ്‌റ്റോയെയും (14) ഷമി ബൗള്‍ഡാക്കി.

ഇതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ജോസ് ബട്‌ലറെ (10) കുല്‍ദീപ് യാദവ് ബൗള്‍ഡാക്കിയതോടെ ഇംഗ്ലണ്ട് പൂർണമായും പതറി. മൊയീന്‍ അലിയെയും (15) ആദില്‍ റഷീദിനെയും (13) പുറത്താക്കി ഷമി വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി. 27 റണ്‍സ് നേടിയ ലിയാം ലിവിംഗസ്റ്റണാണ് ഇം​ഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ക്രിസ് വോക്‌സാണ് (10), മാര്‍ക്ക് വുഡ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 229 റണ്‍സെടുത്തത്. മോശം തുടക്കമായിരുന്നു ഇന്ത്യക്കും ലഭിച്ചത്. രോഹിത് ശർമ്മയുടെയും ​ഗില്ലിന്റെയും ഓപ്പണിങ് കൂട്ടുകെട്ട് ടീം സ്‌കോർ 26ൽ നിൽക്കെ ഇംഗ്ലണ്ട് തകർത്തു. ഒൻപത് റൺസ് നേടി നിൽക്കുകയായിരുന്ന ​ഗില്ലിനെ ക്രിസ് വോക്‌സ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. വമ്പൻ ഫോമിലുള്ള വിരാട് കോഹ്ലിയും ഡക്കായി പുറത്ത്. ശ്രേയസ് അയ്യര്‍ക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നാല് റൺസുമായി അയ്യർ ഡ​ഗ് ഔട്ടിലെത്തി.

കെ എൽ രാഹുൽ വന്നതിന് ശേഷമാണ് മികച്ചൊരു കൂട്ടുകെട്ട് ഉയർന്നത്. നാലാം വിക്കറ്റിൽ 91 റൺസ് രോഹിത്-രാഹുൽ സഖ്യം കൂട്ടിച്ചേർത്തു. 39 റൺസെടുത്ത് രാഹുൽ മടങ്ങി. പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമ്മയും സ്കോർ ഉയർത്താനുള്ള ശ്രമത്തിൽ പുറത്തായി. 101 പന്തുകള്‍ നേരിട്ട് മൂന്ന് സിക്സും 10 ഫോറുമടക്കം 87 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റൻ മടങ്ങിയതിന് പിന്നാലെ സൂര്യകുമാർ യാദവ് ഇന്ത്യയ്ക്ക് ആശ്വാസമായി. സ്കോർബോർഡ് 200 കടത്തിയ ശേഷം 49 റൺസുമായി സൂര്യകുമാർ യാദവ് വീണു. ഒമ്പതാം വിക്കറ്റിൽ ജസ്പ്രീത് ബുംറയും കുൽദീപ് യാദവും നടത്തിയ ചെറുത്തുനിൽപ്പ് ഇം​ഗ്ലണ്ട് വിജയലക്ഷ്യം 230 എന്നാക്കാൻ സഹായിച്ചു. ബുംറ 16 റൺസെടുത്ത് അവസാന പന്തിൽ റൺഔട്ടായി. കുൽദീപ് യാദവ് ഒമ്പത് റൺസെടുത്ത് പുറത്താകാതെ നിന്നു. ഇം​ഗ്ലണ്ടിനുവേണ്ടി ഡേവിഡ് വില്ലി മൂന്നും ക്രിസ് വോക്സും ആദിൽ റഷീദും രണ്ടും വിക്കറ്റ് വീഴ്ത്തി. മാർക് വുഡ് ഒരു വിക്കറ്റ് സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com