വാംഖഡെയില്‍ 'ചാരമായി' ഇംഗ്ലണ്ട്; തകർപ്പൻ വിജയവുമായി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച 400 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 22 ഓവറില്‍ വെറും 170 റണ്‍സിന് ഓള്‍ഔട്ടായി
വാംഖഡെയില്‍ 'ചാരമായി' ഇംഗ്ലണ്ട്; തകർപ്പൻ വിജയവുമായി ദക്ഷിണാഫ്രിക്ക

മുംബൈ: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ കരുത്തിന് മുന്നില്‍ കീഴടങ്ങി ഇംഗ്ലീഷ് പട. 229 റണ്‍സുകള്‍ക്കായിരുന്നു പ്രോട്ടീസിന്റെ വിജയം. ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച 400 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 22 ഓവറില്‍ വെറും 170 റണ്‍സിന് ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കയുടെ മൂന്നാം വിജയവും ഇംഗ്ലണ്ടിന്റെ മൂന്നാം തോല്‍വിയുമാണിത്.

ദക്ഷിണാഫ്രിക്ക തീര്‍ത്ത ഹിമാലയന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. വെറും 68 റണ്‍സെടുക്കുമ്പോഴേക്കും ആറ് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്. ജോണി ബെയര്‍സ്റ്റോ (10), ഡേവിഡ് മലാന്‍ (6), ജോ റൂട്ട് (2), ബെന്‍ സ്റ്റോക്സ് (5), ഹാരി ബ്രൂക്ക് (17), ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ (15) എന്നിവര്‍ 11 ഓവര്‍ പിന്നിടുമ്പോഴേക്കും കൂടാരം കയറി. മുന്‍നിരയും മധ്യനിരയും നിരാശപ്പെടുത്തിയപ്പോള്‍ വാലറ്റക്കാരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ പരാജയ ഭാരം കുറച്ചത്. പുറത്താവാതെ 43 റണ്‍സെടുത്ത മാര്‍ക് വുഡാണ് ടോപ് സ്‌കോറര്‍. ഗസ് ആറ്റ്കിന്‍സണും (35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പ്രോട്ടീസിന് വേണ്ടി ജെറാള്‍ഡ് കോയിറ്റ്സെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലുങ്കി എന്‍ഗിഡി മാര്‍ക്കോ ജാന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ 399 റണ്‍സാണ് എടുത്തത്. ഹെന്റിച്ച് ക്ലാസന്റെയും റീസ ഹെന്റിക്സിന്റെയും തകര്‍പ്പന്‍ ഇന്നിംങ്സാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയലക്ഷ്യം സമ്മാനിച്ചത്. 67 പന്തില്‍ 109 റണ്‍സെടുത്ത ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാമത്തെ പന്തില്‍ തന്നെ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. വെറും നാല് റണ്‍സെടുത്ത ഡികോക്കിനെ റീസ് ടോപ്ലി ജോസ് ബട്ട്ലറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. എന്നാല്‍ വണ്‍ ഡൗണായി ഇറങ്ങിയ റാസി വാന്‍ ഡെര്‍ ഡുസനെ കൂട്ടുപിടിച്ച് സഹ ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സ് തകര്‍ത്തടിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ ഉയര്‍ന്നു.

19-ാം ഓവറിലെ നാലാം പന്തില്‍ വാന്‍ ഡെര്‍ ഡുസനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 61 പന്തില്‍ എട്ട് ബൗണ്ടറിയടക്കം 60 റണ്‍സെടുത്ത വാന്‍ ഡെര്‍ ഡുസനെ ആദില്‍ റാഷിദാണ് പുറത്താക്കിയത്. ജോണി ബെയര്‍സ്റ്റോയ്ക്ക് ആയിരുന്നു ക്യാച്ച്. 25-ാം ഓവറില്‍ ഹെന്‍ഡ്രിക്സും കൂടാരം കയറി. 75 പന്തില്‍ 85 റണ്‍സ് നേടിയ ഹെന്‍ഡ്രിക്സും ആദില്‍ റാഷിദിന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു. ഒന്‍പത് ബൗണ്ടറിയും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പിന്നീട് ക്രീസില്‍ ഒരുമിച്ച ക്യാപ്റ്റന്‍ ഐഡന്‍ മര്‍ക്രമും ഹെന്റിച്ച് ക്ലാസനും പിന്നെയും പൊരുതി. 44 പന്തില്‍ 42 റണ്‍സ് എടുത്തായിരുന്നു മാര്‍ക്രം മടങ്ങിയത്. 34-ാം ഓവറിലെ അവസാന പന്തില്‍ റീസ് ടോപ്ലിയാണ് മാര്‍ക്രത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്. മാര്‍ക്രത്തിന് പകരക്കാരനായെത്തിയ ഡേവിഡ് മില്ലര്‍ നിരാശപ്പെടുത്തി. ആറ് പന്തില്‍ നിന്ന് വെറും അഞ്ച് റണ്‍സെടുത്ത മില്ലറെ റീസ് ടോപ്ലി പുറത്താക്കി.

വാലറ്റത്ത് ഒരുമിച്ച ഹെന്റിച്ച് ക്ലാസന്‍-മാര്‍കോ ജാന്‍സന്‍ സഖ്യം ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 300 കടത്തി. 61 പന്തിലാണ് ക്ലാസന്‍ സെഞ്ച്വറി തികച്ചത്. ക്ലാസനൊപ്പം പൊരുതിയ ജാന്‍സന്‍ 35 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ചു. 67 പന്തില്‍ 109 റണ്‍സ് നേടിയ ക്ലാസനെയും പകരമിറങ്ങിയ ജെറാള്‍ഡ് കോറ്റ്സീയെയും ഗസ് അകിറ്റ്സണ്‍ പുറത്താക്കിയപ്പോള്‍ 42 പന്തില്‍ 75 റണ്‍സെടുത്ത ജാന്‍സണും കേശവ് മഹാരാജും (1) പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com