ബെം​ഗളൂരുവിൽ ബാറ്റിങ് വിസ്ഫോടനം; 62 റൺസിന് ഓസ്ട്രേലിയൻ ജയം

പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്താൻ പോന്ന പോരാട്ടം പാക് താരങ്ങളിൽ നിന്ന് ഉണ്ടായില്ല
ബെം​ഗളൂരുവിൽ ബാറ്റിങ് വിസ്ഫോടനം; 62 റൺസിന് ഓസ്ട്രേലിയൻ ജയം

ബെം​ഗളൂരു: ഏകദിന ലോകകപ്പിൽ പാകിസ്താനെ തകർത്ത് ഓസ്ട്രേലിയ. 62 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ നേടിയത്. ബാറ്റിങ് വിസ്ഫോട‌നം കണ്ട മത്സരത്തിൽ ഓസ്ട്രേലിയ 368 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. മറുപടി പറഞ്ഞ പാകിസ്താൻ 45.3 ഓവറിൽ 305 റൺസിന് ഓൾ ഔട്ടായി.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ പാകിസ്താൻ ഓസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചു. തീരുമാനം തെറ്റിപ്പോയെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഓസ്ട്രേലിയൻ ഓപ്പണർമാരുടെ പ്രകടനം. പേരുകേട്ട പാകിസ്താൻ ബൗളർമാർ ​ഗ്രൗണ്ടിന്റെ നാല് പാടും പാഞ്ഞു. ആദ്യ നാല് ഓവറിൽ ഹാരിസ് റൗഫ് 59 റൺസ് വിട്ടുകൊടുത്തു. 124 പന്ത് നേരിട്ട ഡേവിഡ് വാർണർ 14 ഫോറും ഒമ്പത് സിക്സും സഹിതം 163 റൺസെടുത്തു. 108 പന്തിൽ 10 ഫോറും ഒമ്പത് സിക്സും സഹിതമാണ് മിച്ചൽ മാർഷ് 121 റൺസെടുത്തത്. പക്ഷേ പിന്നാല എത്തിയവർ വന്നപോലെ മടങ്ങി.

ഒരു ഘട്ടത്തിൽ 400 കടക്കുമെന്ന് കരുതിയ ഓസ്ട്രേലിയൻ സ്കോറാണ് 367ൽ അവസാനിച്ചത്. മാക്സവെൽ പൂജ്യം, സ്മിത്ത് ഏഴ്, സ്റ്റോണിസ് 21, ഇം​ഗ്ളീസ് 13, ലബുഷെയ്ൻ എട്ട് എന്നിങ്ങനെയാണ് അം​ഗീകൃത ബാറ്റർമാർ സ്കോർ ചെയ്തത്. പാകിസ്താൻ നിരയിൽ ഷഹീൻ ഷാ അഫ്രീദി 54 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി.

മറുപടി പറഞ്ഞ പാകിസ്താനും ഓസ്ട്രേലിയയുടെ ശൈലിയിൽ മറുപടി നൽകി. ആദ്യ വിക്കറ്റിൽ 134 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. അബ്ദുൾ ഷെഫീക് 64ഉം ഇമാം ഉൾ ഹഖ് 70ഉം റൺസ് നേടി. മു​ഹമ്മദ് റിസ്വാൻ 46ഉം ഷൗദ് ഷക്കീൽ 30ഉം റൺസെടുത്ത് പിടിച്ചു നിൽക്കാൻ ശ്രമിച്ചു. പക്ഷേ വിജയത്തിലേക്ക് എത്താൻ പോന്ന പോരാട്ടം പാക് താരങ്ങളിൽ നിന്ന് ഉണ്ടായില്ല. ഓസ്ട്രേലിയയ്ക്കായി ആദം സാംബ നാല് വിക്കറ്റെടുത്തു. ലോകകപ്പിൽ ഇരുടീമുകളും നാല് മത്സരങ്ങൾ വീതം കളിച്ചപ്പോൾ രണ്ട് ജയവും രണ്ട് തോൽവിയുമാണ് സമ്പാദ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com