തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്; ഇംഗ്ലണ്ടിന് 137 റണ്‍സിന്റെ മിന്നുംവിജയം

തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്; ഇംഗ്ലണ്ടിന് 137 റണ്‍സിന്റെ മിന്നുംവിജയം

ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ആദ്യ വിജയമാണിത്

ധരംശാല: 2023 ഏകദിന ലോകകപ്പില്‍ ആദ്യ ജയം നേടി ഇംഗ്ലണ്ട്. ബംഗ്ലാദേശിനെതിരെ 137 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് നിലവിലെ ചാമ്പ്യന്മാര്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 365 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48.2 ഓവറില്‍ 227 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ ലിറ്റണ്‍ ദാസിനും (76) മുഷ്ഫിഖര്‍ റഹീമിനും (51) മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി നാല് വിക്കറ്റുകള്‍ വീഴ്ത്തി.

മുന്‍നിരയില്‍ ലിറ്റണ്‍ ദാസിനൊപ്പം തിളങ്ങാന്‍ മറ്റാര്‍ക്കും സാധിച്ചില്ല. 66 പന്തില്‍ രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയുമടക്കം 76 റണ്‍സായിരുന്നു ലിറ്റന്റെ സമ്പാദ്യം. തന്‍സിദ് ഹസന്‍ (1), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (0), ഷാക്കിബ് അല്‍ ഹസന്‍ (1), മെഹിദി ഹസന്‍ മിറാസ് (8) എന്നിവര്‍ നിരാശപ്പെടുത്തി. ആദ്യ മൂന്ന് വിക്കറ്റും വീഴ്ത്തിയത് റീസ് ടോപ്‌ലിയായിരുന്നു.

പിന്നീട് ക്രീസിലൊരുമിച്ച മുഷ്ഫീഖര്‍ റഹീമും തൗഹിദ് ഹൃദോയിയും ബംഗ്ലാദേശിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ 64 പന്തില്‍ നാല് ബൗണ്ടറികളടക്കം 51 റണ്‍സ് നേടി മുഷ്ഫീഖറും 61 പന്തില്‍ 39 റണ്‍സ് നേടി ഹൃദോയിയും മടങ്ങി. പിന്നീട് ക്രീസിലെത്തിയ ആര്‍ക്കും ഭേദപ്പട്ട സംഭാവന നല്‍കാന്‍ സാധിച്ചില്ല. മെഹിദി ഹസന്‍ (14), ടസ്‌കിന്‍ അഹമ്മദ് (15), ഷൊരീഫുള്‍ ഇസ്ലം (12), മുസ്തഫിസൂര്‍ റഹ്‌മാന്‍ (3) എന്നിങ്ങനെയായിരുന്നു വാലറ്റത്തിന്റെ പ്രകടനം.

ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സായിരുന്നു നേടിയിരുന്നത്. ഡേവിഡ് മലാന്റെ (104) തകര്‍പ്പന്‍ സെഞ്ച്വറിയടക്കം മുന്‍നിരയില്‍ നിന്നുള്ള മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 68 പന്തില്‍ നിന്ന് 82 റണ്‍സ് സ്വന്തമാക്കി ജോ റൂട്ടും തിളങ്ങി.

ഓപ്പണര്‍മാരായ ജോണി ബെയര്‍‌സ്റ്റോയും ഡേവിഡ് മലാനും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന സഖ്യം 115 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. 59 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ ബെയര്‍‌സ്റ്റോയുടെ വിക്കറ്റാണ് ഇംഗ്ലീഷ് പടയ്ക്ക് ആദ്യം നഷ്ടമായത്. തുടര്‍ന്ന് മലാനും ജോ റൂട്ടും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 156 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍ മുന്നേറി. 107 പന്തില്‍ നിന്ന് 16 ബൗണ്ടറിയും അഞ്ച് സിക്‌സുമടക്കം 140 റണ്‍സ് നേടിയായിരുന്നു മലാന്റെ മടക്കം. 68 പന്തില്‍ 82 റണ്‍സ് നേടി ജോ റൂട്ട് പുറത്തായി. ബംഗ്ലാദേശിന് വേണ്ടി മഹെദി ഹസന്‍ നാലും ഷൊറിഫുള്‍ ഇസ്ലാം മൂന്നും വിക്കറ്റ് വീതം നേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com