ഏറ്റവും ദീർഘകാലം കൊവിഡ് ബാധിതനായിരുന്ന 72കാരന്‍റെ ശരീരത്തിൽ വൈറസ് മ്യൂട്ടേഷൻ നടന്നത് 50 തവണ

ഡച്ച് പൗരനായ 72കാരന്‍റെ ശരീരത്തിലാണ് 613 ദിവസത്തിനിടയില്‍ അന്‍പത് തവണ വൈറസ് പരിവര്‍ത്തനത്തിന് വിധേയമായത്
ഏറ്റവും ദീർഘകാലം കൊവിഡ് ബാധിതനായിരുന്ന 72കാരന്‍റെ ശരീരത്തിൽ വൈറസ് മ്യൂട്ടേഷൻ നടന്നത് 50 തവണ

ന്യൂഡൽഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം കൊവിഡ് ബാധിതനായി കഴിഞ്ഞ് മരണത്തിന് കീഴടങ്ങിയ വ്യക്തിയുടെ ശരീരത്തില്‍ വൈറസ് പരിവര്‍ത്തനത്തിന് വിധേയമായത് അൻപതിലധികം തവണ. ഡച്ച് പൗരനായ 72 കാരന്‍റെ ശരീരത്തിലാണ് 613 ദിവസത്തിനിടയില്‍ അന്‍പത് തവണ വൈറസ് പരിവര്‍ത്തനത്തിന് വിധേയമായത്. 2022-ല്‍ കൊവി‍ഡ് ബാധിതനായ ഇയാൾ 2023-ലാണ് മരണത്തിന് കീഴടങ്ങിയത്. ആംസ്റ്റർഡാം യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍ററിലെ ഗവേഷകര്‍ പുറത്ത് വിട്ട പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

അടുത്തയാഴ്ച ബാഴ്‌സലോണയിൽ നടക്കുന്ന മെഡിക്കൽ ഉച്ചകോടിയിൽ ഗവേഷകർ ഇതുസംബന്ധിച്ച പഠനം അവതരിപ്പിക്കും. കൊവിഡ് ബാധിനാകുന്നതിന് മുന്‍പ് തന്നെ ഇയാള്‍ക്ക് രക്ത സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. കൊവിഡ് കൂടി ബാധിച്ചതോടെ ഇയാളുടെ രോഗപ്രതിരോധ വ്യവസ്ഥ താളം തെറ്റുകയായിരുന്നുവെന്നാണ് റിപോർട്ടുകൾ. ഇയാളുടെ ശരീരത്തില്‍ വൈറസ് 50 തവണ പരിവര്‍ത്തനത്തിന് വിധേയമായി അള്‍ട്രാ മ്യൂട്ടേറ്റ‍‍ഡ് വൈറസായി മാറി എന്നും പഠനം സൂചിപ്പിക്കുന്നു. ഇതിനു മുൻപ് 505 ദിവസം കൊവിഡ് ബാധിതനായി തുടര്‍ന്ന ബ്രിട്ടീഷ് പൗരനായിരുന്നു ലോകത്ത് ഏറ്റവും കൂടുതല്‍ കാലം കൊവിഡ് ബാധിച്ച വ്യക്തി. എന്നാല്‍ പുതിയ കേസ് അതിനെ മറികടന്നെന്നും ഗവേഷകർ പറയുന്നു.

ഒന്നിലധികം ഡോസ് പ്രതിരോധ വാക്സിനുകള്‍ സ്വീകരിച്ചിട്ടും ഇയാളെ ഒമൈക്രോണ്‍ വകഭേദം ബാധിക്കുകയായിരുന്നു. ഇതോടെ പ്രതിരോധ സംവിധാനം തകരാറിലായി. കൊവിഡ് ആന്‍റിബോഡി ചികിത്സകള്‍ ഉള്‍പ്പെടെയുള്ളവയെ പ്രതിരോധിക്കാനുള്ള കഴിവും വൈറസിനുണ്ടായിരുന്നു. എന്നാല്‍ ഈ സൂപ്പർ മ്യൂട്ടേറ്റ‍‍ഡ് വേരിയന്‍റ് രോഗിയില്‍ നിന്നും മറ്റാരിലേക്കും പകര്‍ന്നില്ലെന്നും വൈറസിനുണ്ടാകുന്ന ഇത്തരം പരിവര്‍ത്തനങ്ങള്‍ വൈറസിന്‍റെ ജനിതക മാറ്റങ്ങള്‍ ബോധ്യപ്പെടുത്തുന്നതും പ്രതിരോധശേഷി കുറഞ്ഞവരിൽ അണുബാധയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്നതുമാണെന്ന് ഗവേഷകര്‍ പറയുന്നു. വൈറസ് ബാധയേറ്റ പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിൽ വൈറസിന്‍റെ ജീനോമിക് നിരീക്ഷണം തുടരേണ്ടതിന്‍റെ പ്രാധാന്യവും ഇത് സൂചിപ്പിക്കുന്നു.

അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച 24% വയോജനങ്ങളിലും മൂന്ന് മാസത്തിലേറെ അതിൻ്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും ഗവേഷണം വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com