പൂനം പാണ്ഡേയ്ക്ക് സംഭവിച്ചതെന്ത്? എന്താണ് സെർവിക്കൽ കാൻസർ, ലക്ഷണങ്ങൾ, ചികിത്സ

പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. പിന്നീടുളള ഘട്ടങ്ങളിൽ ശരിയായ ചികിത്സയിലൂടെ രോ​ഗം നിയന്ത്രിക്കാനാകും.
പൂനം പാണ്ഡേയ്ക്ക് സംഭവിച്ചതെന്ത്? എന്താണ് സെർവിക്കൽ കാൻസർ, ലക്ഷണങ്ങൾ, ചികിത്സ

നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണത്തിന് കാരണമായത് ​ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസറാണ്. ചികിത്സയിലിരിക്കെയാണ് അവർ മരണത്തിന് കീഴടങ്ങിയത്. ലോകത്ത് സ്ഥിരീകരിച്ചിട്ടുളള കാൻസർ രോ​ഗങ്ങളിൽ നാലാം സ്ഥാനമാണ് ലോകാരോ​ഗ്യ സംഘടന സെർ‌വിക്കൽ കാൻസറിന് നൽകിയി‍ട്ടുളളത്.

എന്താണ് സെർവിക്കൽ കാൻസർ

ഗർഭാശയമുഖത്തെ അസാധാരണ കോശ വളർച്ചയിൽ നിന്നാണ് ഈ രോ​ഗം ഉണ്ടാകുന്നത്. ലൈം​ഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ് 90 ശതമാനം സെർവിക്കൽ കാൻസർ രോ​ഗത്തിന് കാരണം. 2020 ൽ ലോകത്ത് 604,000 സ്ത്രീകളിൽ ഈ കാൻസർ ബാധ കാണപ്പെട്ടിട്ടുണ്ട്. കാൻസർ മൂലം 342,000 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. പിന്നീടുളള ഘട്ടങ്ങളിൽ ശരിയായ ചികിത്സയിലൂടെ രോ​ഗം നിയന്ത്രിക്കാനാകും. കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സെർവിക്കൽ കാൻസർ ബാധ തടയാനായി ഒമ്പത് മുതൽ 14 വരെ പ്രായമുളള പെൺകുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എങ്ങനെ രോ​ഗം പിടിപെടാം?

ലൈം​ഗിക ബന്ധത്തിലൂടെ ഒരാളുടെ തൊണ്ട, ജനനേന്ദ്രിയം, ചർമ്മം എന്നിവയെ വൈറസ് ബാധിക്കും. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന മിക്കവാറും എല്ലാ ആളുകളും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ വൈറസ് രോഗബാധിതരാകും. സാധാരണയായി രോഗലക്ഷണങ്ങളില്ലാതെയായിരിക്കും ഈ വൈറസ് ബാധ. ശരീരത്തിന്റെ പ്രതിരോധ ശേഷിയുടെ അടിസ്ഥാനത്തിൽ ഒന്നോ രണ്ടോ വർഷത്തിന് ശേഷം മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ വൈറസ് ശരീരത്തിൽ നിന്ന് പോകും. എന്നാൽ അപൂർവം ചിലരിൽ നിലനിൽക്കുന്ന വൈറസ് സെർവിക്കൽ കാൻസറിന് കാരണമാകും.

അസാധാരണ കോശ വളർച്ച കാൻസറായി മാറാൻ 15-20 വർഷമെടുക്കും. എന്നാൽ പ്രതിരോധശേഷി കുറഞ്ഞ സ്ത്രീകളിൽ 5- 10 വർഷത്തിനുളളിൽ തന്നെ കാൻസർ വളരും. ചെറുപ്പക്കാരായ അമ്മമാർ, ഗർഭനിരോധനത്തിന് ഹോര്‍മോണ്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, പുകവലിക്കാർ, അമിത വണ്ണുളളവർ എന്നിവർക്കും സെർവിക്കൽ കാൻസർ‌ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികളുള്ളവര്‍ക്കും ചെറിയ പ്രായത്തിൽ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ‌ക്കും രോ​ഗം പിടിപെടാന്‍ സാധ്യത കൂടുതലാണ്.

സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

  • ആർത്തവങ്ങൾക്കിടയിലുളള അമിത രക്തസ്രാവം, ആർത്തവവിരാമത്തിന് ശേഷം, അല്ലെങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവം.

  • യോനിയിൽ നിന്ന് പുറത്തേക്ക് വരുന്ന ദുർ​ഗന്ധമുളള വൈറ്റ് ഡിസ്ചാർജ്.

  • ഇടുപ്പ് അല്ലെങ്കിൽ കാൽ എന്നിവിടങ്ങളിലും പുറംഭാ​ഗത്തും സ്ഥിരമായുണ്ടാകുന്ന വേ​ദന.

  • അമിത വണ്ണം, ക്ഷീണം, വിശപ്പില്ലായ്മ

  • യോനിയിൽ അസ്വസ്ഥത

  • കാലിൽ വീക്കം

സെർവിക്കൽ കാൻസർ എങ്ങനെ തടയാം

സെർവിക്കൽ കാൻസറിൻ്റെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഒരു മെഡിക്കൽ പ്രൊഫഷണലിൻ്റെ ഡയഗ്നോസ്റ്റിക് ടെസ്റ്റ് പ്രധാനമാണ്. പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ചികിത്സിച്ചു ഭേദമാക്കാവുന്ന രോ​ഗമാണ് സെർവിക്കൽ കാൻസർ. ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെയുളള വാക്സിനേഷൻ, പൊതുവെയുളള ചെക്കപ്പുകൾ എന്നിവയിലൂടെ കാൻസർ നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനും സാധിക്കും. കീമോതെറാപ്പി, റേഡിയോ തെറാപ്പി, സർജറി, വേദന കുറയ്ക്കുന്നതിന് വേണ്ടിയുളള പരിചരണവും ചികിത്സകളിൽ ഉൾപ്പെടുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com