രാത്രി ഉറക്കം വരുന്നില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ഒഴിവാക്കണം

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ആളുകൾ സാധാരണമായി ചെയ്യുന്ന ചില തെറ്റുകൾ ഇവയാണ്
രാത്രി ഉറക്കം വരുന്നില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ഒഴിവാക്കണം

രാത്രി ഉറങ്ങാൻ ഇഷ്ടമില്ലാത്ത ആരുണ്ട് ? രാത്രി ഉറങ്ങുന്നത് ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ഏറ്റവും പ്രധാനമാണ്. രാത്രി ഉറക്കത്തിന് മുമ്പ് എന്ത് ചെയ്യുന്നുവെന്നതിനെ അനുസരിച്ചാണ് ഇതെല്ലാം. ഉറങ്ങും മുമ്പ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടോ? ടിവി കാണാറുണ്ടോ? കാപ്പി കുടിക്കാറുണ്ടോ? ഇവയിൽ ഏതെങ്കിലും ഒന്ന് ചെയ്യുന്നുണ്ടെങ്കിൽ സുഖകരമായ രാത്രി ഉറക്കം എളുപ്പമാകില്ല. ഉറക്കത്തിന് മുമ്പായി ഏർപ്പെടുന്ന പ്രവർത്തനങ്ങൾ ഉറക്കത്തെ സ്വാധീനിക്കും. ഉറക്കത്തിന്റെ പൂർണത നഷ്ടപ്പെടുത്തുന്ന മറ്റ് ഘടകങ്ങളെ പറ്റി അറിയേണ്ടേ?

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത്

രാത്രിയിൽ വളരെ വൈകിയും ജോലിചെയ്യുന്നത് അത്താഴത്തിന്റെ സമയക്രമം മാറ്റും. ഇത് ലഘുഭക്ഷണത്തിനോ ഇൻസ്റ്റന്റ് ഫുഡ് കഴിക്കുന്നതിനോ നമ്മെ നിർബന്ധിതരാക്കും. ഉറങ്ങുന്നതിന് മുമ്പ് ഉയർന്ന കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറക്കം തടസ്സപ്പെടുന്നതിന് കാരണമാകും. ഇത്തരം ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ കൂടുതൽ സമയം ആവശ്യമാണ്. ഇത് മെറ്റബോളിസത്തെയും ആസിഡ് സ്രവത്തെയും ഉത്തേജിപ്പിക്കുന്നതിനാൽ സുഖകരമായ ഉറക്കം നഷ്ടപ്പെടും.

കഠിനമായ ജോലികളിൽ ഏർപ്പെടുന്നത്

രാത്രി ഉറങ്ങുന്നതിന് മുമ്പായി ജിമ്മിൽ പോകുന്നത് പതിവാണെങ്കിൽ അതിനെ പറ്റി കാര്യമായി ചിന്തിക്കേണ്ടതുണ്ട്. രാത്രി വൈകിയുള്ള തീവ്രമായ വ്യായാമങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനാൽ സുഖകരമായ ഉറക്കം നഷ്ടമാകും. തീവ്രമായ വ്യായാമങ്ങൾ ശരീരത്തിലെ ചൂട് ഉയരുന്നതിന് കാരണമാകും. ഇത് നല്ല ഉറക്കം നഷ്ടപ്പെടാൻ കാരണമാകും. എന്നാൽ തീവ്രത കുറഞ്ഞ ശാസ്ത്രീയമായ വ്യായാമങ്ങൾ ചില വ്യക്തികൾക്ക് നല്ല ഉറക്കം നൽകാറുണ്ട്.

രാത്രിയിലെ ഫോൺ ഉപയോഗം

രാത്രിയിലെ ഫോൺ ഉപയോഗം ഇപ്പോൾ ജീവിത ശൈലിയായി മാറിയിരിക്കുന്നു. ഫോണുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം നമ്മുടെ ശരീരം പകൽ വെളിച്ചമാണെന്ന് തെറ്റി ധരിക്കുകയും സർക്കാഡിയൻ താളത്തെ തടസ്സപ്പെടുത്തുകയും മെലറ്റോൺ ഹോർമോണിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഉറക്കത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ മാറ്റിവെയ്ക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പകരം ഉറക്കത്തിന് മുമ്പ് ശരീരത്തെ ശാന്തമാക്കാനും വിശ്രമം നൽകാനുമായി വായനയും അരോമാതെറാപ്പിയും ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാൻ കാരണമാകും.

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ആളുകൾ സാധാരണമായി ചെയ്യുന്ന ചില തെറ്റുകൾ ഇവയാണ്. സ്ഥിരമായി ഉറക്ക പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ വൈദ്യ സഹായം തേടാവുന്നതാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com