ലോകത്തിന്‍റെ ഫാർമസി! ലോകവിപണിയില്‍ ഇന്ത്യൻ മരുന്നുകളുടെ വിശ്വാസ്യത കുറയുന്നുവോ?

മരുന്നുകളിൽ വിഷാംശങ്ങൾ കണ്ടെത്തിയാൽ അത് വേ​ഗത്തിൽ തിരിച്ചുവിളിക്കാനുള്ള സംവിധാനവും ഇന്ത്യയിലില്ല
ലോകത്തിന്‍റെ ഫാർമസി! ലോകവിപണിയില്‍ ഇന്ത്യൻ മരുന്നുകളുടെ വിശ്വാസ്യത കുറയുന്നുവോ?

ഗാംബിയയിലെ പിഞ്ചുകുഞ്ഞുങ്ങൾ ഇന്ത്യൻ മരുന്നു കഴിച്ച് മരിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. മാസങ്ങൾക്ക് ശേഷം ഉസ്ബക്കിസ്ഥാനിലും ഇന്ത്യൻ മരുന്നുകൾ കഴിച്ച് 18 കുട്ടികൾ മരിച്ചതായി വാർത്ത വന്നു. ഇന്ത്യയിൽ നിർമ്മിച്ച് കയറ്റിയയക്കുന്ന മരുന്നുകളിലാണ് മനുഷ്യജീവന് ഹാനികരമാകുന്ന വസ്തുക്കൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്. ജനിച്ചു വീണ കുട്ടികൾക്ക് കൊടുക്കുന്ന മരുന്നിൽ പോലും വിഷാംശങ്ങൾ കണ്ടെത്തിയതിനെ തുടർ‌ന്ന് ലോകാരോ​ഗ്യ സംഘടനയടക്കം രം​ഗത്തെത്തിയിരുന്നു. ഇപ്പോഴാകട്ടെ ഇന്ത്യയിൽ നിന്ന് വരുന്ന മരുന്നുകൾ പരിശോധിക്കുനന്നതിന് വേണ്ടി മാത്രം സ്വകാര്യ ടെസ്റ്റിം​ഗ് ഏജൻസിയെ നിയോ​ഗിച്ചിരിക്കുകയാണ് ​ഗാംബിയ. കഴിഞ്ഞ ഒക്ടോബറിൽ ലോകാരോഗ്യ സംഘടനയുടെ ഡ‍യറക്ടർ പുറത്തു വിട്ട മെഡിക്കൽ പ്രൊഡക്ട് അലർട്ടിലൂടെയാണ് ആഫ്രിക്കയിലെ ദരിദ്ര രാജ്യമായ ​ഗാംബിയയിലെ 66 കുട്ടികളുടെ മരണം ലോകമറിയുന്നത്. ബേബി കഫ് സിറപ്പ്, ഓറൽ സൊല്യൂഷൻ ഉൾപ്പെടെ ഒരു കമ്പനി പുറത്തിറക്കിയ നാല് മരുന്നുകളിലാണ് ഡൈ എത്ലീൻ ​ഗ്ലൈക്കോൾ‌, എത്ലീൻ ​ഗ്ലൈക്കോൾ‌ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്.

ഇന്ത്യയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച് കയറ്റി അയക്കുന്ന മരുന്നുകൾ ​ഗാംബിയയിൽ ഔദ്യോ​ഗിക അനുമതിയില്ലാതെയാണ് വിതരണം ചെയ്തിരുന്നത്. മെയ്ഡൻ കമ്പനി ഇന്ത്യയിൽ ഒരിടത്തും മരുന്ന് വിൽക്കുന്നില്ലെന്ന് കുട്ടികൾ മരിച്ചതിനെ തുടർന്ന് ഇന്ത്യയിലെ ഡ്ര​ഗ് കണ്ട്രോൾ നടത്തിയ വിശദീകരണത്തിൽ വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് മാത്രം മരുന്ന് കയറ്റി അയയ്ക്കുന്ന കമ്പനിയുടെ ലൈസൻസ് റദ്ദാക്കുന്നതിനപ്പുറം മറ്റ് നടപടികളിലേക്കൊന്നും ഇന്ത്യ കടന്നില്ല. ഹരിയാന കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ രേഖകളിൽ തന്നെ കുറഞ്ഞ ​ഗുണനിലവാരം പ്രകടമായിരുന്നു. കമ്പനിയുടെ വെബ്സൈറ്റിൽ ലോകാര്യോ​ഗ സംഘടയുടെ ​ഗുണനിലവാര സൂചികയായ ​ഗുഡ് മാനുഫാക്ടറിം​ഗ് പ്രാക്ടീസ് (ജി.എം.പി) ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ലോകാര്യോ​ഗ സം​ഘടന ഇത് നിഷേധിച്ചതോടെ വെബ്സൈറ്റിൽ നിന്നും അപ്രത്യക്ഷമായി. കുട്ടികളുടെ മരണത്തിന് ശേഷം ലോകാരോ​ഗ്യസംഘടന വഴി ​ഗാംബിയ ആവശ്യപ്പെട്ടതിനെത്തുടർന്ന് സെൻട്രൽ ഡ്ര​ഗ് സ്റ്റാൻഡേർഡ് ഉദ്യോ​ഗസ്ഥർ മെയ്ഡൻ കമ്പനിയുടെ ഹരിയാനയിലെ ആസ്ഥാനത്തെത്തിയെങ്കിലും പിന്നീട് വിവരമൊന്നുമില്ല. ഇന്ത്യയിലെ മരുന്ന് വ്യവസായം എത്രമാത്രം നിരുത്തരവാദിത്തപരമായാണ് പ്രവർത്തിക്കുന്നത് എന്നത് ഇതില്‍ നിന്ന് മനസ്സിലാക്കാം.

നിലവാരമില്ലാത്തതും കൃത്യമായ പരിശോധനകളുമില്ലാത്ത മരുന്ന് നിർമ്മാണവും കയറ്റുമതിയും ഇന്ത്യയുടെ ഔഷധപാരമ്പര്യത്തിന് തന്നെ മങ്ങലേൽപ്പിക്കുന്നതാണെന്ന വിമർശനം ശക്തമാണ്.

മെയ്ഡൻ കമ്പനിയുടെ ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഇന്ത്യയിൽ പലയിടത്തും വിതരണം ചെയ്ത ശേഷം പിൻവലിച്ചതായി റെഡ് ഫ്ലാ​ഗ് സൈൻ രേഖയിൽ കാണാം. ​ഹൃദ്രോ​ഗികൾ തുടർച്ചയായി ഉപയോ​ഗിക്കുന്ന ആസ്പിരിൻ പോലുള്ള മരുന്നുകൾ കേരളത്തിലും വിതരണം ചെയ്യുകയും ​കുറഞ്ഞ കാലയളവിനുള്ളിൽ 5 തവണ ​ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്ത ആന്‍റിബയോട്ടിക് ഉൾപ്പെടെയുള്ള മരുന്നുകളിലും ഗുണനിലവാരക്കുറവ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു കമ്പനിക്ക് വിദേശവിപണത്തിന് എങ്ങനെ അനുമതി കിട്ടി എന്നതിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നു.

നോയ്ഡ‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക്കിന്റെ മരുന്നുകളാണ് ഉസ്ബക്കിസ്ഥാനിൽ കുട്ടികളുടെ മരണത്തിന് കാരണമായത് എന്നാണ് ആരോപണം. ഡോക് 1 മാക്സ് എന്ന കഫ് സിറപ്പിലാണ് മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതെന്നാണ് ഉസ്ബക്കിസ്ഥാൻ ആരോ​ഗ്യമന്ത്രാലയം പറയുന്നത്. കുട്ടികൾ മരിച്ച സംഭവം ആ​ഗോളതലത്തിൽ വിവാദമായതോടെ മാരിയോൺ‌ ബയോടെകിന്‍റെ പ്രവർത്തനവും കയറ്റുമതിയും ഇന്ത്യ തടഞ്ഞു. കുട്ടികൾ‌ മരണപ്പെട്ടതിൽ നിശ്ചിത ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യയിലും സമാനരീതിയിൽ എത്ലീൻ ​ഗ്ലൈക്കോൾ, മരുന്നിലൂടെ ഉള്ളിലെത്തി കുട്ടികൾ മരണപ്പെട്ടിട്ടുണ്ട്. 1973ൽ ചെന്നൈ എ​ഗ്മോറിൽ 14 കുട്ടികളും 1986 ബോംബെയിൽ 14 കുട്ടികളും 1988 ൽ ഡൽഹിയിൽ 33 കുട്ടികളും മരിച്ചു. 2020 ഫെബ്രുവരിയിലും ജമ്മുവിലെ ഉദ്ദംപൂർ ജില്ലയിൽ കോൾഡ് ബെസ്റ്റ് എന്ന ചുമ സിറപ്പ് കഴിച്ച് 12 കുട്ടികൾ മരണപ്പെട്ടിരുന്നു. മരുന്നിലൂടെ ഉള്ളിലെത്തിയ ഡൈ എത്ലീൻ ​ഗ്ലൈക്കോൾ ആണ് മരണകാരണമെന്ന് ചണ്ഡീ​ഗഡ് പോസ്റ്റ്​ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ​ഗ്ദർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സാധാരണ​ഗതിയിൽ മരുന്നുകളിൽ ഇത്തരം വിഷാംശങ്ങൾ കണ്ടെത്തിയാൽ അത് കൂടുതൽ പേർ ഉപയോ​ഗിക്കുന്നത് തടയാനുളള നടപടികൾ ഡ്ര​ഗ് കണ്‍ട്രോൾ അതോരിറ്റി ചെയ്യേണ്ടതാണ്.എന്നാൽ അന്ന് മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകുന്നതടക്കമുള്ള ഒരു പ്രവർ‌ത്തിയിലേക്കും ബന്ധപ്പെട്ടവർ കടന്നില്ല. മരുന്നുകൾ തിരിച്ചെടുത്ത കാര്യവും ആരും അറിഞ്ഞില്ല. ഇന്ത്യയിലെ രോ​ഗികൾ എന്ത് വിശ്വാസത്തിലാണ് മരുന്ന് കഴിക്കേണ്ടതെന്ന വ്യാപക വിമർശനം അന്ന് ഉയർന്നിരുന്നു.

കഫ് സിറപ്പുകളിൽ ലായകത്വത്തിനു വേണ്ടി നിശ്ചിത അളവിൽ പോളി പ്രൊപ്പിലിൻ ​ഗ്ലൈക്കോൾ ചേര്‍ക്കാറുണ്ട്. ഇതിന് പകരമായി ഡൈ എത്ലീൻ ​ഗ്ലൈക്കോൾ, എത്ലീൻ ​ഗ്ലൈക്കോൾ എന്നിവ കലരുമ്പോഴാണ് ജീവനെടുക്കുന്ന വിഷമായി മാറുന്നത്. ഈ വിഷാംശങ്ങൾ ഉള്ളിലേക്കെത്തിയാൽ വ‍ൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാവാനും ജീവൻ തന്നെ നഷ്ടപ്പെടാനും കാരണമായേക്കും. ഇത്തരം അബദ്ധങ്ങൾ നിർമാണത്തിനിടെ സംഭവിച്ചാൽ പരിശോധനയിലൂടെ കണ്ടെത്താനുള്ള സംവിധാനവും രാജ്യത്ത് ലഭ്യമല്ല. മരുന്നുകളിൽ വിഷാംശങ്ങൾ കണ്ടെത്തിയാൽ അത് വേ​ഗത്തിൽ തിരിച്ചുവിളിക്കാനുള്ള സംവിധാനവും ഇന്ത്യയിലില്ല.

കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മരുന്നു നിര്‍മ്മാണത്തിലൂടെയും പരിശോധനകളിലൂടെയും മരുന്നിന്‍റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള അടിയന്തിരനടപടികള്‍ ഇന്ത്യ സ്വീകരിക്കേണ്ടതുണ്ട്. മരുന്നുകളിൽ രാസവസ്തുക്കൾ കണ്ടെത്തിയത് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുകയും രാജ്യത്ത് നിർമിച്ച് വിതരണം ചെയ്യുന്ന മരുന്നുകൾ‌ കഴിച്ച് ഇനി ജീവനുകൾ പൊലിയില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. അല്ലാത്ത പക്ഷം ലോകത്തിന്‍റെ മരുന്ന് ഫാര്‍മസി എന്ന അലങ്കാരം രാജ്യത്തിന് നഷ്ടമാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com