സൗദിയിലെ സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയും

സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുള്ള രാജകുമാരൻ്റെ അധ്യക്ഷതയിൽ ചേർന്ന ഫിലിം കമ്മീഷൻ ഡയറക്ടർ ബോർഡ് വിവിധ സിനിമാ ലൈസൻസുകളുടെ സാമ്പത്തിക ഫീസ് കുറയ്ക്കുന്നതിന് അംഗീകാരം നൽകി
സൗദിയിലെ സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത;  ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയും

റിയാദ്: സൗദി അറേബ്യയിലെ സിനിമാ പ്രേമികൾക്ക് സന്തോഷ വാർത്ത. സിനിമാ ടിക്കറ്റ് നിരക്ക് കുത്തനെ കുറയുമെന്ന് റിപ്പോർട്ട്. സൗദി അറേബ്യൻ ഫിലിം കമ്മീഷൻ തിയറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് ഫീസിൽ ഇളവ് പ്രഖ്യാപിച്ചതോടെ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുള്ള രാജകുമാരൻ്റെ അധ്യക്ഷതയിൽ ചേർന്ന ഫിലിം കമ്മീഷൻ ഡയറക്ടർ ബോർഡ് വിവിധ സിനിമാ ലൈസൻസുകളുടെ സാമ്പത്തിക ഫീസ് കുറയ്ക്കുന്നതിന് അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകളിൽ പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ട്.

പുതുക്കിയ സിനിമാ ലൈസൻസ് ഫീസ് നിലവിൽ വന്നതായി ഫിലിം കമ്മീഷൻ അറിയിച്ചു. സ്ഥിരം അല്ലെങ്കിൽ താൽക്കാലിക സിനിമാശാലകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസുകൾക്കും പ്രത്യേക ആവശ്യങ്ങളുള്ളവയ്ക്കും പുതുക്കിയ ഫീസ് ഇപ്രകാരമാണ്: കാറ്റഗറി 'എ' നഗരങ്ങളിൽ, സ്ഥിരമായ സിനിമാ ലൈസൻസിനുള്ള കുറഞ്ഞ ചെലവ് 25,000 റിയാലായി മാറി. ഇത് 210,000 റിയാലായിരുന്നു. കാറ്റഗറി 'ബി' നഗരങ്ങളിലുള്ള ലൈസന്‍സ് ഫീസ് 126,000 റിയാലില്‍ നിന്ന് 15,000 റിയാല്‍ ആയും കുറച്ചു. അതേസമയം 'സി' വിഭാഗം നഗരങ്ങളില്‍ 84,000 റിയാലില്‍ നിന്ന് വെറും 5,000 റിയാല്‍ ആയാണ് നിരക്ക് കുറച്ചത്.

താത്കാലികമായി പ്രദർശിപ്പിക്കുന്നതിനുള്ള തിയറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഫീസും കമ്മീഷൻ കുറച്ചു. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും പൊതുജനങ്ങൾക്ക് ആകർഷകമായ പ്രമോഷനുകൾ നൽകുന്നതിനും സിനിമാ ഓപ്പറേറ്റർമാരെ പ്രേരിപ്പിക്കുക, തുടർന്ന് സിനിമാ സ്‌ക്രീനുകളുടെ വിപുലീകരണത്തെ ഉത്തേജിപ്പിക്കുകയും സൗദിയിൽ സിനിമകളുടെ പ്രദർശനം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ക്രമീകരണങ്ങൾ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com