യുഎഇയിൽ മഴക്കെടുതി; 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും, ജാഗ്രത നിർദേശം

റോഡുകൾ വെള്ളത്തിനടിയിൽപ്പെട്ടു. ഫ്ലാറ്റുകളിൽ ഉൾപ്പെടെ വെള്ളം കയറി, ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചു. പൊതുഗതാഗത സർവീസുകളും തടസപ്പെട്ടു
യുഎഇയിൽ മഴക്കെടുതി; 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും, ജാഗ്രത നിർദേശം

അബുദബി: ശക്തമായ മഴയെ തുടർന്ന് അബുദബിയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. റോഡുകൾ വെള്ളത്തിനടിയിൽപ്പെട്ടു. ഫ്ലാറ്റുകളിൽ ഉൾപ്പെടെ വെള്ളം കയറി, ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചു. പൊതുഗതാഗത സർവീസുകളും തടസപ്പെട്ടു. നാളെ വരെ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

രാജ്യത്ത് ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ ഇന്ന് രാവിലെ മുതൽ ആലിപ്പഴവർഷത്തോടൊപ്പമുള്ള കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വിവിധ എമിറേറ്റുകളിൽ വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെട്ടു. റാസ് അൽ ഖൈമ, അജ്മാൻ, ഷാർജ, ദുബായ് എന്നിവിടങ്ങളിലാണ് തോരാത്ത ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് അനുഭവപ്പെട്ടത്.

വടക്ക് കിഴക്കൻ എമിറേറ്റുകളിൽ നാളെയും മഴ തുടരും. അസ്ഥിരമായ കാലാവസ്ഥയുടെ മറ്റൊരു തരംഗം പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ച് രാജ്യത്തിൻ്റെ ചിതറിക്കിടക്കുന്ന പ്രദേശങ്ങളിൽ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായ്, അബുദബി, ഷാർജ എന്നീ എമിറേറ്റുകളിൽ രണ്ട് ദിവസമെങ്കിലും മോശം കാലാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ പ്രവചനം.

രാജ്യത്തെ മോശം കാലാവസ്ഥയെ കണക്കിലെടുത്ത് വിദ്യാലയങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറി. സർക്കാർ ഉദ്യോ​ഗസ്ഥർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് കമ്പനികൾ അറിയിച്ചിട്ടുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com