ഒമാനിൽ തിങ്കളാഴ്ചയും ശക്തമായ മഴ തുടരും; കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത

മുസന്ദം ഗവർണറേറ്റിലും ഒമാൻ തീരത്തും കടൽ പ്രക്ഷുബ്ധമായിരിക്കും
ഒമാനിൽ തിങ്കളാഴ്ചയും ശക്തമായ മഴ തുടരും; കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത

മസ്ക്കറ്റ്: ഒമാനിൽ തിങ്കളാഴ്ചയും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കൂടാതെ ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ എന്നീ ഗവ‍ർണറേറ്റുകളിൽ പൂർണമായും നോർത്ത് അൽ ബാത്തിന, അൽ ബുറൈമി, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ രാത്രി 10 മണി വരെ പ്രതികൂല കാലാവസ്ഥ നിലനിൽക്കുമെന്ന് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

30 മില്ലീമീറ്റ‍ർ മുതൽ 120 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാൻ സാധ്യതയുള്ളതിനാൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഇപ്പോഴത്തെ മഴ കാരണമാവും. 15 മുതൽ 45 നോട്സ് വരെ (28 മുതൽ 83 കിലോമീറ്റ‍ർ വരെ) വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുകയാണ്. മുസന്ദം ഗവർണറേറ്റിലും ഒമാൻ തീരത്തും കടൽ പ്രക്ഷുബ്ധമായിരിക്കും. ഇവിടങ്ങളിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരയടിക്കും. കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

മസ്‌കറ്റ്, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദഖിലിയ, അൽ ദാഹിറ ഗവർണറേറ്റുകളിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച പെയ്ത അതിശക്തമായ മഴയിൽ കുട്ടികൾ ഉൾപ്പെടെ 12 പേർക്കാണ് ജീവൻ നഷ്ടമായത്. കൊല്ലം സ്വദേശിയായ സുനിൽ കുമാർ സദാനന്ദനും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. വാദി കുത്തിയൊലിച്ചതിനെ തുടര്‍ന്ന് സുനിലിന്റെ വര്‍ക്ക്‌ഷോപ്പിന്റെ മതില്‍ തകര്‍ന്നാണ് അപകടം ഉണ്ടായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com