പാരീസിൽ ചരിത്രം കുറിക്കാൻ; 2024 ഒളിംപിക്സിന് യോ​ഗ്യത നേടി ആദ്യ സൗദി വനിത

യോഗ്യതാ റൗണ്ടിലെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് ദോനിയ വിജയം സ്വന്തമാക്കിയത്
പാരീസിൽ ചരിത്രം കുറിക്കാൻ; 2024 ഒളിംപിക്സിന് യോ​ഗ്യത നേടി ആദ്യ സൗദി വനിത

റിയാദ്: 2024 ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ സൗദി അറേബ്യൻ വനിതയായി സൗദി തായ്‌ക്വോണ്ടോ ദേശീയ ടീം അംഗമായ ദോനിയ അബു താലിബ്. യോഗ്യതാ റൗണ്ടിലെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് ദോനിയ വിജയം സ്വന്തമാക്കിയത്. ഏഷ്യയിലും ആ​ഗോളതലത്തിലും നിരവധി നേട്ടങ്ങളാണ് ദോനിയ കൈവരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ഏഷ്യൻ വെങ്കല മെഡൽ ജേതാവ് കൂടിയാണ് ദോനിയ .

49 കിലോ ഗ്രാം ഭാര വിഭാഗത്തിലെ ദോനിയയുടെ ആഗോളതലത്തിലെ മറ്റൊരു മികച്ച മുന്നേറ്റമാണ് ഒളിംപിക്‌സ് യോഗ്യതയെന്നാണ് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തത്. 2024 ജൂലൈ 26 മുതൽ 11വരെ പാരിസിലാണ് ഒളിംപിക്സിന്റെ 33-ാം പതിപ്പ് നടക്കുന്നത്.

പ്രമുഖരായ നിരവധി വ്യക്തിത്വങ്ങളാണ് ദോനിയയെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. ഒളിമ്പിക് യോഗ്യതാനേട്ടത്തെ സൗദി തായ്ക്വോണ്ടോ ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിഗേഡിയര്‍ ജനറല്‍ ഷദ്ദാദ് അല്‍ ഒമരി അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു. പാരീസ് ഒളിമ്പിക് ഗെയിംസില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ദോനിയ അബു താലിബിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലെ അമേരിക്കന്‍ അംബാസഡറും സൗദി രാജകുടുംബാഗവുമായ റീമ ബിന്ദ് ബന്ദര്‍ രാജകുമാരി ദോനിയ അബു താലിബിന്റെ ചരിത്രനേട്ടത്തെ അഭിനന്ദിച്ചു. 'സൗദി തായ്ക്വോണ്ടോ ദേശീയ ടീം അംഗം ദോണിയ അബു താലിബ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യത്തെ സൗദി വനിതാ അത്ലറ്റാണെന്ന് രാജകുമാരി എക്സിലൂടെ പറഞ്ഞു.

"സൗദി തായ്‌ക്വോണ്ടോ ദേശീയ ടീം അംഗം ദോനിയ അബു താലിബ് ഔദ്യോഗികമായി ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യത്തെ സൗദി വനിതാ അത്‌ലറ്റാണ്, ഒളിമ്പിക് ഗെയിംസിനുള്ള ഏഷ്യൻ യോഗ്യതാ റൗണ്ടിൽ അവർ വിജയകരമായി മത്സരിച്ചു!!!! @saudiolympic,” റീമ ബന്ദർ രാജകുമാരി എക്സിൽ കുറിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com