അബുദബി-ഡബ്ലിൻ വിമാനത്തിൽ യാത്രക്കാരന് അഞ്ചാംപനി; മുന്നറിയിപ്പ്

അയർലണ്ടിലെ ആരോഗ്യ അധികാരികൾ ഇത്തിഹാദ് എയർവേയ്‌സിനെ വിവരം അറിയിച്ചത്
അബുദബി-ഡബ്ലിൻ വിമാനത്തിൽ യാത്രക്കാരന് അഞ്ചാംപനി; മുന്നറിയിപ്പ്

അബുദബി: അബുദബിയിൽ നിന്ന് ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലേക്ക് EY045 വിമാനത്തിൽ യാത്ര ചെയ്ത ഒരു യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതായി എത്തിഹാദ് എയർവേയ്‌സ് വക്താവ് സ്ഥിരീകരിച്ചു. അയർലണ്ടിലെ ആരോഗ്യ അധികാരികൾ ഇത്തിഹാദ് എയർവേയ്‌സിനെ വിവരം അറിയിച്ചത്. അടുത്ത കോൺടാക്റ്റ് ട്രെയ്‌സിംഗിനായി ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തുന്നുണ്ടെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

'2024 മാർച്ച് 9 ന് അബുദബിയിൽ നിന്ന് ഡബ്ലിനിലേക്ക് EY045 വിമാനം എത്തിയശേഷം ഒരു യാത്രക്കാരന് അഞ്ചാംപനി പോസിറ്റീവ് ആണെന്ന് അയർലണ്ടിലെ ആരോഗ്യ അധികാരികള്‍ ഇത്തിഹാദ് എയർവേയ്‌സിനെ അറിയിച്ചു. ബന്ധപ്പെട്ട ആരോഗ്യ അധികാരികൾ വ്യക്തമാക്കിയ നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഇത്തിഹാദ് എയർവേസ് പിന്തുടരുന്നുണ്ട്. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ അടുത്ത കോൺടാക്റ്റ് ട്രെയ്‌സിംഗും ബന്ധപ്പെട്ട അതോറിറ്റി നടത്തും', വക്താവ് പ്രസ്താവനയിൽ പറയുന്നു.

വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരും വീട്ടിലെത്തിയ ശേഷം ഒരു മുറിയിൽ തന്നെ തുടരണമെന്നും രോഗ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണമെന്നും അധിക‍ൃതർ അറിയിച്ചു. മൂക്ക്, ചുവന്നു തുടുത്ത കണ്ണുകൾ, കഴുത്തിൽ ചുണങ്ങു, കടുത്ത പനി എന്നിവ ഉൾപ്പെടുന്ന ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക മുറിയിൽ വീട്ടിലിരിക്കാനും വൈദ്യസഹായം തേടാനും അവർ യാത്രക്കാർക്ക് നിർദേശം നൽകി. ഈ വർഷം ഇതുവരെ അയർലണ്ടിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവുമാണ് എയർലൈനിൻ്റെ പ്രഥമ പരിഗണനയെന്ന് ഇത്തിഹാദ് എയർവേയ്‌സ് വക്താവ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, കുട്ടികളിൽ ഏറ്റവും സാധാരണമാണ് അഞ്ചാംപനി. ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാവുന്ന ഒരു വൈറസ് മൂലമുണ്ടാകുന്ന പകർച്ചാവ്യാധിയാണ്. വായുവിലൂടെ പകരുന്നതുമായ രോഗമാണിത്. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഇത് എളുപ്പത്തിൽ പടരുന്നു. അഞ്ചാംപനി വാക്സിനേഷൻ 2000-നും 2021-നും ഇടയിൽ 56 ദശലക്ഷം മരണങ്ങൾ ഒഴിവാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com