ദന്തല്‍ സ്ഥാപനങ്ങളില്‍ 35 ശതമാനം സ്വദേശിവത്കരണവുമായി സൗദി

മൂന്നോ അധിലധികമോ ജീവനക്കാരുള്ള ദന്തല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 35 ശതമാനം പേരെങ്കിലും സൗദി പൗരന്‍മാരായിരിക്കണമെന്നാണ് വ്യവസ്ഥ
ദന്തല്‍ സ്ഥാപനങ്ങളില്‍ 35 ശതമാനം സ്വദേശിവത്കരണവുമായി സൗദി

റിയാദ്: സ്വദേശി പൗരന്മാർക്ക് ജോലി നൽകാനുള്ള സൗദി സർക്കാർ ശ്രമങ്ങളുടെ ഭാഗമായി ദന്ത തൊഴിൽ മേഖലയിൽ സ്വദേശിവത്കരണത്തിന് തുടക്കമായി. 35ശതമാനം സ്വദേശിവത്കരണമാണ് ആരംഭിച്ചിരിക്കുന്നത്. മൂന്നോ അധിലധികമോ ജീവനക്കാരുള്ള ദന്തല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 35 ശതമാനം പേരെങ്കിലും സൗദി പൗരന്‍മാരായിരിക്കണമെന്നാണ് വ്യവസ്ഥ.

ദന്തൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യം വേണ്ട നടപടികൾ ക്രമീകരിക്കുന്നതിനും ആവശ്യമായ സ്വദേശിവത്കരണ ശതമാനം കൈവരിക്കുന്നതിനും ആറുമാസത്തെ സമയപരിധിയാണ് സൗദി മാനവ വിഭവശേഷി മന്ത്രാലയം സ്വകാര്യ മേഖലയിലെ ദന്ത സ്ഥാപനങ്ങൾക്ക് നൽകിയിരുന്നത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മന്ത്രാലയം മാർച്ച് 10 വരെയാണ് സമയം അനുവദിച്ചിരുന്നത്. സൗദി ഹെല്‍ത്ത് സ്പെഷ്യാലിറ്റീസ് അതോറിറ്റിയുടെ ലൈസന്‍സ് ലഭിച്ചവർക്ക് മാത്രമാണ് രാജ്യത്ത് ഡെന്റിസ്റ്റുകളായി പ്രാക്റ്റീസ് ചെയ്യാന്‍ അനുവാദമുള്ളത്. തൊഴിൽ വിപണിയിൽ സൗദി പൗരന്മാരുടെ സാന്നിധ്യം ലക്ഷ്യമിട്ടുള്ള തീരുമാനം നടപ്പാക്കുന്നത് തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ദന്ത ചികില്‍സാ മേഖലയിലെ 18 പ്രൊഫഷനുകളിലാണ് സൗദിവത്കരണം ബാധകമാകുന്നത്. ജനറല്‍ ഡെന്റിസ്റ്റ്, കണ്‍സള്‍ട്ടന്റ് എന്നിവർ ഇതില്‍ ഉള്‍പ്പെടുന്നു. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ വെബ്സൈറ്റിൽ വ്യക്തമാക്കിയിരുന്നു. സ്വദേശിവത്കരണ ശതമാനത്തിൽ സൗദി ദന്തഡോക്ടറെ കണക്കാക്കണമെങ്കിൽ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യുകയും പ്രതിമാസ വേതനം 7,000 റിയാലിൽ കുറയാത്തതായിരിക്കുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതിൽ കുറവ് വേതനം ലഭിക്കുന്ന സൗദി ദന്ത ഡോക്ടറെ സൗദിവൽക്കരണ ശതമാനത്തിൽ കണക്കാക്കില്ല.

സ്വദേശികൾക്ക് തൊഴിലവസരം വർധിപ്പിക്കുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നൽകുന്ന പ്രോത്സാഹനങ്ങളും സഹായ പരിപാടികളും തീരുമാനം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് ലഭിക്കും. ഏകദേശം 32.2 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യയിൽ പ്രവാസി തൊഴിലാളികളുടെ വലിയൊരു സമൂഹമാണ് താമസിക്കുന്നത്.

സമീപ വർഷങ്ങളിൽ, "സൗദിസേഷൻ" എന്നറിയപ്പെടുന്ന തൊഴിൽ നയത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷൻ, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ തങ്ങളുടെ പൗരന്മാരെ നിയമിക്കുന്നതിനും വിദേശ തൊഴിലാളികളെ മാറ്റിസ്ഥാപിക്കുന്നതിനുമായി രാജ്യം നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യ തങ്ങളുടെ പൗരന്മാർക്കായി ഒരു പ്രാദേശിക തൊഴിൽ പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com