'സ്ത്രീകളുടെ കഴിവുകളിലുള്ള വിശ്വാസം അതിരുകളില്ലാത്തതാണ്';വനിതാ ദിനത്തിൽ ആശംസിച്ച് ഷെയ്ഖ ഫാത്തിമ

'സ്ത്രീകളില്‍ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ വനിതാദിനത്തിലെ പ്രമേയം
'സ്ത്രീകളുടെ കഴിവുകളിലുള്ള വിശ്വാസം അതിരുകളില്ലാത്തതാണ്';വനിതാ ദിനത്തിൽ ആശംസിച്ച് ഷെയ്ഖ ഫാത്തിമ

അബുദബി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ലോകത്താകമാനമുള്ള വനിതകള്‍ക്കും യുഎഇയിലെ വനിതകൾക്കും ആശംസകള്‍ നേര്‍ന്ന് രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക്. കൂടുതല്‍ വിജയം ലഭിക്കാനും നേതൃത്വമേഖലയില്‍ ശോഭിക്കാനും സാധിക്കട്ടെയെന്നും ഷെയ്ഖ ഫാത്തിമ ആശംസിച്ചു. സ്ത്രീകളുടെ കഴിവുകളിലുള്ള തന്റെ വിശ്വാസം അതിരുകളില്ലാത്തതാണെന്നും ഷെയ്ഖ ഫാത്തിമ പറഞ്ഞു. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ നേട്ടങ്ങള്‍ ആഘോഷിക്കുന്ന ഒരു ആഗോള ദിനമാണ് വനിതാ ദിനം. എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിനാണ് വനിതാ ദിനം ആചരിക്കുന്നത്.

'സ്ത്രീകളില്‍ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ വനിതാദിനത്തിലെ പ്രമേയം. 'അന്താരാഷ്ട്ര വനിതാ ദിനത്തില്‍, യുഎഇയിലും ലോകമെമ്പാടുമുള്ള സ്ത്രീകളോടും ഞാന്‍ അഗാധമായ ബഹുമാനവും ആദരവും പ്രകടിപ്പിക്കുന്നു. സ്ത്രീകള്‍ പ്രതിബദ്ധതയുടെയും സമഗ്രതയുടെയും സമര്‍പ്പണത്തിന്റെയും കെടാവിളക്കുകളായി നിലകൊള്ളുന്നു. സമൂഹങ്ങളുടെ പുരോഗതിയെയും പരിണാമത്തെയും പ്രതിഫലിപ്പിക്കുന്നു. അവരുടെ നിസ്വാര്‍ത്ഥ സംഭാവനകള്‍ ലോകത്തിലെ വനിതാസമൂഹങ്ങളെ മാത്രമല്ല, രാഷ്ട്രങ്ങളെയും സമ്പന്നമാക്കി. വിശാലമായ മാനുഷിക ലക്ഷ്യത്തിലേക്ക് ഉയര്‍ന്നു. അവരുടെ ആദരണീയമായ സ്ഥാനങ്ങളെയും സുപ്രധാന സംഭാവനകളെയും ലോകം വിലമതിക്കുന്നു', ഷെയ്ഖ ഫാത്തിമ പറഞ്ഞു.

രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ പ്രിയപ്പെട്ട പെണ്‍മക്കളുടെ മികവും മാര്‍ഗദര്‍ശനങ്ങളും ആഘോഷിക്കുന്നുവെന്ന് ഷെയ്ഖ ഫാത്തിമ പറഞ്ഞു. രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ വനികളുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. അവര്‍ നല്‍കിയ സംഭാവനകളും സ്വാധീനവും വാക്കുകള്‍ക്ക് അതീതമാണെന്ന് ഷെയ്ഖ ഫാത്തിമ പറഞ്ഞു. 'നിങ്ങളോടുള്ള എന്റെ വാത്സല്യം അളവറ്റതാണ്. നിങ്ങളുടെ അഭിലാഷങ്ങള്‍ക്കും ഉന്നതമായ സ്വപ്നങ്ങള്‍ക്കും മാതാവിന്റെ അചഞ്ചലമായ പിന്തുണ ഞാന്‍ ഉറപ്പുനല്‍കുന്നു'- രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com