അബുദബിയിലെ ബാപ്സ് ഹിന്ദു മന്ദിര്‍; മാര്‍ച്ച് ഒന്നിന് പൊതുജനങ്ങള്‍ക്കായി തുറക്കും

ഫെബ്രുവരി 15 മുതല്‍ 29 വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും വിഐപി അതിഥികള്‍ക്കും ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നു
അബുദബിയിലെ ബാപ്സ് ഹിന്ദു മന്ദിര്‍; മാര്‍ച്ച് ഒന്നിന് പൊതുജനങ്ങള്‍ക്കായി തുറക്കും

അബുദബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ മാര്‍ച്ച് ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. വെള്ളിയാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്ന് നല്‍കുമെന്ന് ക്ഷേത്രം അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 14നാണ് നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 15 മുതല്‍ 29 വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും വിഐപി അതിഥികള്‍ക്കും ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നു,

ക്ഷേത്ര ദര്‍ശനം നടത്തണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ക്ഷേത്രത്തിന്‍റെ വെബ്സൈറ്റ് വഴിയോ ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് ഫീസില്ല. തിങ്കളാഴ്ച ദിവസങ്ങളില്‍ ദര്‍ശനത്തിന് അനുവദിക്കുന്നതല്ല. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് ക്ഷേത്ര ദര്‍ശന സമയപരിധി. എല്ലാ മതക്കാര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാവുന്നതാണ്.

യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ബാപ്സ് എന്നറിയപ്പെടുന്ന ‘ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണന്‍ സന്‍സ്ത’ ആണ് ക്ഷേത്രം നിർമ്മിച്ചത്. അബു മുറൈഖയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. പിങ്ക് മണൽക്കല്ലും വെള്ള മാർബിളും ഉപയോഗിച്ചാണ് നിർമ്മാണം. ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. രാജസ്ഥാൻ ശിലയിലാണ് ഈ ശില്പങ്ങൾ കൊത്തിയിട്ടുളളത്. ഇന്ത്യൻ പുരാണ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഹൈന്ദവ ​ഗ്രന്ഥങ്ങളിൽ നിന്നുളള മറ്റ് വിവരണങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ കൊത്തുപണിയിൽ വന്നിട്ടുണ്ട്. രാജസ്ഥാൻ ശിലയിലാണ് ഈ ശില്പങ്ങൾ കൊത്തിയിട്ടുളളത്. രണ്ടായിരത്തോളം ശില്പികളാണ് ക്ഷേത്ര നിർ‌മാണത്തിൽ പങ്കാളികളായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com