കുവൈറ്റ് പാർലമെൻ്റ് പിരിച്ചുവിട്ടു; ഭരണഘടനാ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാണിച്ചാണ് അമീറിൻ്റെ ഉത്തരവ്

വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതെന്നാണ് റിപ്പോർട്ട്
കുവൈറ്റ് പാർലമെൻ്റ് പിരിച്ചുവിട്ടു; ഭരണഘടനാ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാണിച്ചാണ് അമീറിൻ്റെ ഉത്തരവ്

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബാഹ് പാർലമെൻ്റ് പിരിച്ചുവിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതെന്നാണ് റിപ്പോർട്ട്. അസംബ്ലിയുടെ ഭരണഘടനാ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാണിച്ചാണ് അമീറിൻ്റെ ഉത്തരവ്. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് 2023 ജൂണിലാണ് ദേശീയ അസംബ്ലി തിരഞ്ഞെടുക്കപ്പെട്ടത്.

പാർലമെൻ്റ് അംഗം നടത്തിയ പ്രസംഗത്തെ എതിർത്ത് മന്ത്രിമാർ ബുധനാഴ്ച നടന്ന പാർലമെൻ്റ് സമ്മേളനം ബഹിഷ്കരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർലമെൻ്റ് പിരിച്ചുവിടാനുള്ള തീരുമാനം ഉണ്ടായത്. പാർലമെൻ്റ് അംഗം അബ്ദുൾ കരീം അൽ കന്ദരി രാജ്യത്തിൻ്റെ പുതിയ അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബയുടെ മന്ത്രിസഭയെയും പാർലമെൻ്റിനെയും വിമർശിച്ച് പ്രസംഗിച്ചതാണ് മന്ത്രിമാരെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.

അമീറിന്റെ ഉന്നത പദവിയോടുള്ള ബഹുമാനം ലംഘിച്ചുവെന്നും അപകീർത്തികരമായ പദപ്രയോഗങ്ങൾ ബോധപൂർവ്വം ഉപയോഗിച്ചുവെന്നുമാണ് പാർലമെൻ്റ് പിരിച്ചുവിടാനുള്ള കാരണമായി കുവൈറ്റിൻ്റെ ഔദ്യോഗിക വാർത്താ ഏജൻസി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അമീറിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം രേഖകളിൽ നിന്ന് നീക്കാൻ പാർലമെൻ്റ് അംഗങ്ങൾ വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിമാർ പാർലമെൻ്റ് യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com