ഇന്ത്യൻ യാത്രക്കാർക്കായി പ്രീ-അപ്രൂവ്ഡ് വിസയുമായി എമിറേറ്റ്സ് എയർലൈൻ

ആറുമാസത്തെ കാലാവധിയുള്ള യുഎസ് വിസ, യുഎസ് ഗ്രീൻ കാർഡ്, ഇയു റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമായിരിക്കും എമിറേറ്റ്സിന്റെ ഈ പുതിയ വിസ ലഭിക്കുക
ഇന്ത്യൻ യാത്രക്കാർക്കായി പ്രീ-അപ്രൂവ്ഡ് വിസയുമായി  എമിറേറ്റ്സ് എയർലൈൻ

ദുബായ്: ഇന്ത്യക്കാർക്ക് ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് പ്രീ-അപ്രൂവ്ഡ് വിസയുമായി എമിറേറ്റ്സ് എയർലൈൻസ്. 14 ദിവസത്തെ എൻട്രി വിസയായാണ് പുതിയ പദ്ധതി. ഇത്തരം വിസയെടുത്ത് വരുന്നവർക്ക് ദുബായ് വിമാനത്താവളത്തിൽ ക്യൂ നിൽക്കാതെ നടപടികൾ പൂർത്തീകരിക്കാനാകും. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ യാത്ര ഇത് കൂടുതൽ എളുപ്പമാക്കും. ആറുമാസത്തെ കാലാവധിയുള്ള യുഎസ് വിസ, യുഎസ് ഗ്രീൻ കാർഡ്, ഇയു റെസിഡൻസി അല്ലെങ്കിൽ യുകെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമായിരിക്കും എമിറേറ്റ്സിന്റെ ഈ പുതിയ വിസ ലഭിക്കുക.

നേരത്തെ ഇത്തരം വിസകളുള്ള ഇന്ത്യക്കാർക്ക് ദുബായിൽ ഓൺഅറൈവൽ വിസ ലഭിക്കുമായിരുന്നു. ഇത് കൂടുതൽ എളുപ്പമാക്കുകയാണ് ഈ പദ്ധതി. വിസ അനുവദിക്കുന്നത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) സമ്പൂർണ വിവേചനാധികാരത്തിൽ തുടരുമെന്നും എമിറേറ്റ്സ് അറിയിച്ചു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള ഉപഭോക്താക്കള്‍ എമിറേറ്റ്സ് വെബ്സൈറ്റ് വഴിയോ ഏതെങ്കിലും ട്രാവല്‍ ഏജന്റ് വഴിയോ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ടിക്കറ്റെടുത്ത ശേഷം emirates.com എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് ' മാനേജ് ആന്‍ എക്‌സിസ്റ്റിങ് ബുക്കിങ്' എന്ന ലിങ്ക് വഴി ഓപണ്‍ ചെയ്യണം. ഈ ലിങ്കില്‍ തങ്ങളുടെ ബുക്കിങ് വീണ്ടും തുറന്ന ശേഷം ഉപഭോക്താക്കള്‍ 'അപ്ലൈ ഫോര്‍ എ യുഎഇ വിസ' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. വിഎഫ്എസ് ഗ്ലോബല്‍ സര്‍വീസസ് നല്‍കുന്ന ഓണ്‍ലൈന്‍ യുഎഇ വിസ അപേക്ഷാ സൈറ്റിലേക്ക് അപേക്ഷകന്‍ റീഡയറക്ട് ചെയ്യപ്പെടുകയും ഇവിടെ വച്ച് നിബന്ധനകളും വ്യവസ്ഥകളും പൂര്‍ത്തിയാക്കി അംഗീകാരം നല്‍കുകയും ചെയ്യും.

നിലവിൽ 167 പ്രതിവാര ഫ്ലൈറ്റുകളുള്ള എയർലൈൻ ഇന്ത്യയിലെ ഒമ്പതിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. ലോകമെമ്പാടുമുള്ള 140 ലധികം രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്നു. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങൾ ഇന്ത്യയിലെ എയർലൈൻ സർവീസ് നടത്തുന്ന ശൃംഖലയിൽ ഉൾപ്പെടുന്നു. ദുബായ് ടൂറിസത്തിൻ്റെ കണക്കനുസരിച്ച്, 2023 ജനുവരി മുതൽ ഒക്ടോബർ വരെ ഇന്ത്യയിൽ നിന്ന് രണ്ട് ദശലക്ഷം ഇന്ത്യക്കാരാണ് സന്ദർശകരായി എത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com