മത്സ്യ വ്യവസായ മേഖലയിൽ വികസന പദ്ധതികളുമായി ഒമാൻ; രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു

ഒരു ദശലക്ഷം ഒമാനി റിയാലാണ് ബോട്ട്‌യാര്‍ഡിനായി ചെലവിടുക
മത്സ്യ വ്യവസായ മേഖലയിൽ വികസന പദ്ധതികളുമായി ഒമാൻ; രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു

മസ്ക്കറ്റ്: ഒമാനില്‍ മത്സ്യ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. മത്സ്യ വ്യവസായ മേഖലയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിക്ഷേപക സെമിനാറില്‍ രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. ഇന്‍ഡോ ഗള്‍ഫ് മിഡിൽ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഒമാന്‍ ചാപ്റ്ററും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വിദേശ നിക്ഷേപക കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു സെമിനാര്‍.

സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പുറമെ ബിസിനസ് മേഖലയിലെ പ്രമുഖരും പങ്കെടുത്ത സെമിനാറില്‍ രണ്ട് ധാരണാപത്രങ്ങളാണ് ഒപ്പുവച്ചത്. ഒമാനില്‍ ബോട്ട് നിര്‍മാണ യാര്‍ഡ് സ്ഥാപിക്കുന്നതിനായി ഒമാന്‍ ട്രേഡിങ് എസ്റ്റാബ്ലിഷ്‌മെന്റ് ഗ്രൂപ്പും കേരളത്തില്‍ അരൂരില്‍ പ്രവര്‍ത്തിക്കുന്ന സമുദ്ര ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡും തമ്മിലുളളതാണ് ആദ്യത്തെ കരാര്‍. ഒരു ദശലക്ഷം ഒമാനി റിയാലാണ് ബോട്ട്‌യാര്‍ഡിനായി ചെലവിടുക. മസ്ക്കറ്റ് കേന്ദ്രമായി പ്രവത്തിക്കുന്ന വ്യവസായ സ്ഥാപനത്തിന്റെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ളതാണ് രണ്ടാമത്തെ കരാര്‍.

കരാരിന്റെ ഭാഗമായി ടൂറിസം കേന്ദ്രത്തില്‍ പുതിയ ഹൗസ് ബോട്ടുകള്‍ വാങ്ങും. ഒമാനിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ മത്സ്യവ്യവസായ മേഖലയുടെ പങ്കാളിത്തം ഇപ്പോള്‍ 2.5 ശതമാനം മാത്രമാണ്. ഈ മേഖലയുടെ മൂല്യം പത്ത് ശതമാനത്തിലെത്തിക്കുന്നതിനായി 'വിഷന്‍ 2040' എന്ന പ്രത്യേക പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com