സ്വാതന്ത്ര്യത്തിന്റെ മധുരം പങ്കുവച്ച് പ്രവാസികള്‍; പ്രവാസ ലോകത്ത് വിപുലമായ ആഘോഷം

യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രാദേശിക സമയം എട്ട് മണിയോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്
സ്വാതന്ത്ര്യത്തിന്റെ മധുരം പങ്കുവച്ച് പ്രവാസികള്‍; പ്രവാസ ലോകത്ത് വിപുലമായ ആഘോഷം

യുഎഇ: ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലും വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളില്‍ നടന്ന ആഘോഷ പരിപാടികളില്‍ പങ്കാളികളായത്. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രാദേശിക സമയം എട്ട് മണിയോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. അതത് രാജ്യങ്ങളിലെ എംബസികളില്‍ ഇന്ത്യന്‍ അംബാസിഡര്‍മാരും കോണ്‍സുലേറ്റുകളില്‍ കോണ്‍സല്‍ ജനറല്‍മാരും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അബുദാബി ഇന്ത്യന്‍ എംബസിയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗം അദ്ദേഹം വായിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ രാംകുമാര്‍ തങ്കരാജിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. വിവിധ പരിപാടികളും അരങ്ങേറി. സൗദി റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ അംബാസിഡര്‍ സുഹേല്‍ അജാസ് ഖാനും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലവും ദേശീയ പതാക ഉയര്‍ത്തി.

മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരംഗ് ദേശീയ പതാക ഉയര്‍ത്തി. വിവിധ കലാ സാംസ്‌കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഗള്‍ഫിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍, പ്രവാസി കൂട്ടായ്മകള്‍, അസോസിയേഷനുകള്‍ എന്നിവിടങ്ങളിലും സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com