ബഹിരാകാശ നിലയത്തില്‍ അവസാന‌ഘട്ട പരീക്ഷണങ്ങളുമായി സുൽത്താൻ അൽ നെയാദി; എത്തിയിട്ട് അഞ്ച് മാസം

ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി നെയാദി ഭൂമിയിലേക്ക് തിരിക്കും
ബഹിരാകാശ നിലയത്തില്‍ അവസാന‌ഘട്ട പരീക്ഷണങ്ങളുമായി സുൽത്താൻ അൽ നെയാദി; എത്തിയിട്ട് അഞ്ച് മാസം

അബുദാബി: യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി അന്താഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയിട്ട് അഞ്ച് മാസം. ബഹിരാകാശ നിലയത്തില്‍ അവസാന ഘട്ട പരീക്ഷണങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ നെയാദി. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി നെയാദി ഭൂമിയിലേക്ക് തിരിക്കും.

ആറ് മാസക്കാലം നീളുന്ന ദൗത്യത്തിനായി മാര്‍ച്ച് മൂന്നിനാണ് സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശ നിലയത്തിലേക്ക് പോയത്. ദൗത്യം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ നിര്‍ണായകമായ പരീക്ഷണങ്ങളാണ് നടക്കുന്നത്. ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടം കൂടി സ്വന്തമാക്കിയാണ് സുല്‍ത്താന്‍ അല്‍ നെയാദി ഭൂമിയിലേക്കുള്ള മടക്കയാത്രക്ക് തയ്യാറെടുക്കുന്നത്. ബഹിരാകാശത്ത് ഏഴ് മണിക്കൂര്‍ നടന്നതിന്റെ ചരിത്രവും നെയാദിയുടെ പേരില്‍ ഏഴുതി ചേര്‍ക്കപ്പട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയതിന് പിന്നാലെ നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് സുല്‍ത്താന്‍ പങ്കുവച്ചത്. യുഎഇയിലെ സ്‌കൂള്‍ കുട്ടികളുമായി പ്രതിവാര സംവാദ പരിപാടിയും അദ്ദേഹം നടത്തുന്നുണ്ട്.

ബഹിരാകാശ ജീവിതത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ നടത്തം മുതല്‍ എല്ലാം വീണ്ടും പഠിക്കേണ്ടി വരുമെന്ന് ഷാര്‍ജയിലെ സ്‌കൂള്‍ കുട്ടികളുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തില്‍ അല്‍ നെയാദി പറഞ്ഞിരുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ രണ്ട് ആഴ്ചയെങ്കിലും സമയം വേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇരുന്നൂറോളം പരീക്ഷണങ്ങളിലാണ് അല്‍ നെയാദി പങ്കാളിയായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com