കൊമ്പന്മാര്‍ക്ക് പുതിയ സഹപരിശീലകര്‍; വമ്പന്‍ സൈനിങ്ങുമായി ബ്ലാസ്റ്റേഴ്‌സ്

ടീം മാനേജ്‌മെന്റ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്
കൊമ്പന്മാര്‍ക്ക് പുതിയ സഹപരിശീലകര്‍; വമ്പന്‍ സൈനിങ്ങുമായി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: പുതിയ രണ്ട് സഹപരിശീലകരെ തട്ടകത്തിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറെയ്‌സ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ സഹപരിശീലക സ്ഥാനത്ത് എത്തിയത്. ടീം മാനേജ്‌മെന്റ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

സ്വീഡിഷ് പരിശീലകനായ വെസ്‌ട്രോം അസിസ്റ്റന്റ് കോച്ചായും പോര്‍ച്ചുഗീസുകാരനായ മൊറെയ്‌സ് സെറ്റ് പീസുകള്‍ക്കുള്ള സഹപരിശീലകനുമായാണ് നിയമിക്കപ്പെട്ടത്. ഇരുവരെയും ടീമിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. ഇരുവരുടെയും അനുഭവ സമ്പത്തും റെക്കോര്‍ഡുകളും ക്ലബ്ബിന്റെ കോച്ചിങ് ടീമിനെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബ്ലാസ്റ്റേഴ്‌സ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തില്‍ വലിയ അഴിച്ചുപണികളാണ് നടക്കുന്നത്. കഴിഞ്ഞ സീസണിലെ പരാജയത്തിന് ശേഷം മുഖ്യപരിശീലകനായിരുന്ന ഇവാന്‍ വുകോമനോവിച്ച് ക്ലബ്ബുമായി വേര്‍പിരിഞ്ഞിരുന്നു. പകരക്കാരനായി മിക്കേല്‍ സ്റ്റാറേയാണ് ഹെഡ് കോച്ചായി ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ഇതിന് പിന്നാലെ സഹപരിശീലകന്‍ ഫ്രാങ്ക് ഡോവന്‍, താരങ്ങളായ ദിമിത്രിയോസ് ഡയമന്റകോസ്, കരണ്‍ജിത്ത് സിങ്, ലാറ ശര്‍മ്മ, ഡെയ്‌സുകെ സകായി, മാര്‍കോ ലെസ്‌കോവിച്ച്, ഫെഡോര്‍ സെര്‍നിച്ച് എന്നിവരും പടിയിറങ്ങിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com