ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി; സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈയിനോടും കീഴടങ്ങി

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് കൊമ്പന്മാര്‍ പരാജയപ്പെടുന്നത്
ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി; സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈയിനോടും കീഴടങ്ങി

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും പരാജയം വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന്‍ എഫ്‌സിക്കെതിരായ സതേണ്‍ ഡെര്‍ബി മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് കൊമ്പന്മാര്‍ പരാജയപ്പെടുന്നത്.

ആകാശ് സംഗ്‌വാനാണ് ചെന്നൈയിന്റെ വിജയഗോള്‍ നേടിയത്. ചെന്നൈയിന്‍ എഫ്‌സിയുടെ ഹോം തട്ടകമായ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദിമിക്ക് പകരം ഇഷാന്‍ പണ്ഡിതയ്ക്ക് ആദ്യ ഇലവനില്‍ ഇടം ലഭിച്ചു. ആദ്യ പകുതി ഗോള്‍ രഹിതവും വിരസവുമായിരുന്നു.

അതിനിടെ 36ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് പരിക്കേറ്റ് പുറത്തുപോയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ചെന്നൈയിന്റെ മുന്നേറ്റ താരവുമായി കൂട്ടിമുട്ടി പരിക്കേറ്റ സച്ചിനെ സ്‌ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. താരത്തിന് പകരക്കാരനായി കരണ്‍ജീത് സിങ് ഗോള്‍കീപ്പറായി ഇറങ്ങി.

രണ്ടാം പകുതിയിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ഇരു ടീമുകളുടെ ഭാഗത്ത് നിന്നും കാര്യമായ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല. 60-ാം മിനിറ്റിലാണ് ചെന്നൈയിന്റെ വിജയഗോള്‍ പിറന്നത്. ഫാറൂഖ് ചൗധരി നല്‍കിയ അസിസ്റ്റില്‍ നിന്നാണ് ആകാശ് സംഗ്‌വാന്‍ ഗോള്‍ നേടിയത്. ലീഡെടുത്തതോടെ ചെന്നൈയിന്‍ ആക്രമണം കടുപ്പിച്ചു. 68-ാം മിനിറ്റില്‍ ചെന്നൈയിന്‍ താരം റഹീം അലിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ കരണ്‍ജീത് രക്ഷപെടുത്തിയത് ബ്ലാസ്റ്റേഴ്സിന് രക്ഷയായി.

ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി; സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈയിനോടും കീഴടങ്ങി
ദിമിത്രിയോസും ആക്രമണവും ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെതിരായ ആദ്യ പകുതി ഗോള്‍ രഹിതം

72-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില പിടിക്കാന്‍ അവസരമൊരുങ്ങിയെങ്കിലും ഇമ്മാനുവല്‍ ജസ്റ്റിന് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 81-ാം മിനിറ്റില്‍ അങ്കിത് മുഖര്‍ജിക്ക് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നതോടെ ചെന്നൈയിന്‍ പത്തു പേരായി ചുരുങ്ങി. കരണ്‍ജിത് സിങ്ങിനെ പെട്ടെന്ന് ഗോള്‍കിക്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞതിനാണ് അങ്കിത് മുഖര്‍ജിക്ക് റെഡ് കാര്‍ഡ് ലഭിച്ചത്. മത്സരത്തിന്റെ അവസാന 10 മിനിറ്റും ഇഞ്ച്വറി ടൈമും ചെന്നൈയിന്‍ എഫ്സി പത്ത് പേരുമായാണ് പ്രതിരോധിച്ചത്. ഈ അവസരവും മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. പോയിന്റ് പട്ടികയില്‍ നിലവില്‍ നാലാമതാണ് ടീം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com