'ഇനി നന്നായി ഉറങ്ങാം, പക്ഷേ എന്‍റെ എതിരാളിയെ മിസ്സ് ചെയ്യും'; ക്ലോപ്പിനെക്കുറിച്ച് ഗ്വാര്‍ഡിയോള

'മാഞ്ചസ്റ്റര്‍ സിറ്റിയുടെ കൂടി ഭാഗമാണ് ക്ലോപ്പെന്ന് എനിക്ക് തോന്നിയിരുന്നു'
'ഇനി നന്നായി ഉറങ്ങാം, പക്ഷേ എന്‍റെ എതിരാളിയെ മിസ്സ് ചെയ്യും'; ക്ലോപ്പിനെക്കുറിച്ച് ഗ്വാര്‍ഡിയോള

മാഞ്ചസ്റ്റര്‍: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചാണ് ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് ക്ലബ്ബ് വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ലിവര്‍പൂളുമായുള്ള ഒന്‍പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് 56കാരനായ ക്ലോപ്പ് പടിയിറങ്ങുന്നത്. ഇപ്പോള്‍ ക്ലോപ്പിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള. തനിക്കുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ എതിരാളിയാണ് ക്ലോപ്പെന്നാണ് ഗ്വാര്‍ഡിയോള വിശേഷിപ്പിച്ചത്. അദ്ദേഹത്തെ മിസ് ചെയ്യുമെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.

'ഇനി നന്നായി ഉറങ്ങാം, പക്ഷേ എന്‍റെ എതിരാളിയെ മിസ്സ് ചെയ്യും'; ക്ലോപ്പിനെക്കുറിച്ച് ഗ്വാര്‍ഡിയോള
യുഗാന്ത്യം; യര്‍ഗന്‍ ക്ലോപ്പ് ലിവര്‍പൂള്‍ വിടുന്നു

'ക്ലോപ്പ് തീര്‍ച്ചയായും അവിശ്വസനീയമായ പരിശീലകനാണ്. എനിക്ക് അദ്ദേഹത്തെ വളരെ അടുത്ത് അറിയില്ല. എങ്കിലും അദ്ദേഹം നല്ലൊരു വ്യക്തിയാണെന്ന് എനിക്കറിയാം. അവസാന വര്‍ഷങ്ങളില്‍ ലിവര്‍പൂള്‍ ഞങ്ങള്‍ക്ക് വലിയൊരു എതിരാളിയായിരുന്നു. അതുകൊണ്ട് തന്നെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കൂടി ഭാഗമാണ് ക്ലോപ്പെന്ന് എനിക്ക് തോന്നിയിരുന്നു', ഗ്വാര്‍ഡിയോള പറഞ്ഞു.

'ക്ലോപ്പ് ഡോര്‍ട്ട്മുണ്ടിലും ഞാന്‍ ബയേണ്‍ മ്യൂണിക്കിലുമായിരുന്നപ്പോള്‍ മുതല്‍ എന്റെ ഏറ്റവും വലിയ എതിരാളിയായിരുന്നു അദ്ദേഹം. വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ മിസ്സ് ചെയ്യും. ആ ശത്രുതയും മത്സരവും നഷ്ടമാവും. അതേസമയം ഞാന്‍ സന്തുഷ്ടനുമാണ്. കാരണം ഇനി ലിവര്‍പൂളുമായുള്ള മത്സരത്തിന്റെ തലേന്ന് എതിരെ അദ്ദേഹമില്ല എന്ന സമാധാനത്തില്‍ എനിക്ക് നന്നായി ഉറങ്ങാനാകും', ഗ്വാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.

പ്രീമിയര്‍ ലീഗില്‍ പല തവണ പെപ് ഗാര്‍ഡിയോളയുടെ സിറ്റിയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ക്ളോപ്പിന്റെ ലിവര്‍പൂളിനായിട്ടുണ്ട്. 2018നും 2023നും ഇടയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആധിപത്യത്തിന് തടസ്സം സൃഷ്ടിച്ച ഒരേയൊരു ടീമാണ് ലിവര്‍പൂള്‍. ഈ സീസണിലെ പ്രീമിയര്‍ ലീഗ് കിരീടപ്പോരില്‍ ഗ്വാര്‍ഡിയോളയുടെ സിറ്റിയുടെ ഏറ്റവും വലിയ എതിരാളിയായി കണക്കാക്കപ്പെടുന്നതും ലിവര്‍പൂളിനെയാണ്. നിലവില്‍ പ്രീമിയര്‍ ലീഗ് ടോപ്പേഴ്സും റെഡ്സ് ആണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com