ഇനി വീണ്ടും ഐഎസ്എല്‍ ആരവം; ബ്ലാസ്റ്റേഴ്‌സിന് ആദ്യം നേരിടേണ്ടത് കരുത്തരെ

എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ മൂന്നു മത്സരങ്ങളും പരാജയപ്പെട്ട് ഇന്ത്യ പുറത്തായതോടെയാണ് ഐഎസ്എല്‍ മത്സരങ്ങള്‍ നേരത്തെ എത്തുന്നത്
ഇനി വീണ്ടും ഐഎസ്എല്‍ ആരവം; ബ്ലാസ്റ്റേഴ്‌സിന് ആദ്യം നേരിടേണ്ടത് കരുത്തരെ

കൊച്ചി: ഏഷ്യന്‍ കപ്പിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് തിരികെയെത്തുന്നു. ജനുവരി 31നാണ് ഐഎസ്എല്‍ പത്താം പതിപ്പിന്റെ രണ്ടാം പകുതി ആരംഭിക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര ഇടവേളയിലാണ് ഐഎസ്എല്‍. എഎഫ്‌സി ഏഷ്യന്‍ കപ്പിനായി ഡിസംബര്‍ അവസാനമാണ് ഐഎസ്എല്‍ മത്സരങ്ങൾക്ക് ഇടവേളയുണ്ടായത്. എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ മൂന്നു മത്സരങ്ങളും പരാജയപ്പെട്ട് ഇന്ത്യ പുറത്തായതോടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നേരത്തെ എത്തുന്നത്.

ജനുവരി 31ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്‌സി തങ്ങളുടെ ഹോം തട്ടകത്തില്‍ വെച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഫെബ്രുവരി ഒന്നിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി എഫ്‌സി ഗോവയുമായി ഏറ്റുമുട്ടും.

ഫെബ്രുവരി രണ്ടിനാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. കരുത്തരായ ഒഡീഷ എഫ്‌സിയുമായാണ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇടവേള കഴിഞ്ഞുള്ള ആദ്യ മത്സരം. ബ്ലാസ്റ്റേഴ്‌സിന്റെ എവേ മത്സരമാണിത്. ഫെബ്രുവരി 12ന് പഞ്ചാബ് എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരം.

ഐഎസ്എല്ലിന്‍റെ ആദ്യ ഘട്ടത്തിലെ മിന്നും ഫോം രണ്ടാം ഘട്ടത്തിലും തുടരാനാണ് കൊമ്പന്മാര്‍ ശ്രമിക്കുന്നത്. 12 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഗ് ടോപ്പേഴ്‌സ് ആയി നില്‍ക്കുന്നത്. ഐഎസ്എല്ലില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോഴും കലിംഗ സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് തിളങ്ങാനായിരുന്നില്ല. സൂപ്പര്‍ കപ്പിലെ മോശം പ്രകടനത്തിന്റെ നിരാശ മാറ്റുകയായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com