'ബലോന്‍ ദ് ഓറി'ന്റെയും 'ഫിഫ ദ ബെസ്റ്റി'ന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

'മെസ്സിയോ ഹാലണ്ടോ എംബാപ്പെയോ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്ന് ഞാന്‍ പറയുന്നില്ല'
'ബലോന്‍ ദ് ഓറി'ന്റെയും 'ഫിഫ ദ ബെസ്റ്റി'ന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലിസ്ബണ്‍: ഫുട്‌ബോളിലെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളായ 'ഫിഫ ദ ബെസ്റ്റി'ന്റെയും 'ബലോന്‍ ദ് ഓറി'ന്റെയും വിശ്വാസ്യത നഷ്ടപ്പെടുന്നതായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്ലോബ് സോക്കര്‍ മറഡോണ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയെ ഉന്നംവെച്ചുള്ള റൊണാള്‍ഡോയുടെ പരോക്ഷ വിമര്‍ശനം. നിലവില്‍ ഈ രണ്ട് പുരസ്‌കാരങ്ങളും മെസ്സിയുടെ പേരിലാണ്.

'ബലോന്‍ ദ് ഓറിന്റെയും ഫിഫ ദ ബെസ്റ്റിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുഴുവന്‍ സീസണും നമുക്ക് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. മെസ്സിയോ ഹാലണ്ടോ എംബാപ്പെയോ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഞാന്‍ ഈ പുരസ്‌കാരങ്ങളില്‍ വിശ്വസിക്കുന്നില്ല. ഇത് ഞാന്‍ ഗ്ലോബ് സോക്കര്‍ അവാര്‍ഡ് വിജയിച്ചതുകൊണ്ട് പറയുന്നതല്ല. പക്ഷേ ഇവിടെ വസ്തുതകളും കണക്കുകളുമുണ്ട്. അക്കങ്ങള്‍ ഒരിക്കലും ചതിക്കില്ല. അവര്‍ക്ക് ഈ പുരസ്‌കാരം എന്നില്‍ നിന്ന് കൊണ്ടുപോകാന്‍ കഴിയില്ല. കാരണം കണക്കുകളുടെ യാഥാര്‍ത്ഥ്യമാണ് ഈ പുരസ്കാരം. ഇത് എന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നു', പോര്‍ച്ചുഗീസ് സ്പോർട്സ് മാഗസിനായ റെക്കോര്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ റൊണാൾഡോ പറയുന്നു.

ഇന്റര്‍ മയാമി താരവും അര്‍ജന്റൈന്‍ നായകനുമായ ലയണല്‍ മെസ്സിയാണ് 2023ലെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ബലോന്‍ ദ് ഓര്‍ പുരസ്‌കാരവും സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാലണ്ടിനെയും പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയും പിന്നിലാക്കിയായിരുന്നു മെസ്സി ഇരു പുരസ്‌കാരങ്ങളും പോക്കറ്റിലാക്കിയത്.

അതേസമയം 2023 കലണ്ടര്‍ വര്‍ഷത്തിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയത് അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 54 ഗോളുകളാണ് 2023ല്‍ റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്ന് പിറന്നത്. ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരത്തിനുള്ള ഗ്ലോബ് സോക്കറിന്റെ മറഡോണ അവാര്‍ഡും റൊണാള്‍ഡോയെ തേടിയെത്തിയിരുന്നു. യുവതാരങ്ങളായ കിലിയന്‍ എംബാപ്പെ, ഹാരി കെയ്ന്‍, എര്‍ലിങ് ഹാലണ്ട് എന്നിവരെ പിന്നിലാക്കിയാണ് 38കാരനായ റൊണാള്‍ഡോ 2023ലെ ടോപ് ഗോള്‍ സ്‌കോററായത്. രണ്ടാമതുള്ള എംബാപ്പെയും ഹാരി കെയ്‌നും 52 ഗോളുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ നാലാമതുള്ള എര്‍ലിങ് ഹാലണ്ട് 50 ഗോളുകള്‍ നേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com