ആന്‍ഫീല്‍ഡില്‍ 'സലാ ഷോ', ഇരട്ടഗോളും റെക്കോര്‍ഡും; പുതുവര്‍ഷം കളറാക്കി ലിവര്‍പൂള്‍

മത്സരത്തിന്റെ 49-ാം മിനിറ്റില്‍ സലായിലൂടെയാണ് ലിവര്‍പൂള്‍ ഗോള്‍വേട്ട ആരംഭിക്കുന്നത്
ആന്‍ഫീല്‍ഡില്‍ 'സലാ ഷോ', ഇരട്ടഗോളും റെക്കോര്‍ഡും; പുതുവര്‍ഷം കളറാക്കി ലിവര്‍പൂള്‍

ലണ്ടന്‍: സലായുടെ ഇരട്ടഗോള്‍ മികവില്‍ ലിവര്‍പൂളിന് വിജയത്തുടക്കം. പ്രീമിയര്‍ ലീഗില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ന്യൂകാസിലിനെ തകര്‍ത്ത് ലിവര്‍പൂള്‍ പുതുവര്‍ഷം ആരംഭിച്ചു. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു റെഡ്‌സിന്റെ തകര്‍പ്പന്‍ വിജയം. 20 മത്സരങ്ങളില്‍ നിന്നും 45 പോയിന്റുമായി ഒന്നാമതാണ് ലിവര്‍പൂള്‍. 13 വിജയവും ആറ് സമനിലയും ഒരു തോല്‍വിയുമാണ് റെഡ്‌സിന്റെ സമ്പാദ്യം.

മത്സരത്തിന്റെ 49-ാം മിനിറ്റില്‍ സലായിലൂടെയാണ് ലിവര്‍പൂള്‍ ഗോള്‍വേട്ട ആരംഭിക്കുന്നത്. 54-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഐസകിലൂടെ ന്യൂകാസിലിന്റെ മറുപടിയെത്തി. എന്നാല്‍ 74-ാം മിനിറ്റില്‍ കുര്‍ട്ടിസ് ജോണ്‍സ് വീണ്ടും ആതിഥേയരെ മുന്നിലെത്തിച്ചു.

അധികം വൈകാതെ തന്നെ ലിവര്‍പൂള്‍ സ്‌കോര്‍ ഉയര്‍ത്തി. 78-ാം മിനിറ്റില്‍ കോഡി ഗാക്‌പോയാണ് ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടിയത്. 81-ാം മിനിറ്റില്‍ സ്വെന്‍ ബോട്ട്മാന്‍ ന്യൂകാസിലിന് വേണ്ടി ലക്ഷ്യം കണ്ടെങ്കിലും ഫലമുണ്ടായില്ല. 86-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുഹമ്മദ് സലാ വലയിലെത്തിച്ചതോടെ ലിവര്‍പൂള്‍ ആധികാരിക വിജയം ഉറപ്പിച്ചു.

ലിവര്‍പൂളിന് വേണ്ടി ഇരട്ടഗോള്‍ നേടിയതോടെ തകര്‍പ്പന്‍ റെക്കോര്‍ഡും ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം സലായെ തേടിയെത്തി. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വേണ്ടി 150 ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് സലാ സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ലീഗില്‍ ഒരു ക്ലബ്ബിന് വേണ്ടി 150 ഗോളുകള്‍ സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് സലാ. ടോട്ടനത്തിന് വേണ്ടി ഹാരി കെയ്ന്‍, മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി സെര്‍ജിയോ അഗ്യുറോ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി വെയ്ന്‍ റൂണി, ആഴ്‌സണലിന് വേണ്ടി തിയറി ഒന്റ്‌റി എന്നിവരാണ് പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബ്ബിന് വേണ്ടി 150 ഗോളുകള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com