ഇന്ത്യന്‍ 'എല്‍ ക്ലാസിക്കോ'യില്‍ ബ്ലാസ്‌റ്റേഴ്‌സ്; മോഹന്‍ ബഗാനെ പഞ്ഞിക്കിട്ട് ലീഗില്‍ ഒന്നാമത്

ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്
ഇന്ത്യന്‍ 'എല്‍ ക്ലാസിക്കോ'യില്‍ ബ്ലാസ്‌റ്റേഴ്‌സ്; മോഹന്‍ ബഗാനെ പഞ്ഞിക്കിട്ട് ലീഗില്‍ ഒന്നാമത്

കൊല്‍ക്കത്ത: മോഹന്‍ ബഗാനെയും കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാമത്. ബഗാന്റെ ഹോം തട്ടകമായ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് സാള്‍ട്ട് ലേക്കില്‍ മത്സരം ആരംഭിച്ചത്. നാലാം മിനിറ്റില്‍ ദിമിത്രിയോസ് തൊടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടിമടങ്ങി. ഏഴാം മിനിറ്റില്‍ മലയാളി താരങ്ങളായ രാഹുല്‍ കെപിയും അസ്ഹറും ചേര്‍ന്ന് മികച്ച മുന്നേറ്റം നടത്തി. എന്നാല്‍ ഒന്‍പതാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പിറക്കുന്നത്.

മോഹന്‍ ബഗാന്റെ മൂന്ന് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ഒറ്റക്ക് മുന്നേറിയ ദിമിത്രിയോസ് ആണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ലക്ഷ്യം കണ്ടത്. ഒരു ടൈറ്റ് ആങ്കിളില്‍ നിന്ന് മനോഹരമായ ഒരു ലെഫ്റ്റ് ഫൂട്ട് ഷോട്ടിലൂടെ ദിമി ബഗാന്റെ വല കുലുക്കി. ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിന് കാഴ്ചക്കാരനായി നില്‍ക്കാനേ സാധിച്ചുള്ളൂ. സീസണില്‍ ദിമിത്രിയോസ് നേടുന്ന ഏഴാമത്തെ ഗോളാണിത്.

ഗോള്‍ വീണതിന് ശേഷവും ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിന് മൂര്‍ച്ച കുറച്ചില്ല. 35-ാം മിനിറ്റില്‍ ബഗാന്‍ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ പിഴവില്‍ നിന്ന് ക്വാമെ പെപ്രയ്ക്ക് അവസരം ലഭിച്ചെങ്കിലും ഗോളായില്ല. രാഹുലിന്റെ ഷോട്ട് ചെറിയ വ്യത്യാസത്തില്‍ പുറത്തുപോവുകയും ചെയ്തു. ആദ്യ പകുതിയില്‍ മോഹന്‍ ബഗാന് ഒരു ഷോട്ട് പോലും എടുക്കാന്‍ സാധിച്ചില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍ ആതിഥേയര്‍ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചു. പക്ഷേ ബഗാനെ താളം കണ്ടെത്താന്‍ കൊമ്പന്മാര്‍ അനുവദിച്ചില്ല. സമനില ഗോളിനായി മോഹന്‍ ബഗാന്‍ പരിശ്രമിച്ചു കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ മറികടക്കാനായില്ല. അധിക സമയത്ത് ലീഡുയര്‍ത്താന്‍ രാഹുലിന് അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് വിശാല്‍ കെയ്ത് തടുത്തിട്ടു. രണ്ടാം പകുതിയില്‍ ആരും ഗോളടിക്കാതിരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് ഒരുഗോളിന് ആധികാരിക വിജയം ഉറപ്പിച്ചു.

ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ മൂന്നാം വിജയവും മോഹന്‍ ബഗാന്റെ തുടര്‍ച്ചയായ മൂന്നാം പരാജയവുമാണിത്. വിജയത്തോടെ 26 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ ഒന്നാമതെത്തി. 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. 19 പോയിന്റുമായി അഞ്ചാമതാണ് മോഹന്‍ ബഗാന്‍. പത്ത് മത്സരങ്ങളില്‍ നിന്ന് ആറ് വിജയമാണ് മുന്‍ ഐഎസ്എല്‍ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്റെ സമ്പാദ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com