ഒറ്റ മത്സരം ഏഴ് റെഡ് കാർഡുകൾ; മോഹൻ ബഗാനെതിരെ മുംബൈയ്ക്ക് ജയം

നട്ടെല്ലിന് ​ഗുരുതര പരിക്കേൽക്കാവുന്ന തരത്തിൽ കഠിനമായ ഫൗളാണ് ആകാശ് മിശ്രയുടെ ഭാ​ഗത്ത് നിന്നുണ്ടായത്.
ഒറ്റ മത്സരം ഏഴ് റെഡ് കാർഡുകൾ; മോഹൻ ബഗാനെതിരെ മുംബൈയ്ക്ക് ജയം

മുംബൈ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മോഹൻ ബ​ഗാനെ തകർത്ത് മുംബൈ സിറ്റി എഫ് സി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം. മത്സരത്തിൽ ​ഗോളെണ്ണത്തിന് മുകളിലാണ് താരങ്ങൾക്ക് ലഭിച്ച റെഡ് കാർഡുകളുടെ എണ്ണം. ആകെ മത്സരത്തിൽ ഏഴ് റെഡ് കാർഡുകളാണുണ്ടായത്. മുംബൈയുടെ നാലും മോഹൻ ബഗന്റെ മൂന്നും താരങ്ങൾക്ക് റെഡ് കാർഡ് ലഭിച്ചു.

മത്സരത്തിന്റെ 13-ാം മിനിറ്റിൽ മുംബൈ സിറ്റി താരത്തിനാണ് ആദ്യ റെഡ് കാർഡ് ലഭിച്ചത്. മോഹൻ ബ​ഗാൻ താരം മൻവീർ സിംഗിന്റെ പുറത്ത് മുട്ടുകൊണ്ട് ചവുട്ടിയതിനാണ് ആകാശ് മിശ്രയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. നട്ടെല്ലിന് ​ഗുരുതര പരിക്കേൽക്കാവുന്ന തരത്തിൽ കഠിനമായ ഫൗളാണ് ആകാശ് മിശ്രയുടെ ഭാ​ഗത്ത് നിന്നുണ്ടായത്.

ഇതോടെ മുംബൈ സിറ്റിയുടെ അംഗബലം 10 ആയി ചുരുങ്ങി. 25-ാം മിനിറ്റിൽ ആദ്യ ​ഗോൾ പിറന്നു. ജേസൺ കമ്മിങ്സിന്റെ ​ഗോളിലൂടെ മോഹൻ ബ​ഗാൻ മത്സരത്തിൽ മുന്നിലെത്തി. 44-ാം മിനിറ്റിൽ സമനില പിടിക്കാൻ മുംബൈ സിറ്റിക്ക് കഴിഞ്ഞു. ഇടത് വിങ്ങിൽ ബിപിൻ സിം​ഗിന്റെ പാസിൽ ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ തകർപ്പൻ ഹെഡർ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടി.

55-ാം മിനിറ്റിൽ രണ്ടാമത്തെ ചുവപ്പ് കാർഡ് ഉയർന്നു. ജോർജ് പെരേര ഡയസിനെ ഫൗൾ ചെയ്തതിന് മോഹൻ ബ​ഗാന്റെ ആശിഷ് റായി ചുവപ്പ് കാർഡ് കണ്ട് പുറത്തേയ്ക്ക് പോയി. 58-ാം മിനിറ്റിൽ വീണ്ടും മോഹൻ ബ​ഗാൻ താരത്തിന് ചുവപ്പ് കാർഡ് കണ്ടു. ഇത്തവണ ലിസ്റ്റണ്‍ കൊളാസോയാണ് ചുവപ്പ് കാർഡ് കണ്ടത്. രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ടതോടെ മോഹ​ൻ ബഗാൻ ഒമ്പത് താരങ്ങളായി ചുരുങ്ങി.

70-ാം മിനിറ്റിൽ മുംബൈ താരം ഗ്രെഗ് സ്റ്റുവര്‍ട്ട് മഞ്ഞ കാർഡ് കണ്ടു. റഫറിക്ക് നേരെ പന്ത് അടിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മഞ്ഞ കാർഡ് ലഭിച്ചത്. 73-ാം മിനിറ്റിൽ ബിപിൻ സിംഗ് മുംബൈയെ മുന്നിലെത്തിച്ചു. ബിപിന്റെ ഷോട്ട് തടയാൻ ശ്രമിച്ച അനിരുദ്ധ് ഥാപ്പയുടെ കാലിൽ നിന്നും പന്ത് ഉയർന്ന് ​ഗോൾ പോസ്റ്റിനുള്ളിൽ വീണു. മത്സരത്തിൽ മുംബൈ 2-1ന് മുന്നിലായി.

88-ാം മിനിറ്റിലാണ് മത്സരത്തിലെ നാലാമത്തെ റെഡ് കാർഡ് വന്നത്. ഇത്തവണ ഗ്രെഗ് സ്റ്റുവര്‍ട്ട് പെനാൽറ്റി ബോക്സിൽ വീണ് റഫറിയെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് ആരോപണം. സ്റ്റുവർട്ടിന് രണ്ടാം മഞ്ഞ കാർഡ് ലഭിച്ചതോടെയാണ് അത് റെഡ് കാർഡ് ആയി മാറിയത്. ഇതോടെ ഇരു ടീമുകളും ഒമ്പത് താരങ്ങളായി ചുരുങ്ങി.

ഒറ്റ മത്സരം ഏഴ് റെഡ് കാർഡുകൾ; മോഹൻ ബഗാനെതിരെ മുംബൈയ്ക്ക് ജയം
മൻവീർ സിംഗിനെ മുട്ടുകൊണ്ട് ഇടിച്ചിട്ട് ആ​കാശ് മിശ്ര, ചുവപ്പ് കാർഡ്

മത്സരം എട്ട് മിനിറ്റിന്റെ ഇഞ്ചുറി ടൈമും കഴിഞ്ഞ് ലോങ് വിസിൽ മുഴങ്ങി. പിന്നെ മുംബൈ - മോഹൻ ബഗാൻ താരങ്ങൾ തമ്മിൽ തല്ലുമുണ്ടായി. ഇതിന് മുംബൈയുടെ വിക്രം പ്രതാപ് സിംഗിനും രാഹുൽ ഭേക്കേയ്ക്കും മോഹൻ ബഗാന്റെ ഹെക്ടർ യൂസ്റ്റെയ്ക്കും ചുവപ്പ് കാർഡുകൾ ലഭിച്ചു. മുംബൈയുടെ ​ഗോൾ കീപ്പർ ഫുർബ ലചെൻപ, ജോർജ് പെരേര ഡയസ്, മോഹൻ ബഗാന്റെ സുബാഷിഷ് ബോസ്, ദീപക് താംഗ്രി, രവി ബഹദൂർ റാണ, അർമാൻഡോ സാദികു എന്നിവർക്ക് മഞ്ഞകാർഡും ലഭിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com