സൗദിയുടെ ആ​ഗ്രഹത്തിന് ഫിഫയുടെ അംഗീകാരം; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

2022ൽ ഖത്തറിൽ നടന്ന ലോകകപ്പ് വൻവിജയമായിരുന്നു.
സൗദിയുടെ ആ​ഗ്രഹത്തിന് ഫിഫയുടെ അംഗീകാരം; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

സൂറിച്ച്: 2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റീനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആതിഥേയ രാഷ്ട്രമാകാനുള്ള താൽപ്പര്യം അറിയിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ഓസ്ട്രേലിയ പിന്മാറിയിരുന്നു. ഇതോടെ സൗദി അറേബ്യയക്ക് ഫുട്ബോൾ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ കഴിയുമെന്ന് ഏകദേശം ഉറപ്പായിരുന്നു.

ഫിഫ ലോകകപ്പിന്റെ 2026ലെ പതിപ്പിന് കാനഡ, മെക്സിക്കോ, യുഎസ് തുടങ്ങിയ വടക്കേ അമേരിക്കൻ രാജ്യങ്ങൾ സംയുക്ത ആതിഥേയത്വം വഹിക്കും. 2030ല്‍ മൂന്ന് ഭൂഖണ്ഡങ്ങളിലായാണ് ലോകകപ്പ് നടക്കുക. ആഫ്രിക്കയിൽ നിന്ന് മൊറോക്കോയും യൂറോപ്പിൽ നിന്ന് പോർച്ചുഗൽ, സ്പെയിൻ രാജ്യങ്ങൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ലോകകപ്പിന്റെ ഭാഗമായുള്ള പ്രദർശന മത്സരങ്ങൾക്ക് അര്‍ജന്റിന, പാരഗ്വായ്, യുറഗ്വായ് തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങൾ വേദിയാകും. 2034ൽ ഏഷ്യയിൽ നടക്കുന്ന ലോകകപ്പിന് സൗദി അറേബ്യ ആതിഥ്യമരുളും. ഫിഫ ലോകകപ്പിന്റെ വരാനിരിക്കുന്ന മൂന്നു പതിപ്പുകൾ, അഞ്ച് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണ് നടക്കുന്നത്. മത്സരങ്ങൾ നടക്കുന്നത് പത്ത് വ്യത്യസ്ത രാജ്യങ്ങളിലാണ്. ഇത് ഫുട്ബോളിനെ ഒരു ആഗോള കായികയിനമാക്കുന്നതായും ഇൻഫന്റീനോ ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.

2022ലെ ഫുട്ബോൾ ലോകകപ്പ് സൗദി അറേബ്യയുടെ അയൽ രാജ്യമായ ഖത്തറിലാണു നടന്നത്. ലോകകപ്പ് നേടിയ അർജന്റീനൻ ടീമിനെ പരാജയപ്പെടുത്തിയ ഏക ടീമാണ് സൗദി അറേബ്യ. പിന്നാലെ ലോകോത്തര താരങ്ങളെ സൗദി പ്രോ ലീ​ഗിലേക്ക് എത്തിച്ച് അറേബ്യൻ രാജ്യം ഞെട്ടിച്ചിരിക്കുകയാണ്. ലോകോത്തര ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസീമ, സാദിയോ മാനെ, നെയ്മർ ജൂനിയർ, റോബർട്ടോ ഫിർമിനോ തുടങ്ങിയ വൻതാര നിരയാണ് സൗദിയിലേക്ക് എത്തിയത്. കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കുമ്പോൾ സൗദി ഫുട്ബോൾ, ലോകകപ്പ് എത്ര വിജയമാക്കി മാറ്റുമെന്നാണ് ഇനി അറിയേണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com