യുണൈറ്റഡിന് ബയേണ്‍ ഷോക്ക്, ആവേശവിജയവുമായി റയലും ആഴ്‌സണലും; ഉദ്വേഗഭരിതം ചാമ്പ്യന്‍സ് ലീഗ്

ഏഴ് ഗോളുകള്‍ പിറന്ന ആവേശപ്പോരാട്ടത്തിലാണ് ബയേണ്‍ മ്യൂണിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്തത്
യുണൈറ്റഡിന് ബയേണ്‍ ഷോക്ക്, ആവേശവിജയവുമായി റയലും ആഴ്‌സണലും; ഉദ്വേഗഭരിതം ചാമ്പ്യന്‍സ് ലീഗ്

വമ്പന്‍ ക്ലബ്ബുകളുടെ ജയപരാജയങ്ങളുമായി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആവേശം തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ്, ആഴ്‌സണല്‍, നാപോളി എന്നീ ക്ലബ്ബുകള്‍ വിജയിച്ചു. എന്നാല്‍ ഇംഗ്ലീഷ് വമ്പന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബയേണ്‍ മ്യൂണിക്കിനോട് പരാജയം വഴങ്ങി. മറ്റൊരു മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ഇന്റര്‍ മിലാന് സമനില വഴങ്ങേണ്ടി വരികയും ചെയ്തു.

7 ഗോള്‍ ത്രില്ലറില്‍ യുണൈറ്റഡിനെ വീഴ്ത്തി ബയേണ്‍

ഏഴ് ഗോളുകള്‍ പിറന്ന ആവേശപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക്. മൂന്നിനെതിരെ നാല് ഗോളുകളുടെ ആധികാരിക വിജയമാണ് ബയേണ്‍ നേടിയത്. ഈ സീസണിലെ യുണൈറ്റഡിന്‍റെ ആറ് മത്സരങ്ങളിലെ നാലാം പരാജയമാണിത്. 28-ാം മിനിറ്റിലും 32-ാം മിനിറ്റിലും ലെറോയ് സാനെയും സെര്‍ജ് ഗ്‌നാബ്രിയും നേടിയ ഗോളുകളിലൂടെ ബയേണ്‍ തുടക്കത്തില്‍ തന്നെ മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചു. സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിന്റെ പാസ് സ്വീകരിച്ച് മുന്നേറിയാണ് സാനെ ആദ്യ ഗോള്‍ നേടിയത്. അനായാസം സേവ് ചെയ്യാമായിരുന്ന സാനെയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ ഒനാനയുടെ പിഴവില്‍ നിന്നാണ് ഗോളായി മാറിയത്. ആദ്യ ഗോള്‍ നേടി രണ്ട് മിനിറ്റുകള്‍ക്കകം ബയേണ്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മുസിയാലയുടെ പാസില്‍ നിന്ന് ഗ്‌നാബ്രിയാണ് ഗോള്‍ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റാസ്മസ് ഹോയ്ലുണ്ടിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു ഗോള്‍ തിരിച്ചടിച്ചു. യുണൈറ്റഡ് മത്സരത്തിലേക്ക് തിരിച്ചുവരികയാണെന്ന് തോന്നിച്ച സമയത്ത് തന്നെ ഒരു പെനാല്‍റ്റി ഗോളിലൂടെ ബയേണ്‍ മുന്നിലെത്തി. 53-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്സന്റെ ഹാന്‍ഡ്ബോളിന് ലഭിച്ച പെനാല്‍റ്റി ഹാരി കെയ്ന്‍ ഗോളാക്കി മാറ്റിയാണ് സ്‌കോര്‍ 3-1 ആയി ഉയര്‍ത്തിയത്. എന്നാല്‍ 88-ാം മിനിറ്റില്‍ കാസെമിറോ ക്ലോസ് റേഞ്ചില്‍ നിന്ന് നേടിയ ഗോളില്‍ സ്‌കോര്‍ 3-2 ആയി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ മത്യാസ് ടെല്‍ നേടിയ ഗോളില്‍ ബയേണ്‍ സ്‌കോര്‍ 4-2 ആക്കി മാറ്റി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കാസെമിറോ യുണൈറ്റഡിനായി ഒരു ഗോള്‍ കൂടി നേടി സ്‌കോര്‍ 4-3 ആക്കി മാറ്റി. ബ്രൂണോയുടെ ഫ്രീകിക്കില്‍ നിന്ന് നേടിയ ഹെഡര്‍ ഗോളിലൂടെയാണ് കാസെമിറോ യുണൈറ്റഡിന്റെ തോല്‍വിയുടെ ആഘാതം കുറച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് അല്‍ബിയോണിനോടും ആഴ്‌സണലിനോടും 3-1 ന് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. 1978 ഡിസംബറിന് ശേഷം ആദ്യമായാണ് യുണൈറ്റഡ് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ മൂന്നോ അതിലധികമോ ഗോളുകള്‍ വഴങ്ങുന്നത്.

ജൂഡ് രക്ഷകനായി; ഇഞ്ച്വറി ടൈം ഗോളില്‍ റയലിന് വിജയം

സാന്റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് സി ഓപ്പണറില്‍ റയല്‍ മാഡ്രിഡ് യൂണിയന്‍ ബെര്‍ലിനിനെ ഒരു ഗോളിന് പരാജയപെടുത്തി. ഇഞ്ച്വറി ടൈമില്‍ ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോളിനായിരുന്നു റയലിന്റെ ജയം. ആദ്യ പകുതിയില്‍ മാഡ്രിഡ് പൊസഷനില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും യൂണിയന്റെ പ്രതിരോധം തകര്‍ക്കാനായില്ല. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രണ്ട് ഗോളവസരങ്ങള്‍ റയലിന് നഷ്ടമായി. രണ്ടാം പകുതിയില്‍ ജോസെലു, അന്റോണിയോ റൂഡിഗര്‍, റോഡ്രിഗോ എന്നിവര്‍ ഗോളടിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തി. അവസാനം സ്പാനിഷ് ക്ലബ്ബിനായി ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റക്കാരനായ ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോളില്‍ റയല്‍ വിജയിച്ചുകയറി.

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആഴ്‌സണലെത്തി, രാജകീയമായി

നീണ്ട ആറുവര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ചാമ്പ്യന്‍സ് ലീഗ് മടങ്ങിവരവ് ആഘോഷമാക്കി ആഴ്‌സണല്‍. ഗ്രൂപ്പ് ബിയില്‍ ഡച്ച് ക്ലബ്ബായ പിഎസ്‌വിയ്‌ക്കെതിരെ എതിരില്ലാത്ത നാല് ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് ആഴ്‌സണല്‍ നേടിയത്. ബുകായോ സാക്ക, ലിയാന്‍ഡ്രോ ട്രോസാര്‍ഡ്, ഗബ്രിയേല്‍ ജീസസ്, ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാഡ് എന്നിവര്‍ നേടിയ ഗോളുകള്‍ക്കായിരുന്നു ആഴ്സണലിനെ ജയം. എട്ടാം മിനിറ്റില്‍ തന്നെ ബുകായോ സാക്ക ആഴ്സണലിനെ മുന്നിലെത്തിച്ചു. 20-ാം മിനിറ്റില്‍ ട്രോസാര്‍ഡിന്റെ ഷോട്ട് ആഴ്സണലിന്റെ ലീഡ് ഇരട്ടിയാക്കി. 38-ാം മിനിറ്റില്‍ ബ്രസീലിയന്‍ സ്ട്രൈക്കര്‍ ജീസസ് മൂന്നാമത്തെ ഗോള്‍ നേടി. 70-ാം മിനിറ്റില്‍ ഒഡേഗാര്‍ഡ് നാലാം ഗോളും കൂട്ടിച്ചേര്‍ത്തതോടെ ആഴ്‌സണല്‍ ആധികാരിക വിജയം ഉറപ്പിച്ചു.

ജയിച്ചുതുടങ്ങി നാപോളി

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സി പോരാട്ടത്തില്‍ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ നാപോളി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗീസ് ക്ലബ്ബായ ബ്രാഗയെ പരാജയപ്പെടുത്തി. ബ്രാഗ ഡിഫന്‍ഡര്‍ സിക്കോ നിയാക്കേറ്റിന്റെ സെല്‍ഫ് ഗോളാണ് നാപോളിക്ക് വിജയം നേടിക്കൊടുത്തത്. ക്യാപ്റ്റന്‍ ജിയോവാനി ഡി ലോറെന്‍സോയിലൂടെ നാപോളി ആദ്യ പകുതിയില്‍ ലീഡ് നേടി. 84-ാം മിനിറ്റില്‍ പകരക്കാരനായ റോഡ്രിഗോ സലാസര്‍ നല്‍കിയ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെ ബ്രൂമ ബ്രാഗക്കായി സമനില പിടിച്ചു. എന്നാല്‍ നാല് മിനിറ്റുകള്‍ക്ക് ശേഷം ബ്രാഗ താരത്തിന്റെ നിര്‍ഭാഗ്യകരമായ സെല്‍ഫ് ഗോളില്‍ നാപോളി വിജയം നേടി.

ഇന്റര്‍ മിലാന് സമനില

കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ ഇന്റര്‍ മിലാന്‍ റയല്‍ സോസിഡാഡുമായി സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. സോസിഡാഡിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്‍പില്‍ ഭൂരിഭാഗം സമയവും മത്സരത്തില്‍ പിറകിലായതിന് ഒടുവില്‍ ഇന്റര്‍ മിലാന്‍ പരാജയം ഒഴിവാക്കുകയായിരുന്നു. നാലാം മിനിറ്റില്‍ ബ്രെയ്സ് മെന്‍ഡെസ് നേടിയ ഗോളില്‍ സോസിഡാഡ് ലീഡ് നേടി. 87-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസാണ് മിലാന് സമനില ഗോള്‍ നേടിക്കൊടുത്തത്. തങ്ങളുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കളിക്കാനെത്തുന്ന സോസിഡാഡിന് നിലവിലെ ഫൈനലിസ്റ്റുകള്‍ക്കെതിരെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ സാധിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com