'യുണൈറ്റഡിന് പകരം ബയേണിനെ തിരഞ്ഞെടുക്കാനുള്ള കാരണമിതാണ്'; തുറന്നുപറഞ്ഞ് ഹാരി കെയ്ന്‍

ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബയേണ്‍ മ്യൂണിക്ക് നേരിടാനൊരുങ്ങുകയാണ്
'യുണൈറ്റഡിന് പകരം ബയേണിനെ തിരഞ്ഞെടുക്കാനുള്ള കാരണമിതാണ്'; തുറന്നുപറഞ്ഞ് ഹാരി കെയ്ന്‍

ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് വേണ്ടിയുള്ള ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനൊരുങ്ങുകയാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍. ലീഗില്‍ ഗ്രൂപ്പ് എ ഓപ്പണറില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് ബയേണ്‍ മ്യൂണിക്ക് നേരിടുന്നത്. ടോട്ടന്‍ഹാമില്‍ നിന്ന് വമ്പന്‍ ട്രാന്‍സ്ഫറില്‍ ബയേണിലേക്ക് എത്തിയ ശേഷം വീണ്ടുമൊരു ഇംഗ്ലീഷ് ടീമിനെതിരെ ഇറങ്ങാനൊരുങ്ങുകയാണ് കെയ്ന്‍. ഇതിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പകരം ബയേണ്‍ മ്യൂണിക്കിനെ തിരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഹാരി കെയ്ന്‍.

'തീര്‍ച്ചയായും ഈ സമ്മറില്‍ കുറച്ച് നല്ല ക്ലബ്ബുകളുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പക്ഷേ എനിക്ക് ശരിക്കും താല്‍പ്പര്യം തോന്നിയിട്ടുള്ള ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക് ആയിരുന്നു', കെയ്ന്‍ പറഞ്ഞു. 'ബേയണ്‍ വന്നതിന് ശേഷം മറ്റ് ചര്‍ച്ചകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ടോട്ടന്‍ഹാം അവരുമായി സംസാരിച്ച് ധാരണയിലെത്തി. തുടര്‍ന്ന് കരാര്‍ പൂര്‍ത്തിയാവുകയും ചെയ്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മികച്ച ക്ലബ്ബാണ്. പക്ഷേ ഞാന്‍ ബയേണിലേക്ക് വരാന്‍ തീരുമാനിച്ചു. ഞാന്‍ ഇവിടെ സന്തോഷവാനാണ്', കെയ്ന്‍ വ്യക്തമാക്കി.

മ്യൂണിക്കിന്റെ ഹോം തട്ടകമായ അലയന്‍സ് അരീന സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച രാത്രി 12.30നാണ് യുണൈറ്റഡ്-ബയേണ്‍ മത്സരം. ബുണ്ടസ് ലീഗയില്‍ ബയേണിന് വേണ്ടി നാല് ഗോളുകള്‍ കെയ്ന്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്ക്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണെങ്കില്‍ ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും പരാജയം വഴങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഹോം മത്സരത്തില്‍ ബ്രൈറ്റണോടും ഹോവ് അല്‍ബിയോണിനോടും ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കനത്ത തോല്‍വിയാണ് നേരിട്ടത്. എന്നാലും എതിരാളികളെ കെയ്ന്‍ നിസ്സാരന്മായി കാണുന്നില്ല. 'മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവരുടെ കഠിനമായ സ്‌പെല്ലിലൂടെയാണ് കടന്നുപോകുന്നത്. ഒരുപക്ഷേ അത് അവരെ കൂടുതല്‍ അപകടകാരികളാക്കിയേക്കാം. കാരണം അവര്‍ പ്രതികരിക്കാനാണ് ആഗ്രഹിക്കുന്നത്', കെയ്ന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com