ഇറ്റാലിയൻ ഫുട്ബോളിന് ഞെട്ടൽ; റോബര്‍ട്ടോ മന്‍ചീനി രാജിവെച്ചു

കടുത്ത സമ്മർദ്ദങ്ങളെ പുഞ്ചിരിയോടെ നേരിടണമെന്നായിരുന്നു മൻചീനിയുടെ തന്ത്രം
ഇറ്റാലിയൻ ഫുട്ബോളിന് ഞെട്ടൽ; റോബര്‍ട്ടോ മന്‍ചീനി രാജിവെച്ചു

റോം: ഇറ്റലി ദേശീയ ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ച് റോബർട്ടോ മൻചീനി. 2023 യൂറോ കപ്പിന്റെ യോ​ഗ്യത മത്സരങ്ങൾ നടക്കുന്നതിനിടെയാണ് മൻചീനിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. അഞ്ച് വർഷമാണ് മൻചീനി ഇറ്റലിയുടെ പരിശീലക സ്ഥാനത്തിരുന്നത്. മൻചീനിയ്ക്ക് ഈ മാസം ഇറ്റലിയുടെ അണ്ടർ 20, 21 പരിശീലക സ്ഥാനവും ഏൽപ്പിച്ചിരുന്നു. മുമ്പ് ഇന്റർ മിലാൻ, മാഞ്ചസ്റ്റർ സിറ്റി ടീമുകളെയും മൻചീനി പരിശീലിപ്പിച്ചിട്ടുണ്ട്.

2021 യൂറോകപ്പ് ഇറ്റലിക്ക് നേടിക്കൊടുത്ത മൻചീനി വലിയ പ്രതീക്ഷയാണ് ടീമിൽ ഉയർത്തിയത്. എന്നാൽ ഒരു വർഷത്തിന് ശേഷം വന്ന ഖത്തർ ലോകകപ്പിന് യോ​ഗ്യത പോലും നേടാൻ ഇറ്റലിക്ക് കഴിഞ്ഞില്ല. 2014 ലെ ലോകകപ്പിൽ ഇറ്റലി ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. 2018 ലും ഇറ്റലിക്ക് ലോകകപ്പ് കളിക്കാൻ കഴിഞ്ഞില്ല.

2021 ലെ യൂറോകപ്പിലൂടെയാണ് ഇറ്റലിയുടെ വമ്പൻ തിരിച്ചുവരവ് നടത്തിയത്. കടുത്ത സമ്മർദ്ദങ്ങളെ പുഞ്ചിരിയോടെ നേരിടണമെന്ന് പഠിപ്പിച്ച മൻചീനിയുടെ തന്ത്രം ഏറെ പ്രസിദ്ധി നേടിയിരുന്നു. ഇറ്റലിയുടെ 39 മത്സരങ്ങളിൽ 63 കളിക്കാരെ പരീക്ഷിച്ച പരിശീലകനാണ് മൻചീനി. നിലവിൽ യൂറോകപ്പ് യോ​ഗ്യതയ്ക്കായി മത്സരിക്കുന്ന യോഗ്യതാ ഇറ്റലി ഒരു ജയവും ഒരു തോൽവിയുമായി മൂന്ന് പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് ഇറ്റാലിയൻ ഫുട്ബോൾ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com