ഡ്യൂറന്‍ഡ് കപ്പില്‍ ഇന്ന് കേരള ഡെര്‍ബി; ബ്ലാസ്റ്റേഴ്‌സും ഗോകുലം എഫ്‌സിയും നേര്‍ക്കുനേര്‍

കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന്‍ ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മത്സരത്തിലാണ് കേരളത്തിലെ വമ്പന്മാരുടെ പോരാട്ടം
ഡ്യൂറന്‍ഡ് കപ്പില്‍ ഇന്ന് കേരള ഡെര്‍ബി; ബ്ലാസ്റ്റേഴ്‌സും ഗോകുലം എഫ്‌സിയും നേര്‍ക്കുനേര്‍

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരള എഫ്‌സിയും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന്‍ ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മത്സരത്തിലാണ് കേരളത്തിലെ വമ്പന്മാരുടെ പോരാട്ടം. ഒരേ സംസ്ഥാനക്കാരാണെങ്കിലും ഇതാദ്യമായാണ് ഇരുടീമുകളും ഒരു ദേശീയതല ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ എയര്‍ഫോഴ്‌സ് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചാണ് ഗോകുലം കേരള എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്.

അതേസമയം കൊച്ചിയിലെ പ്രീ സീസണ്‍ ക്യാംപ് പരിശീലനം പൂര്‍ത്തിയാക്കി കൊല്‍ക്കത്തയിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ടീമിന് ഐഎസ്എല്‍ സീസണിലേക്കുള്ള പ്രകടനത്തിന്റെ തുടക്കമാകും ഡ്യൂറന്‍ഡ് കപ്പ്. പുതുതായി ടീമിലെത്തിയ ആറ് താരങ്ങളും റിസര്‍വ് ടീമില്‍ നിന്നുള്ള അഞ്ച് പേരുമുള്‍പ്പെടുന്ന 27 അംഗ സ്‌ക്വാഡുമായാണ് ബ്ലാസ്റ്റേഴ്‌സ് ഡ്യൂറന്‍ഡ് കപ്പിനെത്തിയത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു തവണ റണ്ണേഴ്‌സ് അപ്പുകളായപ്പോള്‍ ഗോകുലം കേരള എഫ്‌സി 2019ലെ ഡ്യൂറന്‍ഡ് കപ്പ് ജേതാക്കളായിട്ടുണ്ട്.

നിരവധി മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങുന്നത്. കേരളത്തില്‍ നിന്നുള്ള സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദ്, പ്രഭ്സുഖന്‍ സിംഗ് ഗില്‍, ജെസെല്‍ കാര്‍ണെയ്റോ, ഇവാന്‍ കലിയുഷ്‌നി, ഹര്‍മന്‍ജ്യോത് സിംഗ് ഖബ്ര എന്നിവരില്ലാത്ത സ്‌ക്വാഡ് ആണ് ഇത്തവണ. പകരം പ്രീതം കോട്ടാല്‍, പ്രബീര്‍ദാസ്, നോവാച്ച സിങ് എന്നിവര്‍ ടീമിലേക്കെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ സൈനിംഗായ സ്ട്രൈക്കര്‍ ഇഷാന്‍ പണ്ഠിത ബ്ലാസ്റ്റേഴ്‌സിനായി ഇന്ന് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com