സഡൻ ഡെത്തിൽ ഓസ്ട്രേലിയ, ആവേശപ്പോരിൽ ഇം​ഗ്ലണ്ട്; വനിതാ ലോകകപ്പിൽ ഇനി സെമി

ആറിനെതിരെ ഏഴ് ​ഗോളുകൾക്കാണ് സഡൻ ഡെത്തിൽ ഓസീസ് ജയം
സഡൻ ഡെത്തിൽ ഓസ്ട്രേലിയ, ആവേശപ്പോരിൽ ഇം​ഗ്ലണ്ട്; വനിതാ ലോകകപ്പിൽ ഇനി സെമി

സിഡ്നി: ഫിഫ വനിത ലോകകപ്പിൽ സെമി ലൈനപ്പായി. ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയിൽ സ്പെയിൻ സ്വീഡനെ നേരിടും. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ഇം​ഗ്ലണ്ടിന് ഓസ്ട്രേലിയയാണ് എതിരാളികൾ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ സെമിയിൽ കടന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ​ഗോൾ രഹിത സമനില ആയിരുന്നു മത്സരം. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും സഡൻ ഡെത്തിലേക്കും മത്സരം നീണ്ടു. നാടകീയ രം​ഗങ്ങൾക്കൊടുവിൽ ആറിനെതിരെ ഏഴ് ​ഗോളുകൾക്കാണ് ഓസ്ട്രേലിയയുടെ ജയം.

പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യം കിക്കെടുത്തത് ഫ്രാൻസായിരുന്നു. പക്ഷേ ​ഗോൾവല ചലിപ്പിക്കാൻ ഫ്രാൻസിന് കഴിഞ്ഞില്ല. പിന്നാലെ ആദ്യ കിക്കിൽ ഓസീസ് 1-0 ത്തിന് മുന്നിലെത്തി. രണ്ടാം കിക്കിൽ ഫ്രാൻസ് ഒപ്പമെത്തി. സ്കോർ 1-1. എന്നാൽ രണ്ടാം കിക്കെടുത്ത ഓസീസ് അവസരം പാഴാക്കി. ഇരു ടീമുകളും രണ്ട് അവസരങ്ങൾ പിന്നിടുമ്പോൾ സ്കോർ 1-1 ന് തുല്യം. നാല് കിക്കുകൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും 3-3 ന് തുല്യത പാലിച്ചു. നിർണായകമായ അഞ്ചാം കിക്ക് ഇരു ടീമുകളും പാഴാക്കി. ഇതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീണ്ടു. വീണ്ടും ഫ്രാൻസും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പം മുന്നേറി. എട്ട് കിക്കുകൾ പൂർത്തിയായപ്പോൾ സ്കോർ 6-6 ന് ഒപ്പത്തിനൊപ്പം. ഫ്രാൻസിന്റെ ഒമ്പതാം കിക്ക് ഓസ്ട്രലിയൻ ​ഗോൾകീപ്പർ മക്കെൻസി അർണോൾഡ് തടഞ്ഞു. പക്ഷേ കിക്കെടുക്കും മുമ്പെ അർണോൾഡ് ​ ​ഗോൾ ലൈനിൽ നിന്ന് മാറിയിരുന്നു. ഇതോടെ ഫ്രാൻസിന് ഒമ്പതാം അവസരം വീണ്ടും നൽകി. പക്ഷേ ഇത്തവണയും ഫ്രാൻസിന് ​ഗോൾ നേടാനായില്ല. ഒടുവിൽ ഒമ്പതാം കിക്ക് ​ഓസ്ട്രേലിയ ​ഗോളാക്കി മാറ്റി മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.

അവസാന ക്വാർട്ടറിൽ കൊളംബിയയെ തോൽപ്പിച്ചായിരുന്നു ഇം​ഗ്ലണ്ടിന്റെ സെമി പ്രവേശനം. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ഇം​ഗ്ലണ്ടിൻ്റെ ജയം. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 44-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ​ആദ്യ ​ഗോൾ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്നെ ഇം​ഗ്ലണ്ട് സമനിലയിലാക്കി. 63-ാം മിനിറ്റിൽ ഇം​ഗ്ലണ്ട് ലീഡ് ഉയർത്തി. കൊളംബിയയ്ക്ക് മറുപടി ​ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇം​ഗ്ലണ്ട് 2-1 ന് ജയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com