മഞ്ഞുരുകുന്നു; എംബാപ്പെയും ക്ലബും തമ്മിൽ ധാരണയിലെത്തിയതായി പിഎസ്ജി കോച്ച്

സമാനപ്രശ്നങ്ങൾ മുമ്പും നേരിട്ടിരുന്നുവെന്നും ലൂയിസ്‍ എൻറിക്വെ
മഞ്ഞുരുകുന്നു; എംബാപ്പെയും ക്ലബും തമ്മിൽ ധാരണയിലെത്തിയതായി പിഎസ്ജി കോച്ച്

പാരിസ്: ഒടുവിൽ പിഎസ്ജിയും കിലിയൻ എംബാപ്പെയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ഫ്രഞ്ച് ലീ​ഗ് പുതിയ സീസൺ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ക്ലബും താരവും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത്. സാഹചര്യങ്ങൾ അനുകൂലമാണെന്ന് പിഎസ്ജി കോച്ച് ലൂയിസ്‍ എൻറിക്വെ പറഞ്ഞു. സമാനമായ പ്രശ്നങ്ങൾ മുമ്പും നേരിട്ടിട്ടുണ്ട്. ഇപ്പോൾ എംബാപ്പെയുമായുള്ള പ്രശ്നങ്ങൾ പരിഹ​രിച്ചതായും ലൂയിസ്‍ എൻറിക്വെ വ്യക്തമാക്കി.

എഫ്സി ലോറിയെയ്ക്കെതിരെ ഞായറാഴ്ചയാണ് പിഎസ്ജിയുടെ ആദ്യ മത്സരം. പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന പിഎസ്ജി കോച്ചിൻ്റെ വാദം ശരിയെങ്കിൽ ഈ മത്സരത്തിൽ എംബാപ്പെ കളിക്കും. ഫ്രാൻസ് നായകനെ കളിപ്പിക്കാൻ എൻറിക്വെയ്ക്കും കളത്തിലിറങ്ങാൻ എംബാപ്പെയ്ക്കും താൽപ്പര്യമുണ്ടെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്പോർട്സ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും പിഎസ്ജി കോച്ചിൻ്റെ അവകാശ വാദങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

മുമ്പ് കരാർ പുതുക്കാത്തതിനെ തുടർന്നാണ് എംബാപ്പെയും പിഎസ്ജിയും തമ്മിൽ ഉടക്കിയത്. ഈ സീസൺ കൂടിയാണ് എംബാപ്പെയ്ക്ക് പിഎസ്ജിയുമായി കരാറുള്ളത്. ഫ്രീ ഏജൻ്റായി ക്ലബ് വിടണമെന്നാണ് എംബാപ്പെയുടെ ആ​ഗ്രഹം. എന്നാൽ വലിയ തുക പ്രതിഫലം നൽകുന്ന എംബാപ്പെയെ സൗജന്യമായി വിട്ടുകൊടുക്കാൻ പിഎസ്ജി തയ്യാറായിരുന്നില്ല. ഇരുകൂട്ടരും തമ്മിൽ പ്രശ്നങ്ങളായതോടെ എംബാപ്പെയെ പിഎസ്ജിയുടെ ഏഷ്യൻ പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. സീസൺ ആരംഭിക്കുമ്പോൾ എംബാപ്പെ കളിക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com