ഫിഫ വനിത ലോകകപ്പ്; സ്വിറ്റ്സർലാൻഡിനെ തകർത്ത് സ്പെയിൻ ക്വാർട്ടറിൽ

ന്യുസിലാൻഡിൽ ഇതാദ്യമായി ലോകകപ്പ് കാണാൻ 43,217 പേർ സ്റ്റേഡിയത്തിലെത്തി
ഫിഫ വനിത ലോകകപ്പ്; സ്വിറ്റ്സർലാൻഡിനെ തകർത്ത് സ്പെയിൻ ക്വാർട്ടറിൽ

ഓക്‌ലാന്‍ഡ്‌: ഫിഫ വനിത ലോകകപ്പിൽ സ്വിറ്റ്സർലാൻഡിനെ തകർത്ത് സ്പെയിൻ ക്വാർട്ടറിൽ. ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് സ്പെയ്നിൻ്റെ വിജയം. ആദ്യമായാണ് സ്പെയിൻ വനിത ലോകകപ്പ് ക്വാർട്ടറിലെത്തുന്നത്. ന്യുസിലാൻഡിൽ ഇതാദ്യമായി ലോകകപ്പ് കാണാൻ 43,217 പേർ സ്റ്റേഡിയത്തിലേക്ക് എത്തി. മത്സരത്തിൻ്റെ തുടക്കം മുതൽ സ്വിസ് ​ഗോൾവലയിലേക്ക് സ്പെയിൻ ആക്രമണം നയിച്ചു. അഞ്ചാം മിനിറ്റിൽ തന്നെ ആദ്യ ​ഗോൾ. 10-ാം മിനിറ്റിൽ വീണ്ടും ലക്ഷ്യത്തിലേക്കൊരു ഹെഡർ. പക്ഷേ ആ അവസരം ​ഗോൾ കിക്കിൽ അവസാനിച്ചു. 12-ാം മിനിറ്റിൽ ​സമനില ഗോൾ. ഇത്തവണ സ്വിസർലാൻഡ് അല്ല സ്പെയിൻ തന്നെ സ്വന്തം പോസ്റ്റിലേക്ക് പന്തെത്തിക്കുകയായിരുന്നു.

മത്സരത്തിൽ മുന്നിലെത്താനുള്ള സ്പെയിൻ്റെ തീവ്ര ശ്രമങ്ങളായിരുന്നു പിന്നീട് കണ്ടത്. 17-ാം മിനിറ്റിൽ ആൽബ റെഡോണ്ടോ ലക്ഷ്യം കണ്ടു. 36-ാം മിനിറ്റിൽ മൂന്നാം ​ഗോൾ കൂടിയെത്തിയതോടെ സ്പെയിൻ മത്സരത്തിൽ വ്യക്തമായ മുൻതൂക്കം നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് തന്നെ സ്പെയിൻ നാലാം ​ഗോൾ നേടി. 44-ാം മിനിറ്റിലായിരുന്നു സ്പെയിൻ നാലാം ഗോൾ നേടിയത്. 4-1 ലീഡോഡെ സ്പെയിൻ ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ 57-ാം മിനിറ്റിലാണ് സ്വിറ്റ്സർലാൻഡ് ആദ്യ ഷോട്ട് ഉതിർത്തത്. പക്ഷേ മികച്ച ഒരു ​സേവിലൂടെ സ്പാനിഷ് ​ഗോളി സ്വിസ് മോഹങ്ങൾ തടഞ്ഞു. 70-ാം മിനിറ്റിൽ ജെന്നി ഹെർമോസോയുടെ വകയായിരുന്നു സ്പെയിൻ്റെ അഞ്ചാം ​ഗോൾ. 90 മിനിറ്റ് പൂർത്തിയാകുമ്പോൾ ആകെ 26 ഷോട്ടുകളാണ് മത്സരത്തിലുണ്ടായത്. സ്പാനിഷ് താരങ്ങൾ 24 ഷോട്ടുകൾ ഉതിർത്തപ്പോൾ 11 ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് പായിച്ചത്. സ്വിസർലാൻഡ് ലക്ഷ്യത്തിലേക്ക് ഉതിർത്തത് ഒരൊറ്റ ഷോട്ട് മാത്രം. നെതർലാൻഡ് - ദക്ഷിണാഫ്രിക്ക മത്സര വിജയികളാവും ക്വാർട്ടറിൽ സ്പെയിൻ്റെ എതിരാളികൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com