ഇറ്റാലിയൻ ഇതിഹാസം വിടവാങ്ങുന്നു; 28 വർഷത്തെ കരിയറിന് അവസാനം

അഞ്ച് ലോകകപ്പുകൾ കളിച്ച ബഫൺ 2006 ലോകകപ്പ് നേടിയ ഇറ്റലിയുടെ ​ഗോൾകീപ്പറായിരുന്നു
ഇറ്റാലിയൻ ഇതിഹാസം വിടവാങ്ങുന്നു; 28 വർഷത്തെ കരിയറിന് അവസാനം

റോം: മൂന്ന് പതിറ്റാണ്ടിലേക്ക് നീണ്ട‌ തിളക്കമാർന്ന കരിയർ അവസാനിപ്പിക്കാനൊരുങ്ങി ഇറ്റാലിയൻ ഇതിഹാസം ജിയാൻലൂയിജി ബഫൺ. 45 കാരനായ ബഫൺ വിരമിക്കുന്ന റിപ്പോർട്ട് സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് പുറത്തുവിട്ടത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ താരം വിരമിക്കൽ ഔദ്യോ​ഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഇറ്റാലിയൻ സീരി ബിയിൽ പാർമയ്ക്കുവേണ്ടിയാണ് ബഫൺ കളിക്കുന്നത്. സീസൺ അവസാനിക്കുന്നതോടെ ബഫണിൻ്റെ കരിയറിനും അവസാനമാകും.

1995 ൽ പാർമയ്ക്കുവേണ്ടിയാണ് ജിയാൻ ബഫൺ അരങ്ങേറിയത്. രണ്ട് വർഷത്തിനുള്ളിൽ ഇറ്റലിയുടെ ദേശീയ ടിമിലെത്തി. 2018 വരെ 21 വർഷക്കാലമാണ് ബഫൺ ഇറ്റലിയുടെ ​ഗോൾപോസ്റ്റിന് മുന്നിൽ ഉണ്ടായിരുന്നത്. 1998, 2002, 2006, 2010, 2014 ലോകകപ്പുകളിൽ കളിച്ചു. 2006 ലോകചാമ്പ്യന്മാരായ ഇറ്റാലിയൻ ടീമിൽ അം​ഗമായിരുന്നു. 2006 ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ രണ്ട് ​ഗോളുകൾ മാത്രമാണ് ബഫൺ വഴങ്ങിയത്. അഞ്ച് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് വിജയങ്ങൾ. ദേശീയ ടീമിൽ176 മത്സരങ്ങൾ കളിച്ച ബഫൺ 80 മത്സരങ്ങളിൽ ഇറ്റലിയുടെ നായകനായിരുന്നു.

ഇറ്റാലിയൻ ക്ലബുകളായ പാർമയ്ക്കും ജുവന്റസിനും വേണ്ടിയാണ് ബഫൺ ഏറെ കാലവും കളിച്ചത്. 1995 മുതൽ 2001 വരെ പാർമയ്ക്ക് വേണ്ടി കളിച്ചു. 17-ാം വയസിൽ എസി മിലാനെതിരെ ആയിരുന്നു അരങ്ങേറ്റം. ആദ്യ മത്സരത്തിൽ തന്നെ ക്ലീൻ ഷീറ്റ് നേടി വരവറിയിച്ചു. 2001 ൽ 52 മില്യൺ യൂറോയ്ക്ക് (471 കോടി രൂപ) യുവൻ്റസിലേക്ക് എത്തി. 509 മത്സരങ്ങളിൽ യുവൻ്റസിനായി ബഫൺ വലകാത്തു. 2018-19 സീസണിൽ പിഎസ്ജിക്കു വേണ്ടി കളിച്ചു. എങ്കിലും അടുത്ത സീസണിൽ യുവൻ്റസിൽ മടങ്ങിയെത്തി. 2021 ബഫൺ ആദ്യ ടീമായ പാർമയിലേക്ക് വീണ്ടും എത്തുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com