വനിതാ ലോകകപ്പ്; ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ സമനില പിടിച്ച് അര്‍ജന്റീന

മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകളടിച്ച് പിരിഞ്ഞു
വനിതാ ലോകകപ്പ്; ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ സമനില പിടിച്ച് അര്‍ജന്റീന

ഡുനെഡിന്‍: വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് കഷ്ടിച്ച് സമനില പിടിച്ച് അര്‍ജന്റീന. ന്യൂസിലന്‍ഡിലെ ഫോര്‍സിത്ത് ബാര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകളടിച്ച് പിരിഞ്ഞു. അര്‍ജന്റീനക്ക് വേണ്ടി സോഫിയ ബ്രൗണ്‍, റോമിന നൂന്‍സ് എന്നിവരും ദക്ഷിണാഫ്രിക്കക്ക് വേണ്ടി ലിന്‍ഡ മൊത്‌ലാലോ, തെമ്പി ഗറ്റ്‌ലാന എന്നിവരും ലക്ഷ്യം കണ്ടു.

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും മത്സരത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു. 30-ാം മിനിറ്റില്‍ വിംഗര്‍ ലിന്‍ഡ മോട്ടല്‍ഹാലോയിലൂടെയായിരുന്നു ദക്ഷിണാഫ്രിക്ക ആദ്യ ലീഡെടുത്തത്. 66-ാം മിനിറ്റില്‍ മുന്നേറ്റതാരം തെംബി ഗറ്റ്‌ലാനയിലൂടെ ആഫ്രിക്കന്‍ പട ലീഡുയര്‍ത്തി. പക്ഷേ പിന്നീട് ആല്‍ബിസെലസ്റ്റുകളുടെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് ഡുനെഡിന്‍ സാക്ഷ്യം വഹിച്ചത്. അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ സജീവമാക്കി 74-ാം മിനിറ്റില്‍ സോഫിയ ബ്രൗണ്‍ ആഫ്രിക്കന്‍ വലകുലുക്കി. തൊട്ടുപിന്നാലെ 79-ാം മിനിറ്റില്‍ റോമിന ന്യൂനസ് നേടിയ തകര്‍പ്പന്‍ ഹെഡറിലൂടെ അര്‍ജന്റീന സമനില കണ്ടെത്തി.

ടൂര്‍ണമെന്റിലെ ആദ്യ മത്സരം തോറ്റുതുടങ്ങിയ അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം ഈ സമനില ആശ്വാസമാണ്. സമനിലയോടെ അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും റൗണ്ട് 16 പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തി. ഓരോ പോയിന്റുമായി ഇരുടീമുകളും ഗ്രൂപ്പ് ജിയില്‍ അവസാന സ്ഥാനത്താണ്. ഗ്രൂപ്പില്‍ മൂന്ന് പോയിന്റുകളുമായി സ്വീഡന്‍ ഒന്നാം സ്ഥാനത്തും ഇറ്റലി രണ്ടാം സ്ഥാനത്തുമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com