വീണ്ടും ട്വിസ്റ്റ്; അല്‍ ഹിലാലിന് എംബാപ്പെയുടെ റെഡ് കാര്‍ഡ്

സൗദി ക്ലബ്ബുമായി ചര്‍ച്ച നടത്താന്‍ കിലിയന്‍ എംബാപ്പെ ആഗ്രഹിക്കുന്നില്ലെന്ന് പ്രശസ്ത സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ ട്വീറ്റ് ചെയ്തു
വീണ്ടും ട്വിസ്റ്റ്; അല്‍ ഹിലാലിന് എംബാപ്പെയുടെ റെഡ് കാര്‍ഡ്

പാരിസ്: സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ചുള്ള ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. നിലവില്‍ പിഎസ്ജി താരമായ എംബാപ്പെക്ക് വേണ്ടി ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയുമായി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ സജീവമായി രംഗത്തുണ്ടായിരുന്നു. 300 മില്ല്യണ്‍ യൂറോയുടെ അല്‍ ഹിലാല്‍ ഓഫര്‍ പിഎസ്ജി സ്വീകരിക്കുകയും താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ അല്‍ ഹിലാലിന്റെ ഓഫര്‍ എംബാപ്പെ വിസമ്മതിച്ചെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

എംബാപ്പെയുമായുള്ള ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി അല്‍ ഹിലാലിന്റെ പ്രതിനിധി സംഘം പാരിസിലെത്തിയിരുന്നു. എന്നാല്‍ സൗദി ക്ലബ്ബുമായി ചര്‍ച്ച നടത്താന്‍ കിലിയന്‍ എംബാപ്പെ ആഗ്രഹിക്കുന്നില്ലെന്ന് പ്രശസ്ത സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ ട്വീറ്റ് ചെയ്തു. മാത്രവുമല്ല എംബാപ്പെയുടെ സ്വപ്‌നക്ലബ്ബായ റയല്‍ മാഡ്രിഡുമായി അദ്ദേഹം രഹസ്യമായി കരാറിലേര്‍പ്പെട്ടെന്ന് പിഎസ്ജി വൃത്തങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡ് അല്ലാതെ മറ്റൊരു ക്ലബ്ബിലേക്ക് പോകാന്‍ എംബാപ്പെ ആഗ്രഹിക്കുന്നില്ലെന്നും റൊമാനോ കൂട്ടിച്ചേര്‍ത്തു.

2024 വരെ പിഎസ്ജിയുമായി എംബാപ്പെയ്ക്ക് കരാര്‍ ഉണ്ട്. കരാര്‍ പുതുക്കണമെന്ന് ക്ലബ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എംബാപ്പെ തയ്യാറായിട്ടില്ല. തുടര്‍ന്ന് പിഎസ്ജിയുടെ പ്രീസീസണ്‍ മത്സരങ്ങളില്‍ നിന്ന് എംബാപ്പയെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 10 വര്‍ഷത്തേയ്ക്ക് 100 കോടി യൂറോയായിരുന്നു (9117 കോടി രൂപ) എംബാപ്പെയ്ക്ക് പിഎസ്ജി വാഗ്ദാനം ചെയ്തത്. ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ പക്ഷേ പിഎസ്ജിയുടെ ഓഫര്‍ നിരസിച്ചു.

പിഎസ്ജിയ്ക്കുവേണ്ടി 260 മത്സരങ്ങള്‍ കളിച്ച എംബാപ്പെ 212 ഗോളുകള്‍ നേടിയിട്ടുണ്ട്. 2017 ലാണ് എംബാപ്പെ പിഎസ്ജിയില്‍ എത്തിയത്. പിഎസ്ജിയില്‍ എത്തുന്നതിന് മുമ്പ് എംബാപ്പെ എഎസ് മൊണാക്കോയിലും കളിച്ചിരുന്നു. 2017 ല്‍ 17 വര്‍ഷത്തിന് ശേഷം മൊണോക്കോ ഫ്രഞ്ച് ലീഗ് ജേതാക്കളായതും എംബാപ്പെയുടെ മികവിലാണ്. മൊണോക്കോയില്‍ 60 മത്സരങ്ങള്‍ കളിച്ച എംബാപ്പെ 27 ഗോളുകളും നേടിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com