'776 മില്ല്യണ്‍ ഡോളര്‍ തന്നാല്‍ വിരമിച്ച ഞാന്‍ വേണമെങ്കില്‍ തിരിച്ചുവരാം'; അല്‍ ഹിലാലിനോട് ബോള്‍ട്ട്

കിലിയന്‍ എംബാപ്പെക്ക് വേണ്ടിയുള്ള സൗദി ക്ലബ്ബ് അല്‍ ഹിലാലിന്റെ വമ്പന്‍ ഓഫര്‍ പിഎസ്ജി അംഗീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു
'776 മില്ല്യണ്‍ ഡോളര്‍ തന്നാല്‍ വിരമിച്ച ഞാന്‍ വേണമെങ്കില്‍ തിരിച്ചുവരാം'; അല്‍ ഹിലാലിനോട് ബോള്‍ട്ട്

കിങ്‌സ്റ്റണ്‍: സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ട്രാന്‍സ്ഫര്‍ വാര്‍ത്തകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയം. പിഎസ്ജി താരത്തിന് വേണ്ടി വമ്പന്‍ ഓഫറുമായി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ സജീവമായി രംഗത്തുണ്ട്. എന്നാല്‍ എംബാപ്പെക്ക് വേണ്ടി അല്‍ ഹിലാല്‍ മുന്നോട്ട് വെച്ച ഓഫറിനോട് ചിരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഒരു വര്‍ഷത്തേക്ക് 776 മില്ല്യണ്‍ ഡോളര്‍ ശമ്പളം തനിക്ക് തന്നാല്‍ വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചെത്താന്‍ തയ്യാറാണെന്നാണ് ബോള്‍ട്ട് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ബോള്‍ട്ട് തമാശ കലര്‍ന്ന പ്രതികരണം അറിയിച്ചത്.

കിലിയന്‍ എംബാപ്പെയ്ക്ക് വേണ്ടിയുള്ള അല്‍ ഹിലാലിന്റെ ഓഫറില്‍ പ്രതികരണമറിയിച്ച് നിരവധി അത്‌ലറ്റുകള്‍ രംഗത്തെത്തിയിരുന്നു. ബാസ്‌ക്കറ്റ് ബോള്‍ താരങ്ങളായ ലെബ്രോണ്‍ ജെയിംസ്, ജിയാനിസ് അന്റെതൊകൗണ്‍പോ, ഡാമിയന്‍ ലില്ലാര്‍ഡ്, ആന്ദ്രേ ഡ്രുമ്മോണ്ട് എന്നിവരും തമാശ കലര്‍ന്ന പ്രതികരണം അറിയിച്ചിരുന്നു. അല്‍ ഹിലാല്‍, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ ടീമിലെടുക്കാം. എന്നെ കാണാന്‍ കിലിയന്‍ എംബാപ്പെയെ പോലെയുണ്ട്', എന്നായിരുന്നു ജിയാനിസ് അന്റെതൊകൗണ്‍പോയുടെ ട്വീറ്റ്. ചിരിക്കുന്ന ഇമോജികളോടെ എംബാപ്പെ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെക്ക് വേണ്ടിയുള്ള സൗദി ക്ലബ്ബ് അല്‍ ഹിലാലിന്റെ വമ്പന്‍ ഓഫര്‍ പിഎസ്ജി അംഗീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ഒരു വര്‍ഷത്തിന് ശേഷം എംബാപ്പെയ്ക്ക് സ്വപ്ന ക്ലബായ റയലിലേക്ക് പോകാമെന്നും അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ എംബാപ്പെ സൗദിയിലേക്ക് കൂടുമാറുമോയെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com