'ഛേത്രിയും പിള്ളേരും വരുന്നു'; ഫുട്‌ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിനയക്കാന്‍ ഇന്ത്യ

കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ എഐഎഫ്എഫ് ഏഷ്യന്‍ ഗെയിംസിനയക്കും
'ഛേത്രിയും പിള്ളേരും വരുന്നു'; ഫുട്‌ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിനയക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പന്തുതട്ടാനെത്തുമെന്ന് റിപ്പോര്‍ട്ട്. ആരാധകരുടെ പ്രതിഷേധത്തിനൊടുവിലാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫുട്‌ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിലേക്ക് അയക്കാനൊരുങ്ങുന്നത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള ടീമിനെ എഐഎഫ്എഫ് ഏഷ്യന്‍ ഗെയിംസിനയക്കും. മന്ത്രാലയവുമായി എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അനുകൂല റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയത്.

അടുത്തകാലത്തായി വളരെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കാഴ്ച വെക്കുന്നത്. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പും സാഫ് കപ്പും നേടിയ ടീം ഈയിടെ പുറത്തുവന്ന ഫിഫ റാങ്കിംഗില്‍ നൂറില്‍ താഴെ റാങ്കിംഗിലെത്തിയിരുന്നു. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ അയക്കാതിരുന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ തീരുമാനം വലിയ രീതിയില്‍ ആരാധകപ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാം തവണയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാതിരുന്നത്. ഏഷ്യന്‍ ഫുട്‌ബോളില്‍ ആദ്യ എട്ട് റാങ്കിനുള്ളില്‍ നിന്നാല്‍ മാത്രമെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കൂ. ഈ മാനദണ്ഡത്തെ തുടര്‍ന്ന് 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന് അവസരം നഷ്ടമായിരുന്നു.

ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റീമാക് കത്തയച്ചിരുന്നു. തങ്ങള്‍ പോരാടുന്നത് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താനെന്ന് ഇഗോര്‍ സ്റ്റീമാക് കത്തില്‍ പറഞ്ഞു. ലോകത്തിലെ പ്രധാന കായിക ഇനമായ ഫുട്‌ബോള്‍ കളിക്കാനുള്ള ഇന്ത്യയുടെ അവസരം നശിപ്പിക്കരുത്. 2017 ല്‍ ഇന്ത്യ അണ്ടര്‍ 17 ലോകകപ്പിന് വേദിയായി. പുതിയ തലമുറയിലെ താരങ്ങളെ കണ്ടെത്തുന്നതിന് ഏറെ കഷ്ടപ്പെട്ടു. ഫിഫ ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീം അങ്ങയുടെ സ്വപ്നമാണ്. അതിലേക്കുള്ള യാത്രയുടെ ഭാഗമാണ് ഏഷ്യന്‍ ഗെയിംസെന്നും സ്റ്റിമാക് കത്തില്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com