ഖത്തര്‍ പുറത്ത്; കോണ്‍കകാഫ് ഗോള്‍ഡ്കപ്പില്‍ നാല് ഗോളിന്റെ പരാജയം

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പനാമയാണ് ഖത്തറിനെ പരാജയപ്പെടുത്തിയത്
ഖത്തര്‍ പുറത്ത്; കോണ്‍കകാഫ് ഗോള്‍ഡ്കപ്പില്‍ നാല് ഗോളിന്റെ പരാജയം

ദോഹ: കോണ്‍കകാഫ് ഗോള്‍ഡ്കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന് ഖത്തര്‍ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പനാമയാണ് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ഖത്തറിനെ പരാജയപ്പെടുത്തിയത്. ഇസ്മായില്‍ ഡയസിന്റെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ മികവിലാണ് പനാമ സെമിഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്.

മത്സരത്തിന്റെ 19-ാം മിനിറ്റില്‍ എഡ്ഗാര്‍ യോവല്‍ ബാര്‍നസാണ് ആദ്യമായി ഖത്തര്‍ വല കുലുക്കിയത്. പിന്നീട് രണ്ടാം പകുതിയില്‍ 56, 63, 65 മിനിറ്റുകളിലായിരുന്നു ഡയസിന്റെ ഹാട്രിക് പിറക്കുന്നത്. 56-ാം മിനിറ്റില്‍ അഡാല്‍ബെര്‍ട്ടോ കരാസ്‌ക്വില്ലയുടെ ത്രൂ ബോള്‍ പോസ്റ്റിലേക്ക് അടിച്ചാണ് ഡയസ് ഗോളടി ആരംഭിച്ചത്. 63-ാം മിനിറ്റില്‍ കരാസ്‌ക്വില്ലയുടെ അസിസ്റ്റിലൂടെ തന്നെ ഡയസ് ലീഡ് ഉയര്‍ത്തി. 65-ാം മിനിറ്റില്‍ ജോസ് ഫജാര്‍ഡോയുടെയൊപ്പം നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഖത്തര്‍ പ്രതിരോധം ഭേദിച്ച് ഡയസ് ഹാട്രിക് പൂര്‍ത്തിയാക്കി.

ഗ്രൂപ്പ് റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയമറിയാതെയായിരുന്നു ഖത്തറിന്റെ വരവ്. ആദ്യ മത്സരത്തില്‍ ഹെയ്തിയോട് 2-1ന് തോറ്റ ഖത്തര്‍, രണ്ടാം അങ്കത്തില്‍ ഹോണ്ടുറസിനോട് 1-1ന് സമനില പാലിച്ചിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ കരുത്തരായ മെക്‌സിക്കോയെ മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചാണ് ഖത്തര്‍ ക്വാര്‍ട്ടറിലെത്തിയത്. അമേരിക്കയും കാനഡയും തമ്മില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയിയെയാണ് പനാമ സെമിയില്‍ നേരിടുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com