'പറഞ്ഞതില്‍ ഖേദമില്ല, ആവശ്യമെങ്കില്‍ വീണ്ടും പറയും'; നിലപാട് വ്യക്തമാക്കി ആഷിഖ് കുരുണിയന്‍

മെസ്സി ഇന്ത്യയില്‍ ഫുട്‌ബോള്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനെക്കാള്‍ തന്റെ സംസ്ഥാനത്തെ കുട്ടികള്‍ ദേശീയ ടീമിനായി കളിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് ആഷിഖ് പറഞ്ഞു
'പറഞ്ഞതില്‍ ഖേദമില്ല, ആവശ്യമെങ്കില്‍ വീണ്ടും പറയും'; നിലപാട് വ്യക്തമാക്കി ആഷിഖ് കുരുണിയന്‍

മലപ്പുറം: കേരളത്തിലേക്ക് അര്‍ജന്റീന കളിക്കാന്‍ വരുന്ന വിഷയത്തില്‍ നടത്തിയ പ്രതികരണം വിവാദമായതോടെ നിലപാട് വ്യക്തമാക്കി മലയാളി താരം ആഷിഖ് കുരുണിയന്‍. അര്‍ജന്റീനയെ പോലുള്ള വന്‍കിട രാജ്യങ്ങളെ കോടികള്‍ മുടക്കി കേരളത്തിലേക്ക് എത്തിക്കുന്നതിന് പകരം ഫുട്‌ബോളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നായിരുന്നു താരത്തിന്റെ വിവാദ പ്രതികരണം. താന്‍ പറഞ്ഞതില്‍ ഒരു ഖേദവുമില്ലെന്നും ആവശ്യമെങ്കില്‍ വീണ്ടും പറയുമെന്നും താരം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആഷിഖ് നിലപാട് അറിയിച്ചത്.

'രണ്ട് ദിവസം മുന്‍പ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതിനാല്‍ അവ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പറഞ്ഞത് ഹൃദയത്തില്‍ നിന്നുള്ളതാണ്. അതില്‍ ഞാന്‍ ഖേദിക്കുന്നില്ല. വേണമെങ്കില്‍ വീണ്ടും പറയും', ആഷിഖ് പറയുന്നു. തന്റെ ചെറുപ്പകാലത്ത് അത്ര കഴിവുള്ള ഫുട്‌ബോള്‍ കളിക്കാരന്‍ ആയിരുന്നില്ലെന്ന് പറയാന്‍ ഒരു മടിയുമില്ല. തന്റെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നതുകൊണ്ടാണ് ഈ നിലയില്‍ എത്താനായത്. തന്നെക്കാള്‍ മികച്ച താരങ്ങള്‍ ഉണ്ടായിരുന്നു. സൗകര്യങ്ങളോ പരിശീലനമോ അവസരങ്ങളോ ലഭിക്കാത്തതുകൊണ്ട് അവര്‍ക്ക് പാതിവഴിയില്‍ സ്‌പോര്‍ട്‌സ് ഉപേക്ഷിക്കേണ്ടിവന്നു. നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

മലപ്പുറത്തെ ഗ്രൗണ്ടുകളുടെ എണ്ണം പറഞ്ഞും പലരും പ്രതികരിച്ചിരുന്നു. ഈ ഗ്രൗണ്ടുകളില്‍ മിക്കതിലും പോയിട്ടുള്ളതിനാല്‍ മലപ്പുറത്ത് നിരവധി ഗ്രൗണ്ടുകളുണ്ടെന്ന് തനിക്ക് അറിയാം. പക്ഷേ, ഇതില്‍ എത്രയെണ്ണം വര്‍ഷം മുഴുവന്‍ പരിശീലനത്തിന് യോഗ്യമാണെന്ന് ആഷിഖ് ചോദിച്ചു. ഗ്രൗണ്ടുകള്‍ ഒരു ടൂര്‍ണമെന്റിന് സജ്ജമാക്കിയാലും അതിന് ശേഷം പരിപാലനം ഇല്ലാതെ പശുക്കള്‍ വരെ മേയുമെന്നുള്ളതാണ് സത്യം.

ഇപ്പോള്‍ അധികാരത്തിലുള്ളതോ മുമ്പ് അധികാരത്തിലുണ്ടായിരുന്നതോ ആയ സര്‍ക്കാരുകള്‍ക്കെതിരെ തനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും ആഷിഖ് വ്യക്തമാക്കി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ദീര്‍ഘകാല ഭാവിക്ക് ഗുണം ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ധാരാളം പണം ചെലവഴിക്കേണ്ടതില്ല എന്നാണ് അഭിപ്രായം. മെസ്സി ഇന്ത്യയില്‍ ഫുട്‌ബോള്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, അതിനെക്കാള്‍ തന്റെ സംസ്ഥാനത്തെ കുട്ടികള്‍ ദേശീയ ടീമിനായി കളിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ആഷിഖ് പറഞ്ഞു.

കോടികള്‍ മുടക്കി അര്‍ജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവന്ന് കളിപ്പിക്കുന്നതിന് പകരം കായികരംഗത്തിന്റെ അടിസ്ഥാന വികസനത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നുമായിരുന്നു ആഷിഖിന്റെ അഭിപ്രായം. നിലവാരമുള്ള ഒരു പരിശീലന ഗ്രൗണ്ട് പോലും ഇവിടെയില്ലെന്നും ഫുട്ബോളിനെ വളര്‍ത്തുകയാണ് ലക്ഷ്യമെങ്കില്‍ അതിന് ആവശ്യമായ സൗകര്യങ്ങളാണ് ആദ്യം ചെയ്യേണ്ടതെന്ന് ആഷിഖ് പറഞ്ഞു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com